മനാമ: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി മലയാളികളടക്കമുള്ള ഇന്ത്യൻ കുടുംബങ്ങളാണ് ബഹ്റൈനിൽ താമസിക്കുന്നത്. ഈ കുടുംബങ്ങളിലെ നിരവധി വിദ്യാർത്ഥികൾ നീറ്റ് അടക്കമുള്ള എൻട്രൻസ് പരീക്ഷയ്ക്കായി കാത്തിരിക്കുകയാണ്. നിലവിൽ, ബഹ്റൈനിൽ പരീക്ഷാകേന്ദ്രം അനുവദിക്കാത്തപക്ഷം ഇത്തരത്തിലുള്ള നിരവധി കുട്ടികളുടെ ഭാവിയെ തന്നെ ബാധിക്കുമെന്നും അതിനാൽ യാത്രാപരിമിതിയുടെ ഇക്കാലത്ത് എല്ലായിടങ്ങളിലും പരീക്ഷാകേന്ദ്രം ഒരുക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്നും കെഎംസിസി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഗഫൂർ കയ്പമംഗലം, ആക്ടിങ് ജന. സെക്രട്ടറി കെപി മുസ്തഫ എന്നിവർ പറഞ്ഞു.

വർഷങ്ങളോളമുള്ള പരിശീലനവും തയ്യാറെടുപ്പും നടത്തിയാണ് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അതിനാൽതന്നെ പരീക്ഷാകേന്ദ്രങ്ങളുടെ അഭാവം കാരണം കുട്ടികളുടെ ഭാവി തന്നെ ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാകരുത്. നിലവിൽ യു എ ഇയിലും കുവൈത്തിലും നീറ്റിന് പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. സമാനമായി ബഹ്റൈനിലും പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നതിന് തടസങ്ങളൊന്നും തന്നെയില്ല. ഈ സാഹചര്യം മനസിലാക്കി വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ബഹ്റൈനിലും നീറ്റ് പരീക്ഷാകേന്ദ്രം ഒരുക്കി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കണം.

ഇക്കാര്യങ്ങൾ ഭരണകൂടത്തിന്റെയും അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തുന്നതിനുള്ള നടപടികൾ കെഎംസിസി നടത്തുമെന്നും ബഹ്റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്കയറിയിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.