ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ ക്യാമ്പയിനിന്റെ ഭാഗമായി റുവൈസ് ഏരിയ കെഎംസിസി പ്രവർത്തകർ സ്വരൂപിച്ച സിഎച്ച് സെന്റർ, ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ടുകൾ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.

റുവൈസ് റെസ്റ്റോറന്റ് ഹാളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. പ്രവാസികൾക്ക് എന്നും താങ്ങായി നിന്ന സംഘടനയാണ് കെഎംസിസി എന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് സാഹചര്യത്തിൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടത്തിയ സേവന പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായ സി. എച്ച് സെന്ററുകളുടെ നിർമ്മാണത്തിലും പ്രവർത്തനത്തിലും ജിദ്ദയിലെ കെഎംസിസി പ്രവർത്തകരുടെ കാര്യമായ സംഭവനയുണ്ട് എന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു . പരിപാടിയിൽ റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. പ്രവാസി വാക്സിനേഷൻ വിഷയത്തിൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂല വിധി നേടിയെടുക്കാൻ കഴിഞ്ഞത് ജിദ്ദയിലെ കെഎംസിസി പ്രവർത്തകർക്ക് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൽ നിന്നും കഷ്ടപ്പെടുന്ന നിരവധി പ്രവാസികൾക്ക് സഹായം നൽകാൻ കഴിഞ്ഞതായും പ്രസ്തുത റിലീഫ് സെൽ പ്രവാസികൾക്ക് വലിയ താങ്ങായി പ്രവർത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാരവാഹികളായ മുസ്തഫ ആനക്കയം, കെ. എൻ. എ ലത്തീഫ്, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.

സി. എച്ച് സെന്റർ ഫണ്ട് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ടിനും ശിഹാബ് തങ്ങൾ റിലീഫ് സെൽ ഫണ്ട് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്കും ചടങ്ങിൽ വെച്ച് കൈമാറി.

ഹൈദർ ദാരിമി തുവ്വൂർ പ്രാർത്ഥന നടത്തി. റുവൈസ് ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി സ്വാഗതവും സെക്രട്ടറി സലീം കരിപ്പോൾ നന്ദിയും പറഞ്ഞു.