തിരുവനന്തപുരം: മാറ്റർ ഓഫ് ഫാക്ട് മാത്രം. നാടകീയതകളോ 'അത്ഭുത' പ്രഖ്യാപനങ്ങളോ കവിതാശകലങ്ങളോ ഇല്ല. താൻ സഞ്ചരിക്കുക തോമസ് ഐസക്കിന്റെ വഴിയിലൂടെ അല്ലെന്ന് പ്രഖ്യാപിക്കുകയാണ് കെ എൻ ബാലഗോപാൽ. സാമ്പത്തിക ശാസ്ത്രജ്ഞന്റെ മെയ് വഴക്കം ഇല്ലെങ്കിലും കാര്യം പറയാനും നടപ്പാക്കാനും തനിക്ക് കഴിയുമെന്ന് തെളിയിക്കുകയാണ് ബാലഗോപാൽ. മഹാരഥന്മാരുടെ ഉദ്ധരണികളും കെ.എൻ ബാലഗോപാലിന്റെ കന്നി ബജറ്റിൽ ഇടംപിടിച്ചില്ല. കൃത്യം ഒരു മണിക്കൂറിന് കുറച്ച് മുകളിൽ സമയം മാത്രം നീണ്ട ബജറ്റ് വായന രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം 10.2ന് പൂർത്തിയായി പിരിഞ്ഞു. ബജറ്റ് വായനയിൽ തന്നെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളിൽ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്.

ആദ്യ പിണറായി സർക്കാരിന്റെ അവസാന വർഷ ബജറ്റ് ക്ഷേമപദ്ധതികൾ കൊണ്ടും പൊതുജനങ്ങളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ കൊണ്ടും നിറഞ്ഞപ്പോൾ ബജറ്റ് പ്രസംഗം നീണ്ടത് മൂന്നേകാൽ മണിക്കൂറോളം ആയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗമാണ് ധനമന്ത്രി തോമസ് ഐസക് അന്ന് നടത്തിയത്. മുൻ ധനമന്ത്രി കെഎം മാണിയുടെ റെക്കോഡാണ് തോമസ് ഐസക് കഴിഞ്ഞ പ്രസംഗത്തിൽ കടത്തിവെട്ടിയത്. മൂന്ന് മണിക്കൂർ 18 മിനിട്ടായിരുന്നു തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് എടുത്ത സമയം. എന്നാൽ ഈ മാതൃകയിൽ നിന്നും ബാലഗോപാൽ മാറി സഞ്ചരിച്ചു. പുതുക്കിയ ബജറ്റിൽ കാര്യങ്ങൾ മാത്രം ഉൾപ്പെടുത്തി.

കെഎൻ ബാലഗോപാൽ സാമ്പത്തിക വിദഗ്ധനൊന്നുമല്ല. പക്ഷേ സാമ്പത്തികത്തിലെ സാധാരണക്കാരന്റെ ചിന്തകൾ അറിയാവുന്ന സാമ്പത്തിക വിദഗ്ധൻ. കേരളം ജിഎസ്ടിയെ പിന്തുണച്ചത് തോമസ് ഐസകിന്റെ വാക്കു കേട്ടാണ്. എന്നാൽ ബാലഗോപാലിന് മറ്റൊരു ചിന്തയാണുണ്ടായിരുന്നത്. ജി എസ് ടി നടപ്പിലായി വർഷങ്ങൾ കഴിയുമ്പോൾ ബാലഗോപാലാണ് ശരിയെന്ന് സിപിഎം തിരിച്ചറിഞ്ഞു. ഇതിനുള്ള അംഗീകാരമായിരുന്നു ബാലഗോപാലിനുള്ള ധനമന്ത്രി സ്ഥാനം. വിദ്യാഭ്യാസ ശേഷം ലഭിച്ച പൊതുമേഖലാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് മുഴുവൻസമയ പൊതുപ്രവർത്തകനായ കെ എൻ ബാലഗോപാൽ പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുകയായിരുന്നു ഈ ബജറ്റ് അവതരണത്തിലൂടെ.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് ബാലഗോപാലിനെയായിരുന്നു. പിണറായി വിജയന്റെ അതിവിശ്വസ്തനായ നേതാവായിരുന്നു എന്നും ബാലഗോപാൽ. പി രാജീവിനേയും ധനവകുപ്പിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തന്റെ പിൻഗാമി രാജീവനായിരിക്കുമെന്ന് പരോക്ഷ സൂചനകളുമായി ധനമന്ത്രിയായിരുന്ന തോമസ് ഐസക് തന്നെ സംസാരിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് വ്യവസായത്തിലേക്ക് രാജീവിനെ തട്ടുന്നത്. തോമസ് ഐസക് തന്റെ പിൻഗാമിയി കണ്ട വ്യക്തിയെ ധനവകുപ്പിൽ നിന്ന് ഒഴിവാക്കുന്നുവെന്ന് സാരം. ജി എസ് ടിയിലെ ഐസക്കിന്റെ വിമർശകന് അതിന്റെ ഗുണവും ലഭിച്ചു. ആദ്യം ബജറ്റ് അവതരണത്തിലും പ്രതീക്ഷ കാത്തു സൂക്ഷിക്കുകയാണ് ബാലഗോപാൽ.

തികഞ്ഞ യാഥാർഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അഭിമുഖീകരിച്ചുമുള്ള ബജറ്റ് ഊന്നൽ നൽകിയതും കോവിഡ് പ്രതിരോധത്തിന് തന്നെയാണ്. കോവിഡ് കാലത്ത് പുതിയ നികുതി നിർദ്ദേശങ്ങളില്ലാതെ ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ ചിലനിർദ്ദേശങ്ങൾ അതേ പടി ഇതിന്റെയും ഭാഗമാക്കുന്നു എന്ന പ്രഖ്യാപനത്തോടെയാണ് 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. ഐസകിന്റെ ബജറ്റിലെ പ്രഖ്യാപനം എല്ലാം നടപ്പാക്കുമെന്ന് പിന്നീട് വാർത്താ സമ്മേളനത്തിൽ ബാലഗോപാൽ വ്യക്തമാക്കുകയും ചെയ്തു. മുൻഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു. മണിക്കൂറുകൾ ബജറ്റ് അവതരണം നീളുകയും ചെയ്യുമായിരുന്നു.

അതിവേഗം പ്രസംഗം അവസാനിപ്പിക്കണമെന്ന് ബാലഗോപാൽ തീരുമാനിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്പീഡ് കൂട്ടിയായിരുന്നു അവതരണം. ആളുകളുടെ വാഹക ശേഷി കൂട്ടി സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുകയാണ് പദ്ധതി. കോവിഡ് വാക്‌സിനേഷനിലൂടെ കോവിഡിനെതിരെ പ്രതിരോധം തീർക്കും. ഇതോടെ കേരളത്തിൽ വന്നാലും രോഗം വരില്ലെന്ന പൊതുധാരണയുണ്ടാകും. ഇതോടെ കൂടുതൽ പേർ കേരളത്തിൽ എത്തും. ടൂറിസം രംഗം പുഷ്ടിപ്പെടും. അങ്ങനെ വികസനത്തിന് ആരോഗ്യ രംഗത്തെ കരുതലിലൂടെ ശ്രമിക്കുകയാണ് ബാലഗോപാൽ.

സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ നികുതി വർധനവ് അനിവാര്യമാണെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതി നിർദ്ദേശങ്ങൾ പ്രഖ്യാപിക്കുന്നില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിച്ചു. നികുതി കുടിശ്ശിക എത്രയും പെട്ടെന്ന് അടയ്ക്കാൻ മനസ്സുകാണിക്കണം. കോവിഡിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.നികുതി-നികുതിയേതര വരുമാനം കൂട്ടാതെ പിടിച്ചുനിൽക്കാനാവില്ല. ഇതിനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കും. എന്നാൽ ഇക്കാര്യങ്ങൾ ഊർജിതമാക്കാൻ പറ്റിയ സന്ദർഭമല്ല ഇപ്പോഴുള്ളത്. സമ്പദ്ഘടന വളർച്ചയുടെ പാതയിലേക്ക് വന്നാൽ നികുതി-നികുതിയേതര വരുമാനത്തിന്റെ കാര്യത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കും.

2020ലെ ആംനസ്റ്റി പദ്ധതിയിൽ ഒരു തവണയെങ്കിലും അടയ്ക്കുകയും പിന്നീട് വീഴ്ചവരുത്തുകയും ചെയ്ത നികുതിദായകർക്ക് തവണയായി അടച്ച കുടിശ്ശികകളിൽ ഏറ്റവും പഴയ കുടിശ്ശികയിലേക്കുള്ള നികുതി അടവായി ക്രമീകരിക്കും. ചരക്ക് സേവന നികുതി നിയമത്തിൽ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്ത ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും വരുത്തും. വ്യാപാരികളെയും വ്യവസായികളെയും സമ്മർദ്ദത്തിലാക്കിയുള്ള നികുതിപിരിവ് കേരളത്തിന് ആവശ്യമില്ല. എന്നാൽ നികുതി വെട്ടിപ്പ് നടത്തുന്നവരെ നിലയ്ക്കുനിർത്താനുള്ള ശ്രമമുണ്ടാകുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മന്ത്രിയായി ബാലഗോപാലിനെ സിപിഐ എം സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചപ്പോൾ മലയാളികളുടെ മനസിൽ തെളിഞ്ഞത് പലതവണ ജയിൽവാസവും പൊലീസ് മർദനവും ഏറ്റുവാങ്ങിയ പഴയ വിദ്യാർത്ഥി നേതാവിനെയാണ്. യുഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ കച്ചവടത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെ ബാലഗോപാലിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെ നടന്ന കാൽനടജാഥയും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഇങ്ങനെ കാൽനട ജാഥ നയിച്ച ആദ്യത്തെ വിദ്യാർത്ഥി ജാഥയുടെ ക്യാപ്റ്റനാണ് ബാലഗോപാൽ.

പത്തനാപുരം കലഞ്ഞൂർ ശ്രീനികേതനിൽ പരേതരായ പി. കെ. നാരായണപ്പണിക്കരുടെയും ഒ.വി.രാധാമണി അമ്മയുടെയും മകൻ. എം. കോം, എൽ എൽ എം ബിരുദധാരി. ഭാര്യ: കോളജ് അദ്ധ്യാപികയായ ആശാ പ്രഭാകരൻ. മക്കൾ: വിദ്യാർത്ഥികളായ കല്യാണി, ശ്രീഹരി. പുനലൂർ എസ് എൻ കോളേജ് യൂണിയൻ മാഗസിൻ എഡിറ്ററ്റായാണ് വിദ്യാർത്ഥി രാഷ്ട്രീയ രംഗത്ത് തുടക്കം. പുനലൂർ എസ് എൻ കോളേജ് യൂണിയൻ ചെയർമാൻ, എസ്.എഫ്.ഐ പുനലൂർ ഏരിയ പ്രസിഡന്റ്, തിരുവനന്തപുരം എം.ജി കോളേജ് യൂണിയൻ ചെയർമാൻ, എസ്എഫ്‌ഐ കൊല്ലം ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു.

സിപിഐ എം കൊല്ലം ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്ന വിധത്തിൽ വലിയ ഇടപെടലുകൾ നടത്തി. ജില്ല നേരിടുന്ന കടുത്ത വരൾച്ചയെ നേരിടാൻ ആവിഷ്‌കരിച്ച മഴക്കൊയ്ത്ത് പദ്ധതി വൻവിജയമായി. 2010 മുതൽ 16 വരെയാണ് കെ എൻ ബാലഗോപാൽ രാജ്യസഭാംഗമായി പ്രവർത്തിച്ചത്. 2016 ഇന്ത്യയിലെ ഏറ്റവും മികച്ച രാജ്യസഭാംഗത്തിനുള്ള സൻസദ് രത്ന പുരസ്‌കാരം ലഭിച്ചു. ശ്രദ്ധേയമായ നിരവധി ഇടപെടലുകളാണ് ഇക്കാലത്ത് പാർലമെന്റിനകത്തും പുറത്തും അദ്ദേഹം നടത്തിയത്.