ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു ദുബൈ കെഎംസിസി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ഭൂമി ഏറ്റെടുക്കലാണ് ശാശ്വത പരിഹാര മാർഗമെങ്കിലും ഇപ്പോൾ നിലനിൽക്കുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാവാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹജ്ജ് സർവീസ് ഒഴിവാക്കിയതടക്കം കരിപ്പൂർ വിമാനത്താവളത്തോട് കേന്ദ്രം കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂടിക്കാഴ്ച നടത്തിയ നിവേദക സംഘത്തോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലിം ലീഗ് നേതാക്കളും എംപിമാരുമായ ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽ വഹാബ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

വലിയ വിമാനങ്ങളുടെ സർവീസ് പുനഃസ്ഥാപിക്കുക, ഹജ്ജ് എംബാർകേഷൻ ലിസ്റ്റിൽ കരിപ്പൂരിനെ ഉൾപ്പെടുത്തുക, ആഭ്യന്തര സർവീസുകൾ കൂടാതെ കരിപ്പൂരിലേക്ക് സർവീസ് നടത്താൻ തയാറായ കമ്പനികൾക്ക് അനുവാദം നൽകുക തുടങ്ങിയ വിഷയങ്ങളും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്.കോഡ് ഇനത്തിൽ പെട്ട വലിയ വിമാനങ്ങൾ 16 വർഷം കരിപ്പൂരിൽ സർവീസ് നടത്തിയിട്ടുണ്ട്. എമിറേറ്റ്സ്, സഊദി, എയർ ഇന്ത്യ ജംബോ വിമാനങ്ങളുടെ സർവീസ് നിർത്തിയതോടെ മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ ദുരിതത്തിലായി. വലിയ വിമാനങ്ങൾക്കുള്ള വിലക്ക് ഹജ്ജ് യാത്രക്കാരെയും ബാധിച്ചു. റൺവേയിൽ വിള്ളൽ കണ്ടതിനെ തുടർന്ന് 2015 മെയ് ഒന്നിന് വലിയ വിമാനങ്ങൾ താൽക്കാലികമായി സർവീസ് നിർത്തിയിരുന്നെങ്കിലും റൺവേയിലെ റീകാർപെറ്റിങ് പൂർത്തീകരിച്ചിട്ടുണ്ട്.

റൺവേ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തീകരിച്ചതോടെ ഒട്ടേറെ വിദേശ വിമാന കമ്പനികൾ പരിശോധന നടത്തി സർവീസിന് തയ്യാറെന്ന് അറിയിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റൺവേകളിലൊന്നാണ് കരിപ്പൂരിലേതെന്ന് ഡി.ജി.സി.എ സൂചിപ്പിച്ചതും നിവേദക സംഘം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. നീളം കുറഞ്ഞ റൺവെയുള്ള വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങളിറങ്ങുന്ന കാര്യവും റൺവേ നീളം കൂട്ടിയാൽ മാത്രമേ വലിയ വിമാനങ്ങൾ അനുവദിക്കൂവെന്ന എയർപോർട്ട് അഥോറിറ്റിയുടെ നിലപാടും തിരുത്തേണ്ടതുണ്ടെന്നും മന്ത്രിയോട് ഇവർ പറഞ്ഞു.

കരിപ്പൂരിനെ ഹജ്ജ് എംബാർകേഷൻ പോയിന്റായി 2018ൽ പുനഃസ്ഥാപിക്കും: മന്ത്രി നഖ്വി

ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തെ ഹജ്ജ് എംബാർകേഷൻ പോയിന്റായി 2018ൽ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ദുബൈ കെഎംസിസി നിവേദക സംഘത്തോട് പറഞ്ഞു. നിലവിൽ എംബാർകേഷൻ പോയിന്റ് നെടുമ്പാശ്ശേരിയിലായതിനാൽ മലബാറിൽ നിന്നുള്ള ഹാജിമാർക്ക് വലിയ യാത്രാ പ്രയാസങ്ങളനുഭവപ്പെടുന്ന കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്രികരിൽ കൂടുതൽ പേരും മലബാറിൽ നിന്നുള്ളവരാണ്.

നേരത്തെ, കരിപ്പൂർ വിമാനത്താവളമായിരുന്നു ഇവർക്ക് എംബാർകേഷൻ പോയിന്റ്.2015ൽ റൺവേ വികസനവുമായി ബന്ധപ്പെട്ട് ഈ സൗകര്യം എടുത്തു കളയുകയാണുണ്ടായത്. ഇതാണ് 2018ൽ പുനഃസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്. ദുബൈ കെഎംസിസി ഭാരവാഹികളായ പി.കെ അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി ഇസ്മായിൽ, അഡ്വ. സാജിദ് അബൂബക്കർ, എം.എ മുഹമ്മദ് കുഞ്ഞി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര എന്നിവരടങ്ങിയ നിവേദക സംഘമാണ് മന്ത്രിയെ കണ്ടത്. ഇത് പുനഃസ്ഥാപിക്കപ്പെടുന്നതോടെ കരിപ്പൂരിൽ കോടികൾ മുടക്കി നിർമ്മിച്ച ഹജ്ജ് ഹൗസും സജീവമാകും. ഒപ്പം, വലിയ വിമാനങ്ങൾ ഇവിടെ നിന്ന് പറന്നുയരുകയും ചെയ്യും.