മനാമ: അന്തരിച്ച മുൻ എംഎ‍ൽഎയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന സി. മോയിൻകുട്ടി എല്ലാകാലത്തും ജനങ്ങൾക്കുവേണ്ടി നലകൊണ്ട ജനകീയ നേതാവായിരുന്നെന്ന് പി.കെ.കെ ബാവ. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സി. മോയിൻകുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രസ്ഥാനത്തെ കുടുംബമായി കണ്ടിരുന്ന അദ്ദേഹം ആത്മാർത്ഥതയോടെയും നിഷ്‌കളങ്കതയോടെയുമാണ് പ്രവർത്തിച്ചിരുന്നത്. എന്ത് പ്രശ്നമായാലും കൃത്യമായി മനസ്സിലാക്കി പരിഹാരം പ്രായോഗികമായി നടപ്പാക്കിയിരുന്ന അദ്ദേഹം പരിചയപ്പെട്ടവരെ എല്ലാകാലത്തും ഓർക്കുകയും അവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധയും കാണിച്ചിരുന്നു. മികച്ച വാഗ്മിയായിരുന്ന അദ്ദേഹം ജനങ്ങൾക്ക് മുൻപിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള നേതാവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈബർ വിങ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ഓൺലൈൻ സംഗമത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം അനുസ്മരണ പ്രഭാഷണം നടത്തി. അണികൾക്ക് വേണ്ടി ജീവിച്ച ഏവർക്കും പ്രിയങ്കരനായ നേതാവായിരുന്ന സി. മോയിൻകുട്ടിയെന്ന് അദ്ദേഹം പറഞ്ഞു.

സാധാരണക്കാരിൽ സാധാരണക്കാരനായ അദ്ദേഹം മുഖം മൂടിയില്ലാതെ പ്രവർത്തച്ച പച്ചയായ മനുഷ്യനായിരുന്നു. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതിന് ഏറെ ശ്രദ്ധകാണിച്ച നേതാവായിരുന്നു അദ്ദേഹം. ആളുകളെ ചേർത്തുവയ്ക്കാൻ സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ പകരം വയ്ക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

സംഗമത്തിൽ കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സംസ്ഥാന ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം, എസ്.വി ജലീൽ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാജഹാൻ പരപ്പൻപൊയിൽ എന്നിവർ സംസാരിച്ചു. ഈർഷാദ് കണ്ണൂർ ഖിറാഅത്ത് പാരായണവും കെ.പി മുസ്തഫ സ്വാഗതവും എം.എ റഹ്മാൻ നന്ദിയും പറഞ്ഞു. പി.കെ ഇസ്ഹാഖ് പരിപാടി നിയന്ത്രിച്ചു.