മനാമ: ബഹ്റൈനിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരണപ്പെട്ട സാമൂഹിക പ്രവർത്തകനും സബർമതി കൾച്ചറൽ ഫോറം പ്രസിഡന്റുമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് കെ.എം.സി.സി ബഹ്റൈനിന്റെ സമാശ്വാസം. കെ.എം.സി.സി പ്രഖ്യാപിച്ച ആശ്വാസ സഹായധനം ഒരു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി. തുക ബാങ്ക് മുഖേന കൈമാറിയതിന്റെ രേഖ കെ.എം.സി.സി ബഹ്റൈൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സബർമതി കൾച്ചറൽ ഫോറം ഭാരവാഹികളായ അജി പി. ജോയ്, സഖറിയ എന്നിവരെ ഏൽപ്പിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ബഹ്റൈനിലെ കാരുണ്യ രംഗത്ത് സജീവമായിരുന്ന സാം സാമുവൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

സ്വന്തം ജീവൻ പോലും വകവയ്ക്കാതെ സമൂഹത്തിന് വേണ്ടി പ്രവർത്തിച്ച സാം സാമുവൽ പോലെയുള്ളവരുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ടത് മനുഷ്യസമൂഹത്തിന്റെ തന്നെ കടമയാണെന്ന് കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി പറഞ്ഞു. കോവിഡ് കാലത്ത് പലരും സ്വാർത്ഥ താൽപര്യങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ സാം സാമുവൽ ലോകത്തോളം വളരുകയായിരുന്നു. തന്റെ പരിമിതികൾ വകവയ്ക്കാതെ ഏവർക്കും സഹായങ്ങളുമായി നിലകൊണ്ട അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാവിധ സഹായങ്ങളുമായി എല്ലാ കാലത്തും കൂടെയുണ്ടാകുമെന്നും കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ചടങ്ങിൽ കെ.എം.സി.സി നേതാക്കന്മാരായ കുട്ടൂസ മുണ്ടേരി, ശാഫി പാറക്കട്ട, ഒ.കെ ഖാസിം എന്നവർ സംബന്ധിച്ചു.