- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മരുമകൻ ജയരാജന്റെ പഴ്‌സനൽ സ്റ്റാഫിലെത്തിയിട്ട് ഒന്നര വർഷം; മന്ത്രി ഓഫീസിലെ പെൻഷൻ കിട്ടാത്തതിനാൽ ഉറച്ച ജോലിക്ക് കെഎംഎംഎൽ; കരുനാഗപ്പള്ളിയിലെ പാർട്ടി മരുമകനും കോളടിച്ചു; ചവറയിലെ എട്ടും പാർട്ടിക്ക്; 65 വയസ്സുള്ള കാർഷിക വിദഗ്ധനും സർക്കാർ ജോലി! നിയമന മാമാങ്കം തുടരുമ്പോൾ
കോഴിക്കോട്: കേരളത്തിലെ പെൻഷൻ പ്രായം 56 ആണോ 57 ആണോ എന്ന് അറിയാത്ത അവസ്ഥയാണുള്ളത്. ഏതായാലും 58ന് മുകളിൽ ആർക്കും ജോലി ചെയ്യാനാകില്ലെന്ന് വിശ്വസിക്കാമെന്ന അവസ്ഥ. ഇതിനൊപ്പം താൽകാലികക്കാരെ സ്ഥിരപ്പെടുത്തും. ലൈബ്രറി കൗൺസിലേക്ക് സ്ഥിരപ്പെടുത്തിയവരുടെ പട്ടികയിൽ പെൻഷൻ പ്രായം കഴിഞ്ഞവരുമുണ്ടായിരുന്നു. അങ്ങനെ വിചിത്രമായ പലതും നടന്നു. ഇപ്പോൾ ജലവിഭവ വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷനിൽ ഉന്നതർക്കു താൽപര്യമുള്ള വിരമിച്ച ഉദ്യോഗസ്ഥനെ 'കാർഷിക വിദഗ്ധ'നായി നിയമിക്കാൻ പ്രായപരിധി 65 ആക്കി അറിയിപ്പ്. അപേക്ഷിക്കാൻ സമയം അറിയിപ്പു വന്നതടക്കം നാലു ദിവസം മാത്രം.
വടക്കൻ കേരളത്തിൽ കൃഷി വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥനു വേണ്ടിയാണ് ഈ തസ്തികയെന്നും അദ്ദേഹത്തിന്റെ അപേക്ഷ ഉന്നതർക്ക് നേരിട്ടു ലഭിച്ചു കഴിഞ്ഞതുമായാണ് സൂചന. അങ്ങനെ വിരമിച്ചവരെ നിയമിക്കാനും സർക്കാരിന് കീഴിലുള്ള സ്ഥാപനം തയ്യാറാകുകയാണ്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപറേഷന് എന്തിനാണ് കൃഷി വിദഗ്ധൻ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൃഷി വകുപ്പിൽ നിന്ന് തന്നെ ഇവർക്ക് വിദഗ്ധാഭിപ്രായം തേടാം. അങ്ങനെയുള്ളപ്പോഴാണ് വിരമിച്ച ആൾക്ക് ജോലി കൊടുക്കാൻ പുതിയ നീക്കം.
കാർഷിക വിദഗ്ധൻ, പ്രോജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികളിലേയ്ക്ക് ഈ മാസം 12ന് ഓരോ ഇംഗ്ലിഷ്, മലയാള പത്രങ്ങളിലാണ് കെഐഐഡിസി പരസ്യം വന്നത്. അവസാന തീയതി 15ന് വൈകിട്ട് 5 . 30,000 രൂപ ശമ്പളമുള്ള 'കാർഷിക വിദഗ്ധൻ' തസ്തികയിലേയ്ക്കാണ് മുൻ നിശ്ചയിക്കപ്പെട്ടവർക്കു വേണ്ടിയെന്നു കരുതാവുന്ന യോഗ്യതകൾ നിശ്ചയിച്ചിരിക്കുന്നത്. അഗ്രികൾച്ചർ ബിഎസ്സി, കാർഷിക വികസന മേഖലയിൽ കുറഞ്ഞത് 10 വർഷം പരിചയം, തുള്ളിനന വളപ്രയോഗത്തിൽ പരിചയം അഭികാമ്യം ഇതൊക്കെയാണ് മറ്റു യോഗ്യതകൾ. ഇതോടൊപ്പം ക്ഷണിച്ചിരിക്കുന്ന ഇലക്ട്രിക്കൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായം 35 വയസ്സാണ്.
ഇങ്ങനെ പലതരം നിയമനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. അതിനിടെ വ്യവസായ വകുപ്പിനു കീഴിലുള്ള ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസിൽ (കെഎംഎംഎൽ) വിവാദമായ ജൂനിയർ ഖലാസി തസ്തികയിലേക്കുള്ള നിയമനങ്ങൾ വകുപ്പു മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫംഗത്തിനും സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും മറ്റുമായി വീതംവച്ചത് ചർച്ചയാകുന്നു. നൈപുണ്യ- അഭിമുഖ പരീക്ഷകൾക്കെത്തിയ ഉദ്യോഗാർഥികൾ നിരാശരായാണ് ഇതും നൽകുന്നത്.
തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മകളുടെ ഭർത്താവും വകുപ്പുമന്ത്രി ഇ.പി. ജയരാജന്റെ പഴ്‌സനൽ സ്റ്റാഫംഗവുമായ വ്യക്തി, കരുനാഗപ്പള്ളിയിലെ ലോക്കൽ സെക്രട്ടറിയുടെ മകളുടെ ഭർത്താവ്, ഡിവൈഎഫ്‌ഐ ഏരിയ നേതാവ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയവർക്കായാണ് ആകെയുള്ള 8 ഒഴിവുകളിൽ മിക്കതും ലഭിച്ചത്. എല്ലാം പാർട്ടി നിയമനങ്ങൾ. താൽകാലികക്കാരായി സിപിഎമ്മുകാരെ നിയമിക്കുന്നുവെന്ന വിവാദങ്ങൾക്ക് ആരും വില നൽകുന്നില്ലെന്നതിന് തെളിവാണ് ഇതും.
അംഗീകൃത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെന്ന പേരിൽ സ്‌ക്രൂട്ടിനി കമ്മിറ്റിയും മുൻ മാനേജിങ് ഡയറക്ടർമാരും അയോഗ്യനാക്കിയ ഡിവൈഎഫ്‌ഐ നേതാവിനു നിയമന ഉത്തരവു നൽകിയപ്പോൾ, 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള താൽക്കാലിക ജീവനക്കാരനെ ഒഴിവാക്കി. ആദ്യം അപേക്ഷിക്കാതിരുന്ന 'പാർട്ടി ബന്ധുക്കളുടെ' അപേക്ഷ പിന്നീട് ഫയലിൽ തിരുകി നിയമനത്തിനു യോഗ്യരാക്കുകയും ചെയ്തുവെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി ഓഫിസിൽ നിന്നുള്ള ശുപാർശക്കത്തിന്റെ ഉൾപ്പെടെ ബലത്തിൽ 8 പേർക്കു നിയമന ഉത്തരവ് നൽകിയപ്പോൾ യോഗ്യതയുള്ള ഉദ്യോഗാർഥികളെല്ലാം തഴയപ്പെട്ടു. നിയമനം നിഷേധിക്കപ്പെട്ട താൽക്കാലിക ജീവനക്കാരന്റെ ഹർജിയിൽ, നിയമന നടപടി നിലവിലുള്ള കേസിന്റെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. സിലക്ട് പട്ടികയിൽ ഉൾപ്പെട്ടവരെ നാളെത്തന്നെ ജോലിയിൽ പ്രവേശിപ്പിക്കാനാണു നീക്കം.
തിരുവനന്തപുരത്തെ ഏരിയ സെക്രട്ടറിയുടെ മരുമകൻ ജയരാജന്റെ പഴ്‌സനൽ സ്റ്റാഫിലെത്തിയിട്ട് ഒന്നര വർഷത്തോളമേ ആകുന്നുള്ളൂ. പെൻഷൻ കിട്ടില്ല എന്ന കാരണത്താൽ, പുതിയ ജോലി തന്നെ തരപ്പെടുത്തുകയായിരുന്നു. കരുനാഗപ്പള്ളിയിലെ ലോക്കൽ സെക്രട്ടറിയുടെ മരുമകനെ ഇപ്പോൾ കെഎംഎംഎല്ലിൽ നിയമിച്ചപ്പോൾ മകൾക്കു നേരത്തേ കുടുംബശ്രീയിൽ അക്കൗണ്ടന്റായി ജോലി തരപ്പെടുത്തി. ഇളയമകൾക്കു പാർട്ടി സ്‌കൂളിലും ജോലിയായി. അങ്ങനെ പോകുന്നു മനോരമ റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ