ജിദ്ദ: ജിദ്ദ കെഎംസിസി കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റിയുടെ 'സ്‌നേഹ സാന്ത്വനം' പെൻഷൻ പദ്ധതിയുടെ അഞ്ചാം വർഷ ഉത്ഘാടനം പ്രസിഡന്റ് കെ.എം മൂസ ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

നിർധന രോഗികളെ സഹായിക്കുന്ന പെൻഷൻ പദ്ധതി മാതൃക പരമായ ജീവകാരുണ്യ പ്രവർത്തനമാണെന്ന് സയ്യിദ് ഹൈദരലി തങ്ങൾ പറഞ്ഞു. ഇതിനു നേതൃത്വം നൽകുന്ന ജിദ്ദ - കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.

പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി, കോട്ടക്കൽ നഗര സഭ ചെയർമാൻ കെ. കെ നാസർ, കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ, ജിദ്ദ - മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് ഗഫൂർ പട്ടിക്കാട്, ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ ലത്തീഫ് ചാപ്പനങ്ങാടി, കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് യു.എ നസീർ, കോട്ടക്കൽ മുനിസിപ്പൽ പ്രവാസി ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മേലേതിൽ, ട്രെഷറർ അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ), ഷൗക്കത്ത് പൂക്കയിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

കോട്ടക്കൽ മുനിസിപ്പൽ പരിധിയിൽപ്പെട്ട നിർധനരായ രോഗികളെ സഹായിക്കുന്നതിന് വേണ്ടി ജിദ്ദ - കോട്ടക്കൽ മുനിസിപ്പൽ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാല് വർഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മഹത്തായ ജീവ കാരുണ്യ പദ്ധതിയാണ് 'സ്‌നേഹ സാന്ത്വനം പെൻഷൻ പദ്ധതി'.

കഴിഞ്ഞ നാല് വർഷമായി പ്രസ്തുത പെൻഷൻ വിതരണം കുറ്റമറ്റ രീതിയിൽ ഉത്തരവാദിത്വത്തോടെ നിർവഹിച്ചു വരുന്ന കല്ലൻ ഇബ്രാഹിം കുട്ടിയെ ചടങ്ങിൽ വെച്ച് ആദരിച്ചു.