- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി സംഘടനകളുടെ സുരക്ഷാ പദ്ധ്വതികളിൽ പൊളിച്ചെഴുത്ത്: ഫൈനൽ എക്സിറ്റിൽ പോകുന്നവർക്ക് 25,000 രൂപയുടെ ആനുകൂല്യവുമായി ജിദ്ദാ - മലപ്പുറം ജില്ലാ കെ എം സി സിയുടെ കുടുംബ സുരക്ഷാ പദ്ധതി; നിരവധി ചികിത്സാ ആനുകൂല്യങ്ങളും
ജിദ്ദ : കുടുംബ സുരക്ഷാ പദ്ധതിയിൽ നിശ്ചിത വർഷം തുടർച്ചയായി അംഗത്വം തുടരുന്നവർക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യം ഏർപ്പെടുത്തിയതായി ജിദ്ദാ-മലപ്പുറം ജില്ലാ കെ.എം.സി.സി. ഭാരവാഹികൾ ജിദ്ദ കെ.എം.സി.സി ആസ്ഥാനത്ത് നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി. സുരക്ഷാ സ്കീമിൽ മൂന്നു വർഷം പൂർത്തിയാക്കി നാലാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 10,000 രൂപയും, അഞ്ചു വർഷം പൂർത്തിയാക്കി ആറാമത് വർഷം അംഗത്വം തുടരുന്ന അംഗങ്ങൾക്ക് ഫൈനൽ എക്സിറ്റ് ആനുകൂല്യമായി 25,000 രൂപയും നൽകുന്നതാണ് സുരക്ഷ പദ്ധതിയിൽ എടുത്തു പറയേണ്ട പുതിയ ആനുകൂല്യങ്ങൾ എന്ന് ഭാരവാഹികൾ വിശദീകരിച്ചു.
ജീവിത പ്രയാസങ്ങൾ മാറ്റുന്നതിന് വേണ്ടി നാടും വീടും വിട്ട് കടൽ കടന്നവരാണ് ഓരോ പ്രവാസിയും. ജീവിത പ്രാരാബ്ധ നിർവ്വഹണത്തിനിടയിൽ മണലാരുണ്യത്തിൽ പിടഞ്ഞ് വീഴുന്ന സഹജീവിയുടെ ആശയറ്റ ആശ്രിതർക്ക് താങ്ങും തണലുമാവേണ്ടതിന്റെ ബോധ്യത്തിൽ നിന്ന് 2000 നവംബർ മാസത്തിൽ അന്നത്തെ ജിദ്ദ-മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റിയാണ് പ്രവാസ ലോകത്ത് തന്നെ ആദ്യമായി കുടുംബ സുരക്ഷാ പദ്ധതിക്ക് തുടക്കം കുറിച്ചത്. പിന്നീട് ലോകത്തെല്ലായിടത്തുമുള്ള കെ.എം.സി.സി ഘടകങ്ങൾക്ക് മാതൃകയായി ഈ പദ്ധതി മാറി.
പുതിയ വർഷം കെ എം സി സി കുടുംബ സുരക്ഷാ പദ്ധ്വതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രധാന ചികിത്സാ ആനുകൂല്യങ്ങൾ ഇവയാണ്:
ക്യാൻസർ, കിഡ്നി/ഡയാലിസിസ്, സ്ട്രോക്ക്, മജ്ജ മാറ്റിവെക്കൽ, ഹ്യദയ ബൈപാസ് ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50,000 (അമ്പതിനായിരം) രൂപ.
അപകടം മൂലം സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ (Permanent Disability) മെഡിക്കൽ റിപ്പോർട്ടിന് വിധേയമായി 1,00,000 (ഒരു ലക്ഷം) രൂപ.
ആഞ്ചിയോ പ്ലാസ്റ്റി ചികിത്സക്ക് മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചുരുങ്ങിയത് 10,000 (പതിനായിരം) രൂപ. അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന 1,00,000 രൂപക്ക് മുകളിൽ ചെലവ് വരുന്ന ചികിത്സക്ക്, പ്രസ്തുത ചികിത്സയുടെ മെഡിക്കൽ റിപ്പോർട്ടിന്റേയും ഹോസ്പിറ്റൽ ബില്ലിന്റേയും അടിസ്ഥാനത്തിൽ ചികിത്സ ചെലവിന്റെ 10% മാക്സിമം 50,000 (അമ്പതിനായിരം) രൂപ.
നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 5,00,000 (അഞ്ച് ലക്ഷം) രൂപയും;
നടപ്പു വർഷത്തിന് തൊട്ടു മുമ്പുള്ള ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി അംഗത്വം നിലനിർത്തിയ സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 3,00,000 (മൂന്ന് ലക്ഷം) രൂപയും;
നടപ്പു വർഷം മാത്രം അംഗത്വമുള്ള സ്കീം അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിക്കുകയാണെങ്കിൽ 2,00,000 (രണ്ടു ലക്ഷം) രൂപയും മരണാനന്തര ആനുകൂല്യമായി നിയമപരമായ ആശ്രിതർക്ക് ലഭിക്കുന്നതാണ്.
ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന പുതിയ പദ്ധതി കാമ്പയിൻ മാർച്ച് 31ന് അവസാനിക്കുകയും ഏപ്രിൽ 1ന് തുടങ്ങി മാർച്ച് 31ന് അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് 60 റിയാലാണ് അംഗത്വഫീസായി ഈടാക്കുന്നതെന്നും ഭാരവാഹികൾ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
അന്ന് 342 അംഗങ്ങളുമായി വെല്ലുവിളികൾ അതിജീവിച്ച് 1,00,000 (ഒരു ലക്ഷം) രൂപ മരണാനന്തര സഹായവുമായി തുടങ്ങിയ ഈ പദ്ധതി ഇന്ന് 21ാം വർഷത്തിലേക്ക് കടക്കുമ്പോൾ ജീവിച്ചിരിക്കുമ്പോഴുള്ള ചികിത്സകൾക്കും പ്രവാസ വിരാമത്തിന് ശേഷമുള്ള പെൻഷൻ ആനുകൂല്യങ്ങൾ അടക്കമുള്ള സമഗ്ര കാരുണ്യ പദ്ധതിയായി പ്രവാസ ലോകത്ത് നിലനിൽക്കുന്നതോടെപ്പം ജിദ്ധാ നിവാസിയായ ഒരു മലപ്പുറം ജില്ലക്കാരൻ തുഛമായ വാർഷിക വരിസംഖ്യ നൽകി കെ.എം.സി.സി നാഷണൽ സെൻട്രൽ കമ്മിറ്റികളുടേത് ഉൾപ്പെടെ 3 പദ്ധതികളിൽ ഒരേ സമയം അംഗത്വമെടുക്കുന്നതോടെ 20,00,000 (ഇരുപത് ലക്ഷം) രൂപ വരെയുള്ള ആനുകൂല്യം ലഭിക്കാൻ അവസരമുണ്ടാക്കിയ മാതൃകാ പദ്ധതികൂടിയാണ്, പ്രപഞ്ച നാഥന്റെ അനുഗ്രഹം കൊണ്ട് നിരവധി കുടുംബങ്ങൾക്കായി കോടികണക്കിന് രൂപയുടെ സാന്ത്വനമാണ് പരാതി രഹിതമായി ഈ പദ്ധതിയിലൂടെ നൽകാൻ കഴിഞ്ഞിട്ടുള്ളത് എന്ന ആത്മാഭിമാനത്തോടെയാണ് പുതിയ വർഷത്തേക്കുള്ള അംഗത്വ ക്യാമ്പയിന് ഞങ്ങൾ തുടക്കം കുറിക്കുന്നത്. ഇരുപത്തി ഒന്നാം വർഷത്തിലേക്ക് കടക്കുന്ന സുരക്ഷ സ്കീം വളർന്ന് പന്തലിക്കുമ്പോൾ അഭിമാനത്തോടെയാണ് എല്ലാം നോക്കി കാണുന്നത് എന്നും ഭാരവാഹികൾ വ്യക്തമാക്കി.
ജിദ്ദയിൽ നിയമാനുസൃതം താമസിക്കുന്ന മലപ്പുറം ജില്ലക്കാർക്ക് പദ്ധതിയിൽ അംഗമാവുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.jillakmcc.in എന്ന വെബ് സൈറ്റിലൂടെ അവസരമൊരുക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ ബാബു നഹ്ദി (ചെയർമാൻ), ഹബീബ് കല്ലൻ (ജനറൽ സെക്രട്ടറി), ഇല്ലിയാസ് കല്ലിങ്ങൽ (ആക്റ്റിങ് പ്രസിഡന്റ് - ചെയർമാൻ സുരക്ഷാ പദ്ധതി) മറ്റു ഭാരവാഹികളായ ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സുൽഫിക്കർ ഒതായി, വി.വി. അഷ്റഫ്, എ. കെ. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു