ജിദ്ദ: 'ശിഹാബ് തങ്ങൾ കാലം കനിഞ്ഞു നൽകിയ നേതൃത്വം' എന്ന ശീർഷകത്തിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. ഓൺലൈൻ ആയി നടന്ന പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.

മത - രാഷ്ട്രീയ - സാമൂഹ്യ - വിദ്യഭ്യാസ - ജീവ കാരുണ്യ പ്രവർത്തന രംഗങ്ങളിൽ ഒരു മനുഷ്യന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ പ്രാവർത്തികമാക്കിയ നേതാവാണ് ശിഹാബ് തങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ആളുകൾ മുതൽ ലോക പ്രശസ്തരായ നേതാക്കൾ വരെ ശിഹാബ് തങ്ങളുടെ സുഹൃദ് വലയത്തിൽ ഉണ്ടായിരുന്നു. തന്റെ ജീവിതം മുഴുവൻ സമൂഹത്തിന് വേണ്ടി സമർപ്പിച്ച ശിഹാബ് തങ്ങൾ കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ മനസ്സിൽ നിന്നും മയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ പ്രഭാഷകൻ അബ്ദുസ്സമദ് പൂക്കോട്ടൂർ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. വിനയം, ക്ഷമ, സൗമ്യത, സേവന തല്പരത തുടങ്ങിയ ശിഹാബ് തങ്ങളുടെ സ്വഭാവ ഗുണങ്ങൾ ഏവർക്കും മാതൃകയാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും ശിഹാബ് തങ്ങൾ ഏറെ താല്പര്യം കാണിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ജില്ല പഞ്ചായത്ത് അംഗവും ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ. പി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ശിഹാബ് തങ്ങളുമായി തനിക്ക് ആഴത്തിലുള്ള ബന്ധം അയവിറക്കിയ അദ്ദേഹം ശിഹാബ് തങ്ങൾ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണെന്നും തന്റെ ജാതിയോ മതമോ നിറമോ തങ്ങൾ നോക്കിയില്ലെന്നും മനുഷ്യൻ എന്നത് മാത്രമാണ് പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. സവർണ്ണ ജാതിക്കാർ തന്നെ അകറ്റി നിര്ത്തിയപ്പോൾ ശിഹാബ് തങ്ങൾ തന്നെ ചേർത്ത് പിടിച്ചതായി അദ്ദേഹം പറഞ്ഞു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും അവരെ ആശ്വസിപ്പിക്കാനും എന്നും ശിഹാബ് തങ്ങൾ മുന്നിലുണ്ടായിരുന്നുവെന്നും ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.

ഓൺലൈൻ വഴി നടന്ന അനുസ്മരണ പരിപാടിയിൽ മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ. കെ സുബൈർ, നാസിബുദ്ധീൻ, മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന ടീച്ചർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ ഹാജി, ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, ട്രഷറർ അബു ഹാജി, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഫഹദ് കരേക്കാട്, വനിത ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ ബഷീർ, പഞ്ചായത്ത് യു ഡി എഫ് കൺവീനർ എ പി മൊയ്ദീൻ കുട്ടി മാസ്റ്റർ, കെഎംസിസി നേതാക്കളായ എം. ടി ബക്കർ ഹാജി, ബീരാൻ കുട്ടി കരേക്കാട്, ശരീഫ് പുതുവള്ളി, ഒ. കെ കുഞ്ഞിപ്പ, പി. ടി അഷ്റഫ് മാസ്റ്റർ, ഫൈസൽ ചെരട തുടങ്ങിയവർ ശിഹാബ് തങ്ങളെ അനുസ്മരിച്ചു സംസാരിച്ചു.

മത സൗഹാർദ്ദത്തിനും മനുഷ്യ സ്‌നേഹത്തിനും മഹത്തായ മാതൃക കാണിച്ച ശിഹാബ് തങ്ങളെ പുതു തലമുറക്ക് മനസ്സിലാക്കാനും പഠിക്കാനും വേണ്ടി അദ്ദേഹത്തിന്റെ ജീവിത ചരിത്രം സ്‌കൂൾ - കോളേജ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് യോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അത് പോലെ മതം, രാഷ്ട്രീയം, സാഹിത്യം, കല, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ശിഹാബ് തങ്ങളുടെ കാഴ്ചപ്പാടുകളെപ്പറ്റി ഗവേഷണം നടത്താൻ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ 'ശിഹാബ് തങ്ങൾ ചെയർ ' സ്ഥാപിക്കണമെന്നും അനുസ്മരണ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

സയ്യിദ് മാനുട്ടി തങ്ങൾ പ്രാർത്ഥന നടത്തി. മാറാക്കര ഗ്ലോബൽ കെഎംസിസി ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.