ജിദ്ദ: കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ സ്‌കൂൾ തലം മുതൽ യൂണിവേഴ്‌സിറ്റി തലം വരെ ആർ എസ് എസ് അജണ്ടയാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നും തുടർ ഭരണത്തിന്റെ മറവിൽ സംഘ് പരിവാർ അജണ്ട നടപ്പിലാക്കാനുള്ള നീക്കത്തിൽ നിന്നും ഇടത് സർക്കാർ പിന്തിരിയണമെന്നും റുവൈസ് ഏരിയ കെഎംസിസി ആവശ്യപ്പെട്ടു.

അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധന സഹായം നാട്ടിലുള്ള മുഴുവൻ പ്രവാസികൾക്കും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രവാസി പങ്കാളിത്തത്തോടെ നിർമ്മിച്ച കരിപ്പൂർ വിമാനത്താവളം സ്വകാര്യ വൽക്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്നും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഉടനെ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നാട്ടിൽ അവധിക്ക് പോയി തിരിച്ചു വരാൻ കഴിയാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്കു സഊദി കെഎംസിസി നാഷണൽ കമ്മിറ്റി നൽകുന്ന 'സ്‌നേഹ സാന്ത്വനം 2021' കിറ്റ് വിതരണം പ്രവാസികൾക്ക് വലിയ അനുഗ്രഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഈ പദ്ധതി നടപ്പിലാക്കിയ സഊദി കെഎംസിസി നാഷണൽ കമ്മിറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 24 വെള്ളിയാഴ്ച അൽബഹയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രവാസി ക്ഷേമണിധിയെപ്പറ്റി കെഎംസിസി പ്രവർത്തകർക്കിടയിൽ ബോധവൽക്കരണം നടത്താനും യോഗം തീരുമാനിച്ചു.

റൂവൈസിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ് അധ്യക്ഷത വഹിച്ചു. മുസ്തഫ ആനക്കയം, കെ. എൻ. എ ലത്തീഫ് കൊണ്ടോട്ടി, സലീം കരിപ്പോൾ, ശരീഫ് മുസ്ലിയാരങ്ങാടി, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ജനറൽ സെക്രട്ടറി റഫീഖ് പന്താരങ്ങാടി സ്വാഗതവും മുഹമ്മദ് ഫിറോസ് കൊളത്തൂർ നന്ദിയും പറഞ്ഞു.