മനാമ: പ്രതിസന്ധികൾക്കിടെ പവിഴദ്വീപിലെ സഹജീവികളെ ചേർത്തുപിടിച്ച കാരുണ്യപ്രവർത്തകർക്ക് കെഎംസിസി ബഹ്റൈനിന്റെ ആദരം. ബഹ്റൈനിൽ കാരുണ്യ-സാംസ്‌കാരിക സംഘടനകൾക്കും നിർധനരായവർക്കും സഹായങ്ങളും പിന്തുണയും നൽകുന്ന ക്യാപിറ്റൽ ഗവർണറേറ്റിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് പ്രോജക്ട്സ് മാനേജ്മെന്റ് തലവൻ യൂസുഫ് യാഖൂബ് ലോറി ബഹ്റൈൻ ഹോസ്പിറ്റാലിറ്റി മാനേജർ ആന്റണി പൗലോസ് എന്നിവരെയാണ് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

ക്യാപിറ്റൽ ഗവർണറേറ്റിന്റെ കാരുണ്യ സഹായങ്ങൾ ജനങ്ങളിലേക്കും സംഘടനകളിലേക്കുമെത്തിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. ഒരു വർഷത്തിലധികമായി തുടരുന്ന കോവിഡ് പ്രതിസന്ധിയിൽ കെഎംസിസിയടക്കമുള്ള കാരുണ്യ-സാംസ്‌കാരിക സംഘടനകൾക്കാണ് ക്യാപിറ്റൽ ഗവർണറേറ്റ് ഭക്ഷ്യക്കിറ്റുകളും സഹായങ്ങളും നൽകിയത്.

പ്രതിസന്ധി കാലത്ത് ജനങ്ങളുടെ പ്രയാസങ്ങളും ദുരിതങ്ങളും മനസിലാക്കി കരുതലേകുന്ന ക്യാപിറ്റൽ ഗവർണറേറ്റിന്റെയും അതിന് എല്ലാവിധ പിന്തുണയും സഹായങ്ങളും നൽകുന്ന ക്യാപിറ്റൽ ഗവർണർ ശൈഖ് ഹിശാം ബിൻ അബ്ദുൽ റഹ്‌മാൻ അൽ ഖലീഫയുടെയും കാരുണ്യപ്രവർത്തികൾ മറ്റ് രാജ്യങ്ങളിലെ ഭരണകർത്താക്കൾക്ക് മാതൃകയാണെന്ന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. വിദേശികളെയും സ്വദേശികളെയും ഒരുപോലെ കണ്ടാണ് ക്യാപിറ്റൽ ഗവർണറേറ്റ് സഹായങ്ങൾ എത്തിച്ചുനൽകുന്നത്. ഈ സമാശ്വാസ പ്രവർത്തനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതായും നേതാക്കൾ പറഞ്ഞു.

യൂസുഫ് യാഖൂബ് ലോറി, ആന്റണി പൗലോസ് എന്നിവർക്കുള്ള കെഎംസിസിയുടെ ഉപഹാരം ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ കൈമാറി. ചടങ്ങിൽ കെഎംസിസി സെക്രട്ടറി എപി ഫൈസൽ, സിദ്ദീഖ് അദ്‌ലിയ്യ, ബഷീർ, മൊയ്ദീൻ പേരാമ്പ്ര, ഒ കെ ഫസ്സു, റഫീഖ് കാസർഗോഡ്, ഹുഹൈസൻ വയനാട്, ഹുസൈൻ മക്യാട്, റാഫ്, അൻവർ, ബഷിര് തിരുനല്ലൂർ എന്നിവർ പങ്കെടുത്തു.