മനാമ: ആരോരുമില്ലാതെ ബഹ്റൈനിൽ മരിച്ചുവീഴുന്നവർക്ക് ഉറ്റവരാകുന്ന കെഎംസിസി മയ്യിത്ത് പരിപാലന സമിതിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ഒരാഴ്ച മുമ്പ് ആരും തിരിഞ്ഞുനോക്കാതിരുന്ന യുപി സ്വദേശി ഗോവിന്ദന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഹൈദരാബാദ് സ്വദേശിയുടെ മയ്യിത്ത് ഏറ്റെടുത്ത് മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തിൽ ഖബറടക്കി. സ്വന്തം സ്ഥാപനം നടത്തിവരികയായിരുന്ന ഹൈദരാബാദ് സ്വദേശിയായ ഇഫ്തിക്കർ ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ആരും തിരിഞ്ഞുനോക്കാത്തതിനാൽ മയ്യിത്ത് സൽമാനിയ്യ ആശുപത്രിയിലെ മോർച്ചയിൽ സൂക്ഷിക്കുകയായിരുന്നു. തുടർന്ന് കെഎംസിസി മയ്യിത്ത് പരിപാലന സമിതി അംഗങൾ വിവരമറിയുകയും മയ്യിത്ത് ഖബറടക്കുന്നതുമായ കാര്യങ്ങൾക്ക് കെഎംസിസി നേതാക്കൾ

സ്പോൺസറെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് ഇഫ്തിക്കാറിന്റെ ഭാര്യയെ ബന്ധപ്പെട്ട് ഡോക്യൂമെന്റുകൾ തയ്യാറാക്കി മയ്യിത്ത് പരിപാലന സമിതി അംഗങ്ങൾ ഇന്ത്യൻ എംബസിയെ ഏൽപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ മയ്യിത്ത് ഖബറടക്കുന്നതിന് വഴിയൊരുങ്ങുകയും ചെയ്തു. ഇഫ്തിക്കാറിന് രണ്ട് മക്കളാനുള്ളത്. ഭാര്യ: ശബാന. മക്കൾ: യുസ്റ, തലീഹ്.

ആരും തിരിഞ്ഞുനോക്കാത്തതിനാലും സ്‌പോൺസർ വിവരമറിയാത്തതിനാലുമാണ് അദ്ദേഹത്തിന്റെ മയ്യിത്ത് ഖബറടക്കം ഏറെ വൈകിയത്. എന്നാൽ കെഎംസിസി പ്രവർത്തകൾ വിവരമറിഞ്ഞതോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒരു ദിവസത്തിനകം മയ്യിത്ത് ഖബറടക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുകയായിരുന്നു. പ്രവർത്തനങ്ങൾക്ക് ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടി താഴ ,അബ്ദുറഹ്‌മാൻ മാട്ടൂൽ ,ഖാസിം നൊച്ചാട്, ഷാജഹാൻ കൊടുവള്ളി എന്നിവർ നേതൃത്വം നൽകി