മനാമ: സംസ്ഥാന മുസ്ലിം ലീഗ് ഉപാധ്യക്ഷനും മലയോര മേഖലയിൻ മുസ്ലിം ലീഗ് കെട്ടിപെടുക്കുന്നതിൽ മുൻനിരക്കാരനുമായ സി മൊയീൻ കുട്ടി സാഹിബിന്റെ നിര്യാണത്തിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

2018ൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ അദ്ദേഹം ബഹ്റൈനിൽ എത്തിയത് കെഎംസിസി പ്രവർത്തകർക്ക് എന്നും ദീപ്തമായ ഓർമ്മകളാണ്.

കരുത്തനായ നേതാവ്, ആരുടെ മുമ്പിലും കൂസാതെ അവകാശങ്ങൾ ചോദിച്ചു വാങ്ങാനുള്ള തന്റേടം, പ്രഗത്ഭനായ പ്രഭാഷകൻ, നേതൃ പാഠവം കൊണ്ട് ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള സിദ്ധി ഇതൊക്കെ കൈമുതലായുള്ള നേതാവിന്റെ വിയോഗം അക്ഷരാർത്ഥത്തിൽ വലിയൊരു നഷ്ടം തന്നെയാണെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി, വൈസ് പ്രസിഡന്റ് ഹസ്സൻ കോയ പൂനത്ത്, സൂപ്പി ജീലാനി, സുബൈർ കാന്തപുരം, കാസിം കോട്ടപ്പള്ളി, സാദത്ത് കോട്ടപ്പള്ളി, നൗഷാദ് ഉണ്ണികുളം, എന്നിവർ പരേതന്റെ വസതി സന്നര്ഷിക്കുകയും മയ്യത്ത് നമസ്‌കാരത്തിൽ പങ്കു കൊള്ളുകയും ചെയ്തു.

ഏറ്റവും താഴെത്തട്ടിലുള്ള സാധാരണ പ്രവർത്തകൻ മുതൽ സമുന്നത നേതാക്കൾ വരെയുള്ളവരുമായി ഒരുപോലെ ഇടപഴകുന്ന അസാമാന്യ നേതൃത്വ പാഠവമുള്ള നേതാവാണ് മൊയീൻ കുട്ടിയെന്നു നേതാക്കൾ അനുസ്മരിച്ചു.

അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പാർട്ടിയുടെയും ദുഃഖത്തിൽ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയും പങ്കു കൊള്ളുന്നതായി ഭാരവാഹികൾ അറിയിച്ചു.