മനാമ: കോവിഡ് വ്യാപകമായതിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനിൽ ഏർപ്പെടുത്തിയ ഭാഗിക ലോക്ക്ഡൗണിൽ ദുരിതത്തിലായവർക്ക് കരുതൽ സ്പർശവുമായി കെഎംസിസി ബഹ്റൈൻ. ഭാഗിക ലോക്ക്ഡൗണിനെ തുടർന്ന് വരുമാനം നിലച്ചവർക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവർക്കുമാണ് കെഎംസിസിയുടെ നേതൃത്വത്തിൽ കാരുണ്യസ്പർശം പദ്ധതിയിലൂടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവൻ അടച്ചിട്ടപ്പോഴും റമദാനിലും ആയിരക്കണക്കിന് കിറ്റുകൾ കെഎംസിസിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. കൂടാതെ 20 ഓളം കോവിഡ് പ്രതിരോധ-സേവന പദ്ധതികളുടെ ആവിഷ്‌കരിച്ച് നടപ്പാക്കിയിരുന്നു. ഇവയിൽ പല പദ്ധതികളും ഇപ്പോഴും നടത്തിവരുന്നുണ്ട്.

കാരുണ്യസ്പർശം പദ്ധതിയിലൂടെയുള്ള ഭക്ഷ്യക്കിറ്റിന്റെ വിതരണോദ്ഘാടനം കെഎംസിസി സംസ്ഥാന സെക്രട്ടറി എപി ഫൈസൽ, വളണ്ടിയർ ക്യാപ്റ്റൻ സിദ്ധീഖ് കണ്ണൂരിന് നൽകി നിർവഹിച്ചു. 200 ഓളം കിറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കെഎംസിസിയുടെ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ മുഖേനയാണ് ഭക്ഷ്യക്കിറ്റുകൾ സമാഹരിക്കുന്നത്. ഇവ വളണ്ടിയർമാർ മുഖേന ബഹ്റൈനിലെ വിവിധയിടങ്ങളിൽ പ്രയാസപ്പെടുന്നവരിലേക്ക് നേരിട്ടെത്തിക്കുകയാണ് ചെയ്യുന്നത്.

ലോകം തന്നെ അതീവഗുരുതരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ പരസ്പരമുള്ള കരുതലുകളാണ് സമാശ്വാസമെന്നും കെഎംസിസിയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് സഹായങ്ങളും സഹകരണവുമായി എത്തുന്ന എല്ലാവർക്കും നന്ദി അർപ്പിക്കുന്നതായും കെഎംസിസി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ പറഞ്ഞു. പ്രതിസന്ധികാലത്ത് ഏവരും ഉറ്റുനോക്കുന്നത് കെഎംസിസി പോലുള്ള കാരുണ്യസംഘടനകളിലേക്കാണ്. ഈ വിശ്വാസവും പ്രവർത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോകും. പ്രതിസന്ധിയകന്ന് ഒരു നല്ല നാളേക്കായി നമുക്ക് പ്രത്യാശിക്കാമെന്നും നേതാക്കൾ പറഞ്ഞു.