ജിദ്ദ: സഊദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി റുവൈസ് ഏരിയ കെഎംസിസി അൽ ബഹയിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു. വെള്ളിയാഴ്ച കാലത്ത് റൂവൈസിൽ നിന്നും പുറപ്പെട്ട സംഘം നിരവധി ഗ്രാമീണ കാഴ്ചകളും മനം കുളിർക്കുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങളും കണ്ട് ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ മടങ്ങിയെത്തി. യാത്ര നന്നായി ആസ്വദിച്ച കുട്ടികളും കുടുംബിനികളടക്കമുള്ള സംഘത്തിന് അൽ ബഹ യാത്ര ജീവിതത്തിൽ അവിസ്മരണീയ സംഭവമായി.

ജിദ്ദയിൽ നിന്നും പുറപ്പെട്ടു അൽ ലൈത്ത് ബീച്ചിൽ വെച്ച് സംഘാടകർ പ്രത്യേകം തയ്യാറാക്കിയ പത്തിരിയും കറിയും അടങ്ങിയ പ്രാതൽ കഴിച്ചു. ശേഷം അവിടെ നിന്നും പുറപ്പെട്ടു മാർബിൾ വില്ലേജിലെത്തി. അവിടെയുള്ള പുരാതനമായ കോട്ട മുഴുവൻ കയറി കണ്ടു. കോട്ടയുടെ പരിസരത്തുള്ള വാഴത്തോട്ടം,പപ്പായ, പയർ, മുളക്, തുളസിച്ചെടി, വിവിധ തരം പൂക്കൾ, ശുദ്ധ ജലം ഒഴുകുന്ന അരുവി തുടങ്ങിയവ പ്രവാസികളിൽ ഗ്രഹാതുരത്വം ഉളവാക്കി. പലർക്കും കേരളത്തിലെ ഒരു ഗ്രാമത്തിൽ എത്തിയ പ്രതീതി അനുഭവപ്പെട്ടു.

പിന്നീട് ഉച്ച ഭക്ഷണം കഴിച്ച ശേഷം മനോഹരമായ ചുരം കയറി ഇരട്ട സഹോദരങ്ങളുടെ കോട്ട സന്ദർശിച്ചു. അതിന് ശേഷം അൽ ബഹയിലെ പ്രശസ്തമായ അൽ റഗ്ദാൻ പാർക്കിൽ എത്തി. ഇവിടെ നടക്കുന്ന ദേശീയ ദിനാഘോഷ പരിപാടികൾ ആസ്വദിച്ചു.

യാത്രക്കാരിൽ ചിലരും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികൾ യാത്ര ആസ്വാദ്യകരമാക്കി. റുവൈസ്‌കെ എംസിസി വർക്കിങ് കമ്മിറ്റി അംഗവും യുവ എഴുത്തുകാരനും കവിയുമായ എ. പി അൻവർ വണ്ടൂർ നയിച്ച ക്വിസ് മത്സരം ഏറെ വിജ്ഞാനപ്രദമായി. നീണ്ട പ്രവാസ ജീവിതത്തിൽ പലർക്കും ഇങ്ങനെ ഒരു യാത്ര ആദ്യാനുഭവമായിരുന്നു. സഊദി ദേശീയ ദിനത്തോടനുബന്ധിച്ചു അൽ ബഹ വിനോദ യാത്ര സംഘടിപ്പിച്ചതിൽ എല്ലാവരും സംഘാടകരെ അഭിനന്ദിച്ചു.

റുവൈസ് ഏരിയ കെഎംസിസി ഭാരവാഹികളായ സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, മുഹമ്മദ് റഫീഖ് പന്താരങ്ങാടി, മുസ്തഫ ആനക്കയം, ശരീഫ് മുസ്ലിയാരങ്ങാടി, സലീം കരിപ്പോൾ, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി. പ്രവാസികൾക്ക് അറിവും ആനന്ദവും നൽകുന്ന വിനോദ യാത്രകൾ ഇനിയും സംഘടിപ്പിക്കുമെന്ന് റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി എന്നിവർ അറിയിച്ചു