മനാമ: ബഹ്റൈൻ മുൻ പ്രധാനമന്ത്രിയും പ്രവർത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തുന്ന അനുസ്മരണം ഇന്ന് നടക്കും. സൂമിലൂടെ വൈകുന്നേരം 5.15ന് (ഇന്ത്യൻ സമയം 7.45) ന് നടക്കുന്ന ഓൺലൈൻ സംഗമം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും.

പി.കെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിക്കും. അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ എം.ഡി അലി കെ. ഹസ്സൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം , സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ, സോമൻ ബേബി, അരുൾ ദാസ്, പ്രിൻസ് എസ്. നടരാജൻ, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാൻ, ബിനു കുന്നന്താനം തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ച് സംസാരിക്കും.

ദീർഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന രാജ്യത്തെ സേവിച്ച ശൈഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ കണ്ട് രാജ്യത്തിന് വേണ്ടി പ്രയത്നിച്ച അദ്ദേഹത്തിന്റെ വിയോഗം പ്രവാസികൾക്കും ഏറെ ദുഃഖമേകുന്നതായിരുന്നു. ബഹ്റൈൻ സ്വതന്ത്രമാവുന്നതിന് മുൻപേ പ്രധാനമന്ത്രി പദവിയിലെത്തിയ അദ്ദേഹം രാജ്യത്തിന്റെ വികസനകാര്യങ്ങളിൽ ഏറെ ശ്രദ്ധപുലർത്തിയിരുന്നു. പ്രവാസികളുടെ സംരക്ഷണത്തിന് നിയമനിർമ്മാണം പോലും നടത്തി അവരെ അതിഥികളായി കണ്ട ജനനായകനെ അനുസ്മരിക്കുന്ന ഓൺലൈൻ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കെ.എം.സി.സി സംസ്ഥാന നേതാക്കൾ പറഞ്ഞു.