മാഞ്ചസ്റ്റർ: പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് ദിവസം കൂടി മാത്രം അവശേഷിക്കെ ക്‌നാനായ സമുദായാംഗങ്ങളുടെ ആവേശം അലതല്ലുകയാണ്. സമുദായ - സഭാ സ്‌നേഹം രക്തത്തിൽ അലിഞ്ഞു ചേർന്ന സമൂദായാംഗങ്ങൾ യൂറോപ്പിലെ ആദ്യ ചാപ്ലയൻസി തിരുനാൾ ഭക്ത്യാദരപൂർവ്വം സമുചിതമായി ആചരിക്കുമ്പോൾ മാഞ്ചസ്റ്റർ നഗരവീഥിയിലൂടെ തിരുനാൾ പ്രദിക്ഷണം നടക്കുമ്പോൾ അത് ക്രൈസ്തവ വിശ്വാസ പ്രഘോഷണ വേദിയായി മാറും.

വിജയപതാകകളും, മുത്തുക്കുടകളും, പൊൻ വെള്ളി മര കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രദിക്ഷണം നടക്കുന്ന വിവിരം വിളമ്പരം ചെയ്തുകൊണ്ട് ഐറീഷ് ബാൻഡും ചെണ്ടമേളവും പ്രദിക്ഷണത്തെ മനോഹരമാക്കും.

പ്രഥമ ക്‌നാനായ തിരുനാളിന് മൂന്ന് സഭാ പിതാക്കന്മാരുടെ സാന്നിധ്യമാണ് ഏറ്റവും സവിശേഷത. കോട്ടയം അതിരൂപതാ മെത്രാൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമ്മി കത്വത്തിൽ പൊന്തിഫിക്കൽ കുർബ്ബാന അർപ്പിക്കുമ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ വചന സന്ദേശം നൽകും. യുകെയിലെ പ്രഥമ സീറോ മലബാർ രൂപതയുടെ പ്രഥമ മെത്രാൻ പ്രഥമമായി പങ്കെടുക്കുന്ന യുകെയിലെ പ്രഥമ തിരുനാളാണ് ശനിയാഴ്ച മാഞ്ചസ്റ്ററിലെ സെന്റ് ആന്റണീസ് കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെടുന്നത്.

ഷൂസ്‌ബെറി രൂപതാ മെത്രാൻ മാർ മാർക്ക് ഡേവിസ് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും. മൂന്ന് സഭാ പിതാക്കന്മാരും പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ പൊതു സമ്മേളനവും ഇടവക ജനമൊരുക്കുന്ന നയനമനോഹരമായ മെഗാ ഷോയും കാണികളിൽ ആവേശം ഉളവാക്കും. സദസിനെ ഹഠാകൃഷിക്കുന്ന സ്വാഗതനൃത്തം മനസിനും കാതിനും കുളിർമയേകും.

മൂന്ന് ദിവസങ്ങൾ മാത്രം അവശേഷിക്കെ യുകെയിൽ എങ്ങുമുള്ള ക്‌നാനായക്കാർ ബസുകളിലും കാറുകളിലുമായി എത്തപ്പെടുമ്പോൾ വിപുലമായ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്.