മനാമ: കോവിഡ് പ്രതിരോധ-സേവന രംഗത്ത് മാതൃകാ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കെ.എം.സി.സിക്ക് ബഹ്‌റൈൻ ഭരണകൂടത്തിന്റെ അംഗീകാരം. ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റിന്റെ കോവിഡ് ഫൈറ്റേഴ്‌സ് ഉപഹാരം കെ.എം.സി.സി ബഹ്‌റൈന് ലഭിച്ചു. ബഹ്‌റൈനിൽ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന കോവിഡ് പ്രതിരോധ സേവനങ്ങൾ കണക്കിലെടുത്താണ് ക്യാപിറ്റൽ ഗവർണണേറ്റിന്റെ കോവിഡ് ഫൈറ്റേഴ്‌സ് ഉപഹാരം കെ.എം.സി.സിക്ക് ലഭിച്ചത്.

ഉപഹാരം ഗവർണർ ഹിസ് എക്സലെൻസി ശൈഖ് ഹിഷാം ബിൻ അബ്ദുറഹ്മാൻ അൽ ഖലീഫയിൽനിന്ന് കെ.എം.സി.സി ബഹ്റൈൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഏറ്റുവാങ്ങി.

കോവിഡ് പ്രതിസന്ധികാലത്ത് സ്വദേശത്തും വിദേശത്തും നടത്തിവന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ബഹ്‌റൈൻ ഭരണകൂടത്തിന്റെ ഉപഹാരമെന്നും ഇത് കെ.എം.സി.സി ബഹ്‌റൈന് ലഭിക്കുന്ന ഏറ്റവും വലിയ ഉപഹാരാണെന്നും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. ഈ അഭിമാന നിമിഷത്തിൽ പ്രതിസന്ധികൾക്കിടയിലും കെ.എം.സി.സിയുടെ കാരുണ്യപ്രവർത്തനങ്ങളിൽ സഹായ സഹകരണങ്ങളുമായി എത്തിയ ഏവർക്കും നന്ദിയർപ്പിക്കുന്നതായും ഈ അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുന്നതാണെന്നും നേതാക്കൾ പറഞ്ഞു.

നിലവിൽ കോവിഡ് പ്രതിരോധ പ്രവർത്തന രംഗത്ത് 20 ലധികം പദ്ധിതകളാണ് കെ.എം.സി.സി ബഹ്‌റൈൻ നടത്തിവരുന്നത്. കോവിഡ് ബോധവൽക്കരണം, , 24 മണിക്കൂർ ഹെൽപ്പ് ഡെസ്‌ക്ക്, ഭക്ഷ്യക്കിറ്റ് വിതരണം, റമദാൻ കിറ്റ് വിതരണം, മെഡിക്കൽ ഹെൽപ്പ് ലൈൻ, സൗജന്യ കുടിവെള്ള വിതരണം, ജീവസ്പർശം രക്തദാനം, എൽ.എം.ആർ.എ ഹെൽപ്പ് ഡെസ്‌ക്ക്, വളണ്ടിയർ വിങ്, പെരുന്നാൾ കിറ്റ് വിതരണം, കാരുണ്യ യാത്ര (സൗജന്യ ടിക്കറ്റ്), കൗൺസിലിങ് വിങ്, ക്വാറന്റൈൻ ഹെൽപ്പ് ഡെസ്‌ക്ക്, എംബസി ഹെൽപ്പ് ഡെസ്‌ക്ക്, ചാർട്ടേഡ് വിമാനം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ഇതിനുപുറമെ കെ.എം.സി.സി ബഹ്റൈൻ അൽ-അമാന സാമൂഹ്യ സുരക്ഷാ പദ്ധതി, പലിശരഹിത നിധി, കാരുണ്യസ്പർശം യാത്രാ സഹായനിധി, പ്രവാസി ബൈത്തുറഹ്മ, ജീവജലം കുടിവെള്ളം, പ്രവാസി പെൻഷൻ, ഐ.സി.യു ആംബലൻസ്, സ്‌കോളർഷിപ്പ് തുടങ്ങിയവയും കാലങ്ങളായി നടത്തിവരുന്നുണ്ട്.