തൃശൂർ: ഗുരുവായൂരിൽ ബിജെപി അനുകൂലികളുടെ വോട്ട് വേണ്ടെന്നു പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ധൈര്യം കാട്ടണമെന്നു യുഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.എ. ഖാദർ. ഗുരുവായൂരിൽ യുഡിഎഫ് ബിജെപി ധാരണയെന്ന ആരോപണത്തിനു ചാവക്കാട് ഇരട്ടപ്പുഴയിൽ തിരഞ്ഞെടുപ്പു യോഗത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എല്ലാവരുടെയും വോട്ട് സ്വീകരിക്കും. അതു കമ്യൂണിസ്റ്റുകാരോ ബിജെപിക്കാരോ എന്നു നോക്കില്ല. വോട്ടുവേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണു ഞാൻ. അതങ്ങനെ ആവുകയും ചെയ്യും' ഖാദർ പറഞ്ഞു.

ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ.എൻ.എ ഖാദറെന്ന് മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ബിജെപിക്ക് ഗുരുവായൂരിൽ സ്ഥാനാർത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കൽ പാളയങ്ങൾക്ക് കാവൽ നിൽക്കാൻ ഇത്തരത്തിലുള്ള ലീഗ് നേതാക്കൾ കാവൽ നിൽക്കാൻ മടിക്കില്ലെന്നും പിണറായി വിജയൻ പരിഹസിച്ചിരുന്നു.

'ഗുരുവായൂർ മണ്ഡലത്തിലാണ് ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതായത്. അതൊരു കൈയബദ്ധമോ സങ്കേതിക പിഴവോ ആണെന്ന് വിചാരിക്കാൻ കുറച്ച് വിഷമമുണ്ട്. കെ.എൻ.എ ഖാദർ സ്ഥാനാർത്ഥി ആയതിന് ശേഷം സാധാരണ ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബിജെപിയുടെ പിന്തുണ വാങ്ങാൻ കഴിയുന്ന പരസ്യ പ്രചാരണം ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി' പിണറായി പറഞ്ഞു.

ഖാദർ സ്ഥാനാർത്ഥി ആയപ്പോൾ തന്നെ ബിജെപിയുടെ കൂടി പിന്തുണ കിട്ടാനുള്ള ചില നടപടികൾ സ്വീകരിച്ചിരുന്നുവെന്നും പിണറായി വിമർശിച്ചു.ഖാദർ ബിജെപിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ എൻ എ ഖാദർ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പില്ലാത്തതിനാൽ ബിജെപിയുടെ പ്രകടന പത്രിക തള്ളിപോയിരുന്നു.