ജിദ്ദ: നാട്ടിൽ നിന്നും സൗദിയിലേക്ക് പുറപ്പെടുകയും വിമാന നിരോധനത്തെ തുടർന്ന് ദുബായിയിൽ കുടുങ്ങുകയും ചെയ്ത സൗദി പ്രവാസികൾക്ക് യു.എ.ഇ കെഎംസിസി ഏർപ്പെടുത്തിയ ഷെൽട്ടർ ക്യാമ്പ് വലിയ അനുഗ്രഹമാവുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൗദിയുടെ വിവിധ നഗരങ്ങളിലേക്ക് പുറപ്പെട്ട നൂറുക്കണക്കിന് പേരാണ് ഇപ്പോൾ കെഎംസിസി ഏർപ്പെടുത്തിയ ക്യാമ്പിൽ സുഖമായി കഴിയുന്നത്.

ബ്രിട്ടൻ ഉൾപ്പെടെ ചില യൂറോപ്യൻ രാജ്യങ്ങളിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടതിനെത്തുടർന്നാണ് സൗദി അറേബ്യ കര - കടൽ - വ്യോമ അതിർത്തികൾ അടച്ചത്. ഇതേതുടർന്നാണ് നാട്ടിൽ നിന്നും ദുബായ് വഴി സൗദിയിലേക്ക് പുറപ്പെട്ടവർ ദുബായിയിൽ കുടുങ്ങിയത്.

ഇന്ത്യയിലെ ഉയർന്ന കോവിഡ് നിരക്ക് കാരണം നാട്ടിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയില്ല. അതെ സമയം രണ്ടാഴ്ച ഇന്ത്യക്കു പുറത്ത് താമസിച്ചു കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ഉള്ളവർക്ക് സൗദിയിലേക്ക് വരാൻ കഴിയുമായിരുന്നു. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി വിവിധ ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ പാക്കേജിലാണ് ആളുകൾ ദുബായിയിൽ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായിട്ടാണ് സൗദി അറേബ്യ പുതിയ യാത്ര നിരോധനം പ്രഖ്യാപിച്ചത്.

ട്രാവൽ ഏജൻസികളുടെ രണ്ടാഴ്ചത്തെ പാക്കേജ് കഴിഞ്ഞവർ സ്വന്തം ചെലവിൽ ദുബായിയിൽ കഴിയേണ്ട അവസ്ഥയായിരുന്നു. എന്നാൽ ദുബായിയിലെ താമസം ഒട്ടു മിക്ക ആളുകൾക്കും താങ്ങാൻ കഴിയുന്നതല്ല. പലരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ് ജീവ കാരുണ്യ- സേവന രംഗത്ത് ലോക പ്രശസ്തി നേടിയ കെഎംസിസി പ്രവർത്തകർ ഇവരെ സഹായിക്കാൻ മുന്നോട്ടു വന്നത്.

യു.എ. ഇ കെഎംസിസി ഏർപ്പെടുത്തിയ ക്യാമ്പിൽ മൂന്നു നേരം ഭക്ഷണം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടെന്നും കെഎംസിസി നേതാക്കൾ ഇടയ്ക്കിടെ സന്ദർശിച്ചു വിവരങ്ങൾ അന്വേഷിച്ചു എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്നതിനാൽ ഒരു ബുദ്ധിമുട്ടും ക്യാമ്പിൽ ഇല്ലെന്നും സൗദിയിലേക്ക് പുറപ്പെട്ടു ദുബായിയിൽ കുടുങ്ങി കെഎംസിസി ക്യാമ്പിൽ കഴിയുന്ന ജിദ്ദ - കോട്ടക്കൽ മണ്ഡലം കെഎംസിസി ചെയർമാൻ വി.എ ലത്തീഫ് ചാപ്പനങ്ങാടി പറഞ്ഞു. ദുബായിയിൽ കുടുങ്ങിയ പ്രവാസികൾക്ക് വേണ്ടി ഇങ്ങനെ ഒരു സൗകര്യം ഏർപ്പെടുത്തിയ യു എ ഇ കെഎംസിസി നേതാക്കളും പ്രവർത്തകരും അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു എ ഇ കെഎംസിസി പ്രവർത്തകരോട് തങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദുബായിയിൽ കുടുങ്ങിയവരുടെ സന്ദർശന വിസ സൗജന്യമായി ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകുമെന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രഖ്യാപനം ദുബായിയിൽ കുടുങ്ങിയ സൗദി പ്രവാസികൾ വലിയ സന്തോഷത്തോടെയാണ് എതിരേറ്റത്. ഇതിനിടെ യു എ ഇ യിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയെന്ന റിപ്പോർട്ട് സൗദിയിലേക്കുള്ള പ്രവാസികളുടെ യാത്ര ഇനിയും നീളുമോ എന്ന ആശങ്ക ഉളവാക്കിയിട്ടുണ്ട്.