ദുബൈ: ഇന്ത്യൻ എംബസ്സിയുടെ പ്രവർത്തനം ജനകീയമാക്കാൻ തന്റെ ഔദ്യോഗിക സേവന കാലത്ത് സാധിച്ചുവെന്നതിൽ അതിയായ ചരിതാർഥ്യമുണ്ടെന്നു സ്ഥാനമൊഴിയുന്ന ഇന്ത്യൻ അംബാസഡർ ടി.പി. സീതാറാം പറഞ്ഞു. ഔദ്യോഗിക സേവനം പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർക്ക് ദുബൈ കെ.എം.സി.സി. നൽകിയ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ.സി.ഡബ്ല്യു.എഫ് ഫണ്ട് മെച്ചപ്പെടുത്തുന്നതിന് നിലനിൽക്കുന്ന തടസ്സങ്ങൾ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സീതാറാം സദസ്സിനെ അറിയിച്ചു.
സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ ആത്മാർഥമായ ഇടപെടൽ നടത്തുകയും ഇന്ത്യൻ സമൂഹത്തിന് അഭിമാനമായിതീരുകയും ചെയ്ത അംബാസഡർ ഇന്ത്യ യു.എ.ഇ. നയതന്ത്ര ബന്ധം കൂടുതൽ സുദൃഡമാക്കുന്നതിന് പരിശ്രമിച്ചുവെന്നും പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദർശനമുൾപ്പടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തുവെന്ന് യാത്രയയപ്പ് യോഗം അഭിപ്രായപ്പെട്ടു. ഗൾഫിൽ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് സേവന സന്നദ്ധനായി പ്രവർത്തിക്കുന്ന അഷ്റഫ് താമരശ്ശേരി എന്ന സാധാരണക്കാരനായ പ്രവാസി മലയാളിക്ക് പ്രവാസി ഭാരതീയ പുരസ്‌കാരം ലഭ്യമാക്കുന്നതിന് സഹായകരമായ സമീപനം സ്വീകരിച്ച ടി.പി. സീതാറാമിന്റെ സേവനം ഇന്ത്യൻ സമൂഹത്തിന്റെ മുഴുവൻ ആദരവും നേടിയെടുത്തിട്ടുണ്ട്. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ. അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ യോഗം ഉദ്ഘാടനം ചെയ്തു.

അംബാസഡറുടെ യാത്രയയപ്പ്: ഒദീഷ ആംബുലൻസ് പദ്ധതിയുമായി ദുബൈ കെ.എം.സി.സി

ആംബുലൻസിന് പണമില്ലാതെ ഉറ്റവരുടെ മൃതദേഹവും വഹിച്ച് കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന ഒദീഷയിലെ രണ്ട് ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒദീഷയിലേക്ക് ആംബുലൻസുകളോ ആംബുലൻസ് വാടകയോ നൽകുന്ന ദുബൈ കെ.എം.സി.സി പദ്ധതി അംബാസഡർ ടി.പി. സീതാറാം മുഖേന നടപ്പാക്കുമെന്ന് പ്രസിഡന്റ് സദസ്സിനെ അറിയിച്ചു. ഇത്തരം കാരുണ്യ വീക്ഷണങ്ങൾ യാത്രയയപ്പുകൾക്ക് മാതൃകയാണെന്ന് അംബാസഡർ ടി.പി. സീതാറാം പറഞ്ഞു.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ:പുത്തൂർ റഹിമാൻ, ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ട്രഷറർ യു.അബ്ദുള്ള ഫാറൂഖി, ഹുസൈനാർ ഹാജി എടച്ചാക്കൈ പ്രസംഗിച്ചു. ദുബൈ സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ആക്ടിങ് ജനറൽസെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ സ്വാഗതം പറഞ്ഞു. വ്യവസായ പ്രമുഖരായ ഫ്‌ലോറ ഹസ്സൻ, അഡ്വ: സിറാജുദ്ദീൻ, ബഷീർ പാൻ ഗൾഫ്, ഡോ: അഹമ്മദ്, അബ്ദുൽ വാഹിദ് മയ്യേരി, അഡ്വ: അസ്ലം, ഉമേഷ് ബി.എൽ.എസ് തുടങ്ങിയവർ സംബന്ധിച്ചു.
സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി എം.എ.മുഹമ്മദ് കുഞ്ഞി, ആവയിൽ ഉമ്മർ ഹാജി, എൻ.കെ. ഇബ്രാഹിം, ഇസ്മായിൽ ഏറാമല, അബ്ദുൽഖാദർ അരിപ്പാബ്ര, അഷ്റഫ് കൊടുങ്ങല്ലൂർ, ആർ. അബ്ദുൽ ശുക്കൂർ, നേതൃത്വം നൽകി.