ജിദ്ദ: പൊന്മള പഞ്ചായത്ത് കെഎംസിസിയുടെ 'കാരുണ്യ ഹസ്തം' പദ്ധതിയിൽ ചാപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന 'സേവന' പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി. വട്ടപ്പറമ്പ് എം എസ് എസ് ഓഫീസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പാലിയേറ്റീവ് സെന്റർ ഭാരവാഹികൾക്ക് ഉപകരണങ്ങൾ കൈമാറിയത്. ബി.പി അപ്പാരൽ മെഷീൻ, ഓക്‌സിജൻ സിലിണ്ടർ, വിദേശ നിർമ്മിത വീൽ ചെയറുകൾ തുടങ്ങി രോഗികൾക്ക് അത്യാവശ്യമുള്ള ഉപകരണങ്ങളാണ് പാലിയേറ്റീവ് സെന്ററിന്

കൈമാറിയത്.

പ്രവാസികൾ വലിയ പ്രതിസന്ധി നേരിടുമ്പോഴും കെഎംസിസി പ്രവർത്തകർ നടത്തുന്ന ഇത്തരം മഹത്തായ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പറഞ്ഞു. നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കെഎംസിസിയുടെ പ്രവർത്തനം തുല്യതയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ കെ. പി സാദിഖ് വട്ടപ്പറമ്പ് അധ്യക്ഷത വഹിച്ചു.

പൊന്മള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞിമാനു ഒളകര, സുബൈർ പള്ളിക്കര, മുസ്ലിം ലീഗ് ഭാരവാഹികളായ സലീം ചാപ്പനങ്ങാടി, വി. കെ യാഖൂബ്, കെഎംസിസി പ്രവർത്തകൻ ഇബ്റാഹീം കാട്ടിക്കുളങ്ങര, പാലിയേറ്റീവ് ഭാരവാഹികളായ പി. പി അൻവർ, ഇ. വി. അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.

മാധ്യമ രംഗത്തെ ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കപ്പെട്ട് അമേരിക്കയിലേക്ക് പോകുന്ന വി. പി ഫാത്തിമ റിൻഷയെ ചടങ്ങിൽ വെച്ച് അനുമോദിച്ചു. കെഎംസിസി വക ഉപഹാരം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഫാത്തിമ റിൻഷക്ക് സമ്മാനിച്ചു.

കെഎംസിസി പൊന്മള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുല്ലത്തീഫ് പുള്ളാടൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി കെ. പി സമദലി നന്ദിയും പറഞ്ഞു.