മനാമ: പവിഴദ്വീപിൽ കാരുണ്യത്തിന്റെ ഉദാത്തമാതൃകയുമായി കെഎംസിസി ബഹ്‌റൈൻ. കോവിഡ് പോസിറ്റീവായി മരണപ്പെട്ട ഉത്തർപ്രദേശ് സ്വദേശി ഗോവിന്ദന്റെ മൃതദേഹമാണ് കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി സംസ്‌കരിച്ചത്.

സൽമാബാദ് ലോൺട്രി നടത്തിവരികയായിരുന്ന ഗോവിന്ദൻ ഒരാഴ്ച മുമ്പാണ് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്. ആരും തിരിഞ്ഞുനോക്കാതിരുന്ന മൃതദേഹം സൽമാനിയ്യ ഹോസ്പിറ്റലിലെ മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു. ഇക്കാര്യങ്ങൾ അറിഞ്ഞ കെഎംസിസി നേതാക്കളായ ശാഫി പാറക്കട്ടയും അഷ്‌റഫ് മഞ്ചേശ്വരവും കെഎംസിസി ബഹ്‌റൈൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള നടപടികൾക്കായി സ്‌പോൺസറെ ബന്ധപ്പെടുകയും സ്‌പോൺസറുടെയും ഐസിആർഎഫിന്റെയും സഹകരണത്തോടെ മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള വഴിയൊരുങ്ങുകയുമായിരുന്നു. ഹിന്ദുമതവിശ്വാസ പ്രകാരം ബഹ്‌റൈനിലെ അൽബയ്ക്ക് സമീപത്തെ ശ്മശാനത്തിലാണ് ഗോവിന്ദന്റെ മൃതദേഹം സംസ്‌കരിച്ചത്. സംസ്‌കാര ചടങ്ങിൽ അഷ്‌റഫ് മഞ്ചേശ്വരം പങ്കെടുത്തു.