മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുന്നാളിനു നവ ദിനങ്ങൾ മാത്രം അവശേഷിക്കേ യുകെയിലെ ക്‌നാനായ ജനത ആവേശ കൊടുമുടിയിലായി. സഭാ സ്‌നേഹം ആത്മാവിൽ അഗ്നിയായും സമുദായ സ്‌നേഹം രക്തത്തിൽ അലിഞ്ഞു ചേർന്ന് യുകെ ക്‌നാനായ കത്തോലിക്കരുടെ പ്രഥമ ക്‌നാനായ ചാപ്ലയൻസി തിരുന്നാൾ ഭക്തി സാന്ദ്രമായി ആചരിക്കുനമ്പോൾ പ്രസുദേന്തി വാഴ്ചയും പരിശുദ്ധ കന്യകാമാതാവിന്റെ പുതിയ തിരുസ്വരൂപ പ്രതിഷ്ഠയും ഞായറാഴ്ച നടക്കും.

ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് വിഥിൻഷോയിലെ സെന്റ് എലിസബത്ത് ചർച്ചിൽ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പ് കർമ്മം ചാപ്ലയിൻ ഫാ: സജി മലയിൽ പുത്തൻപുരയിൽ നിർവ്വഹിക്കും. തുടർന്ന് സിബി കണ്ടത്തിൽ അലങ്കാര കൊത്തു പണികളുള്ള രൂപകൂട്ടിലേക്ക് തിരുസ്വരൂപം പ്രതിഷ്ഠിക്കും. അത് തുടർന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യബലിയും നടത്തപ്പെടും.

ദിവ്യബലിക്ക് ശേഷം ക്‌നാനായ ചാപ്ലയൻസി കൂടാര യോഗങ്ങളുടെയും സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്‌കൂൾ വിദ്യാർത്ഥികളുടെയും കായികമേള നടത്തപ്പെടും തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കൂടാരോയോഗത്തിന് എവർ റോളിങ്ങ് ട്രോഫി സമ്മാനിക്കും.

യുകെ മലയാളികൽ ദർശിക്കാൻ പോകുന്ന ഏറ്റവും മനോഹരമായ ദേവാലയ അലങ്കാരങ്ങളാണ് ഇത്തവണ ക്‌നാനായ തിരുന്നാളിനു അണിഞ്ഞൊരുങ്ങുന്നത്. മൂന്ന് സഭാ മേലധ്യക്ഷന്മാരും നിരവധി വൈദികരും സംബന്ധിക്കുന്ന പ്രഥമ ക്‌നാനായ തിരുന്നാളിന് ഫാ: സജി മലയിൽ പുത്തൻപുര ജനറൽ കൺവീനറായി റെജി മഠത്തിലേട്ട്, ഉതുപ്പ് കുന്നുകാലായിൽ, മാർട്ടിൻ മലയിൽ എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ഒക്‌ടോബർ ഒന്നിനു വിഥിൻഷോയിലെ സെന്റ് ആന്റണീസ് ചർച്ചിലാണ് പ്രധാന തിരുന്നാൾ നടത്തപ്പെടുന്നത്. പ്രസുദേന്തിയാകുവാൻ ആഗ്രഹിക്കുന്നവർ സിറിയക് ജെയംസ് (ബാബു) നെ 07806785860 നെ ബന്ധപ്പെടേണ്ടതാണ്.