ബ്രിസ്‌ബേൻ: ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്‌നാനായ മക്കളെ സഭയോടൊപ്പം വിശ്വാസത്തിൽ വളരണമെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് കാത്തലിക് കോൺഗ്രസ് ബ്രിസ്‌ബേൻ (KCCB) എന്ന കൂട്ടായ്മ  ബ്രിസ്‌ബേനിൽ ഉദ്ഘാടനം ചെയ്തു.

ബ്രിസ്‌ബേൻ രൂപത ബിഷപ് ജോസഫ് ഓൺഡെമാൻ, സ്പ്രിങ് ഫീൽഡ് സെന്റ് അഗസ്റ്റിൻസ് ഇടവക വികാരി ഫാ. മാന്റോ കോന്റേയുടെ സാന്നിധ്യത്തിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസിനു തിരിതെളിച്ചു. ക്രൈസ്തവ സംഘടനകൾ ക്രിസ്തീയ വിശ്വാസത്തിന്റെ വാഹകരാകണമെന്നു ഉദ്ഘാടന പ്രസംഗത്തിൽ പിതാവ് സൂചിപ്പിച്ചു. ക്രൈസ്തവ വിശ്വാസം അൽമായ സംഘടനയുടെ മുഖമുദ്രയാകുന്നത് സഭയുടെ വളർച്ചയ്ക്കും ക്‌നാനായ സമുദായത്തിന്റെ വളർച്ചയ്ക്കും കാരണമാകട്ടെ എന്ന് ഫാ. മാന്റോ കോന്റേ ആശംസിച്ചു.

തനിമയിൽ, ഒരുമയിൽ, സഭയോടൊപ്പം എന്ന മുദ്രാവാക്യം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കികൊണ്ട് ബ്രിസ്‌ബേനിലെ ക്‌നാനായ കുടുംബങ്ങൾ ഒന്നിക്കുമ്പോൾ കേരളത്തിനു പുറത്ത് ക്‌നാനായക്കാരിൽ ഉദിക്കുന്ന പുരോഗമന ചിന്താഗതിക്കും സഭാവിരോധത്തിനും ആത്മീയ നേതൃത്വത്തിനുമെതിരെയുള്ള പരസ്യ അവഹേളനത്തിനും എതിരെ ചിന്തിക്കുന്ന ഭൂരിപക്ഷ ക്‌നാനായ ജനത്തിന്റെ സഭാ സ്‌നേഹത്തിന് ഉദാത്ത മാതൃകയായി.

സെന്റ് അഗസ്റ്റിൻസ് ചാപ്പലിൽ അര മണിക്കൂർ പ്രാർത്ഥനയോടു കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. മാത്യു വെട്ടിക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം മാർത്തോമൻ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. ജയിംസ് മണ്ണാത്ത്മാക്കിലിന്റെ സ്വാഗത പ്രസംഗത്തോടെ പിതാവിനെ വേദിയിലേക്ക് ആനയിച്ചു.

തുടർന്നു കെസിസിബിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ഫാ. മാന്റോയുടെ ആശംസാ പ്രസംഗത്തിനുശേഷം ക്‌നാനായ സംഗീതത്തിന്റെ അകമ്പടിയോടു കൂടി തുടങ്ങിയപ്പോൾ ഏവരും ആവേശത്തോടെ പങ്കുചേർന്നു.

മെൽബൺ ക്‌നാനായ കാത്തലിക് മിഷൻ ചാപ്പലിൽ ഫാ. തോമസ് കൂമ്പുക്കൽ വീഡിയോ കോൺഫറൻസിലൂടെ കെസിസിബിക്ക് പിന്തുണയും ആശംസയും അറിയിച്ചു. സഭയോടൊത്ത് ചിന്തിക്കുന്ന പ്രവർത്തനങ്ങളിൽ വെല്ലുവിളികൾ സാധാരണമാണെന്നും അതിനെ നേരിടുവാൻ ദൈവത്തെ മുറുകെ പിടിച്ച് ധൈര്യമായി വിശ്വാസത്തിൽ ഒത്തുചേരുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

ഉഴവൂർ ഒഎൽഎൽഎച്ച്എസിലെ റിട്ട. ഹെഡ്‌മാസ്റ്റർ സ്റ്റീഫൻ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകൾ നേർന്നു. തുടർന്നു നടന്ന കലാവിരുന്ന് സദസ് വിസ്മയത്തോടെ ആസ്വദിച്ചു. നാട്ടിൽ നിന്നും എത്തിയ മാതാപിതാക്കൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. ഷാജി മുത്തുപറമ്പിൽ നന്ദി പറഞ്ഞു.

ഷാജി മുത്തുപ്പറമ്പിൽ, സൈജു സൈമൺ, കുഞ്ഞുമോൻ ഏബ്രഹാം, ഫിലിപ്പ് ചാക്കോ, റെജോ റെജി എന്നിവർ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുത്തപ്പോൾ ഗ്രേസ് റെജി, ജെറോം ജി സോയി, റൈനി രാജൻ, റാവോൺ രാജൻ എന്നിവർ കലാപരിപാടികൾക്കു നേതൃത്വം നൽകി.