ദുബൈ: പ്രവാസലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് ഗ്രഹാതുരമായ ഫുട്‌ബോൾ വിരുന്നൊരുക്കി ദുബൈ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ മലപ്പുറം ജില്ല ജേതാക്കളായി.

കണ്ണൂർ,മലപ്പുറം,കോഴിക്കോട്, കാസർഗോഡ്, പാലക്കാട്,തൃശൂർ, ആലപ്പുഴ,എറണാകുളം, കൊല്ലം എന്നീ ഒൻപതു ജില്ലകൾ വിവിധ അഖിലേന്ത്യാ താരങ്ങളെ കളത്തിലിറക്കി ദുബൈ അൽ കവനീജ് ഗ്രൗണ്ടിൽ അങ്കത്തിനിറങ്ങിയപ്പോൾ അത് പ്രവാസലോകത്തെ കാൽ പന്ത് പ്രേമികൾക്ക് അക്ഷരാർഥത്തിൽ ഫുട്‌ബോൾ വിരുന്നായി. ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ശേഷം തോൽവിയറിയാതെ മലപ്പുറം കാസർഗോഡ്ടീമുകൾ സെമി ബെർത്ത് ഉറപ്പിച്ചു. സെമിയിൽ കോഴിക്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മലപ്പുറം കലാശ പോരാട്ടത്തിന് എത്തിയപ്പോൾ തൃശൂർ ജില്ലയെ ടൈം ബേക്കറിറിൽ തോൽപ്പിച്ചാണ് കാസർഗോഡ് കലാശ പോരാട്ടത്തിനെത്തിയത്.

തുല്യ ശക്തികൾ തമ്മിലുള്ള കലാശ പോരാട്ടത്തിൽ അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാകി നിൽക്കെ കാസർഗോഡിന്റെ വല ചലിപ്പിച്ച് മലപ്പുറം ജില്ല ജേതാക്കളായി.ദുബൈ കെ.എം.സി.സി വർഷം തോറും സംഘടിപ്പിക്കുന്ന ഫുട്‌ബോൾ ടൂർണമെന്റിൽ തുടർച്ചയായി അഞ്ചാം തവണയാണ് മലപ്പുറം ജേതാക്കളാകുന്നത്. നേരത്തെ ടൂർണമെന്റ് പി.വി ജാബിർ അബ്ദുൽ വഹാബ് കിക്കോഫ് നിർവഹിച്ച് തുടക്കം കുറിച്ചിരുന്നു. മത്സരം വീഷിക്കാൻ മുൻ കൃഷി മന്തി കെ.പി മോഹനൻ . യു.എ.ഇ കെ.എം.സി.സി വൈസ്.പ്രസിഡന്റ് ഹുസൈനാജി എടച്ചാക്കൈ, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എത്തിയിരുന്നു.

വിജയികൾക്കുള്ള ട്രോഫികൾ സെവൻ എമിരേറ്റ്‌സ് ഗ്രൂപ്പ് എം.ഡി മുസ്തഫ ഉസ്മാൻ ഹാജി ടീമുകൾക്ക് നൽകി. സ്പോർട്സ് വിങ് ചെയർമാൻ ആവയിൽ ഉമ്മർ ഹാജി, സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, മുസ്തഫ തിരൂർ,എം.എ മുഹമ്മദ് കുഞ്ഞി,ഇസ്മായിൽ ഏറാമല,അബദുൽ ഖാദർ അരിപ്പാബ്ര,ആർ ശുക്കൂർ, സ്പോർട്സ് വിങ് ജന:കൺവീനർ അബ്ദുള്ള ആറങ്ങാടി, ഹംസഹാജി മട്ടുമ്മൽ,കോയ വള്ളിക്കുന്ന്,ഷറഫുദ്ദീൻ ഇരിട്ടി, ഡോ:ഇസ്മയിൽ,റിയാസ് മാണൂർ, ഉനൈസ് എന്നിവർ നേത്രത്വം നൽകി.