മനാമ: റിക്രൂട്ടിങ് ഏജൻസിയുടെ ചതിയിൽപെട്ട് ബഹ്‌റൈനിൽ കുടുങ്ങിയ ഒമ്പതു മലയാളികൾക്ക് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി വിമാന ടിക്കറ്റ് നൽകും. ഈമാസം 10ഓടെ ഇവർക്ക് നാട്ടിലേക്കു തിരിച്ചു പോകാൻ കഴിയുമെന്ന് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി. ജലീൽ അറിയിച്ചു. 

തൊഴിലാളികളുടെ ദുരിതാവസ്ഥ കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. ബഹ്‌റൈൻ ഡ്രൈവിങ് ലൈസൻസുള്ള ഇവർ മെച്ചപ്പെട്ട ജോലിക്കായി തിരിച്ചു വരാമെന്ന പ്രതീക്ഷയിലാണ് പോകുന്നതെന്ന് തൊഴിലാളികൾക്കൊപ്പം തുടക്കം മുതൽ നിന്ന കെ.എം.സി.സി മലപ്പുറം ജില്ലാ പ്രസിഡന്റ് സലാം മമ്പാട്ടു മൂല പറഞ്ഞു. ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും നൽകുന്നത് സലാം മമ്പാട്ടുമൂലയുടെ നേതൃത്വത്തിലാണ്.

പുനലൂർ സ്വദേശി നസീർ ജാൻ, തിരുവനന്തപുരം സ്വദേശികളായ സുഭാഷ്, കുമാരൻ, നിഷാദ്, ജോൺ, ഷബിൻ, കൊല്ലം സ്വദേശി ഷാഹിർ, പത്തനംതിട്ട സ്വദേശി ഹാരിസ്, ആലപ്പുഴ സ്വദേശി ബിനു എന്നുവരാണു മാസങ്ങളായി ലേബർ ക്യാമ്പിൽ നരക ജീവിതം നയിച്ചത്. 'ജി.സി.സി ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ബഹ്‌റൈനിൽ ജോലി' എന്ന പരസ്യം നൽകി തിരുവനന്തപുരത്തെ റോളക്‌സ് ട്രാവൽസ് മുഖേനെയാണ് ഇവരെ റിക്രൂട് ചെയ്ത്. ബഹ്‌റൈൻ എയർപോർട്ടിലായിരിക്കും ജോലിയെന്നും 110-130 ദിനാർ ശമ്പളവും ഓവർടൈം അലവൻസും ലഭിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാൽ കൊണ്ടുവന്നത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലേക്കായിരുന്നു. 'ടി മാക്' എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് റിക്രൂട്‌മെന്റിന് പിന്നിലെന്ന് തൊഴിലാളികൾ പറയുന്നു. 50,000 മുതൽ 65,000 രൂപ വരെ വിസയ്ക്കു നൽകിയിട്ടാണ് ഇവരെ റിക്രൂട്ട് ചെയ്തിരിക്കുന്നത്. 'ടി മാക്' എന്ന കമ്പനിയുടെ കേരളത്തിലെ ചുമതല വഹിക്കുന്നത് വർക്കല സ്വദേശിയായ ശശിയെന്ന ആളാണ്.

നേരത്തെ വിവിധ ഗൾഫ് രാജ്യങ്ങളിൽ ഹൗസ് ഡ്രൈവർമാരായി ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. ഇവിടെ എത്തിയപ്പോൾ ഇവർക്കു 80-90 ദിനാറാണു ശമ്പളം ലഭിച്ചത്. ഓവർ ടൈം അലവൻസ് നേരത്തെ പറഞ്ഞ പ്രകാരം നൽകിയില്ല. ഒരു ദിവസം ലീവെടുത്താൽ രണ്ടുദിവസത്തെ ശമ്പളം പിടിക്കുമായിരുന്നു.
2000ത്തോളം തൊഴിലാളികളെയാണ് സനദിലുള്ള ലേബർ ക്യാമ്പിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ താമസിപ്പിച്ചിരിക്കുന്നത്.