കൊച്ചി: തർക്കത്തിലായിരുന്ന എംജി റോഡിലെ ശീമാട്ടി ടെക്‌സ്‌റ്റൈൽസിന്റെ ഭൂമി കൊച്ചി മെട്രോയ്ക്കുവേണ്ടി ഏറ്റെടുക്കും. 32.072 സെന്റ് ഭൂമിയാണ് പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാൻ കെഎംആർഎലിന്റെ തീരുമാനം. ശീമാട്ടി ഉടമ ബീന കണ്ണനുമായി നടന്ന ഇരുപതാമത്തെ ചർച്ചയും പൊളിഞ്ഞതോടെയാണ് തീരുമാനം.

കെഎംആർഎൽ മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജാണ് ശീമാട്ടി ടെക്‌സ്‌റ്റൈൽസ് ഉടമ ബീനാ കണ്ണനുമായി ചർച്ച നടത്തിയത്. ഇതു പരാജയപ്പെട്ടതിനെത്തുടർന്നാണ് ഭൂമിയേറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ ഉപയോഗിച്ച് എത്രയും വേഗം സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. ഇതിനായി റവന്യു അധികൃതർക്ക് ഇന്നലെതന്നെ കത്ത് നൽകി. ജില്ലാ കലക്ടർ നോട്ടീസ് പുറപ്പെടുവിക്കുന്നതോടെ 48 മണിക്കൂറിനകം പൊന്നുംവില നൽകി ഭൂമി ഏറ്റെടുക്കാനാകും.

സ്ഥലം മെട്രോ റെയിലിന് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തുടക്കം മുതലേ നിലനിന്ന തർക്കത്തിന് ചർച്ചകൾക്ക് ശേഷവും പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിലാണ് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകുന്നത്. അതേ സമയം ഭൂമി ഏറ്റെടുക്കലിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബീനാ കണ്ണൻ അറിയിച്ചു.

സ്ഥലമേറ്റെടുപ്പിന്റെ കാര്യത്തിൽ ശീമാട്ടിയുമായി ഉഭയകക്ഷി ധാരണയുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു കെഎംആർഎൽ ധാരണാപത്രം തയാറാക്കാനാണ് ഇരുപതുതവണയെങ്കിലും ബീന കണ്ണനുമായി കെഎംആർഎൽ പ്രതിനിധികൾ ചർച്ച നടത്തിയത്. ഏലിയാസ് ജോർജ് തന്നെ മൂന്നുവട്ടം ബീനാ കണ്ണനുമായി നേരിട്ട് ചർച്ച നടത്തി.

എന്നാൽ ഇന്നലെ കെഎംആർഎൽ ഓഫീസിൽ നടന്ന ചർച്ചയിൽ ബീനാ കണ്ണൻ മുന്നോട്ടുവച്ച വ്യവസ്ഥകൾ പലതും കെഎംആർഎലിനു സ്വീകാര്യമായില്ല. കെഎംആർഎല്ലിന്റെ നിർദ്ദേശങ്ങൾ ബീനാ കണ്ണനും തള്ളി. നഷ്ടപരിഹാരം നൽകാതെയും മെട്രോ റെയിൽ വയഡക്ടിന്റെ തൂണുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തിന്റെ ഉപയോഗം അടിസ്ഥാനമാക്കിയുമാണ് കെഎംആർഎൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾക്ക് രൂപം നൽകിയിരുന്നത്. ഈ ഭാഗത്ത് ശീമാട്ടിക്ക് പാർക്കിംഗിന് അനുമതി നൽകുമെന്നതായിരുന്നു ഒരു ധാരണ.

തൂണുകളിൽ പരസ്യം നൽകുമ്പോൾ ശീമാട്ടിക്ക് മുൻഗണന നൽകുമെന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. എന്നാൽ തൂണുകളിൽ പരസ്യം നൽകുന്നതിനുള്ള പൂർണ അവകാശം ശീമാട്ടിക്ക് ലഭിക്കണമെന്ന് ബീനാ കണ്ണൻ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തൂണുകൾ നിർമ്മിക്കുന്ന ഭൂമിക്ക് വില നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇത് കെഎംആർഎല്ലിന് സ്വീകാര്യമായില്ല. ഇതോടെയാണ് പൊന്നും വില കോടതിയിൽ കെട്ടിവച്ചു സ്ഥലം ഏറ്റെടുക്കാൻ കെഎംആർഎൽ തീരുമാനിച്ചത്.