പെർത്ത്: മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ അംഗങ്ങളായുള്ള പെർത്ത് നിവാസികളുടെ സംഗമവേദി സെന്റ് മേരീസ് ക്‌നാനായ കോൺഗ്രിഗേഷൻ ആൻഡ് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്ന്, ഏഴ് തീയതികളിൽ നടത്തപ്പെടുന്നു. ക്‌നാനായ അതിഭദ്രാസനത്തിലെ ധ്യാന ഗുരുക്കന്മാരിൽ പ്രശസ്തനായ ഫാ. ഷാജി ജേക്കബ് തിരുവല്ല ആണ് സംഗമത്തോടനുബന്ധിച്ചുള്ള വി. കർബാനയ്ക്കും ഫാമിലി റിട്രീറ്റിനും നേതൃത്വം നൽകുന്നത്.

നവംബർ ഒന്നിന് വൈകുന്നേരം അഞ്ചിന്  സന്ധ്യാപ്രാർത്ഥനയും തുടർന്ന് വി. കുർബാനയും സെന്റ് വിൻസന്റ് പല്ലോട്ടി കത്തോലിക്ക പള്ളിയിലും ഏഴിന് ഉച്ചകഴിഞ്ഞ് 2.30 മുതൽ ഫാമിലി റിട്രീറ്റ് കൊരിന്ത്യൻസ് പാർക്ക് ഹാളിലും നടക്കുന്നതാണ്.

കൊടുങ്ങല്ലൂരിൽ ആരംഭിച്ച് ലോകത്തെമ്പാടുമുള്ള വൻകരകളിലായി വ്യാപിച്ച് കിടക്കുന്ന ക്‌നാനയക്കാരുടെ സംഭവ ബഹുലമായ ചരിത്രം എ ഡി  345ലെ സിറിയൻ കുടിയേറ്റത്തോടെ ആരംഭിക്കുന്നു. 1600ൽ പരം വർഷങ്ങൾ പിന്നിട്ടും കനാനായക്കാർ തങ്ങളുടെ വംശശുദ്ധി നിലനിർത്തി പാരമ്പര്യങ്ങൾ കൈവിടാതെ ഇന്നും ഒരു സമുദായമായിട്ടാണ് തുടരുന്നത്. മാർത്തോമ്മാ ശ്ലീഹായാൽ സ്ഥാപിതമായ കേരള ക്രൈസ്തവ ജനതയുടെ ആത്മീയ വളർച്ച മുരടിച്ച നാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പരിശുദ്ധ അന്ത്യോഖ്യാ പാത്രീയർക്കിസ് ബാവായുടെ കല്പനയാൽ വാണിക് ശ്രേഷ്ടനായ ക്‌നായി തൊമ്മന്റെ ഉത്സാഹത്തിൽ മെത്രാപ്പൊലീത്തായും വൈദികരും അടങ്ങുന്ന ഒരു വലിയ സംഘം പായികപ്പലിൽ ഉറഹായിൽ നിന്ന് യാത്രതിരിച്ച് എഡി 345ൽ കൊടുങ്ങല്ലൂരിൽ വന്നിരങ്ങി കൊടുങ്ങല്ലൂർ കേന്ദ്രമാക്കി കൊണ്ട് കേരള ക്രൈസ്തവ ജനതയെ നാശോന്മുഖമായ അവസ്ഥയിൽ  കൈപിടിച്ചുയർത്തുന്നതിന് നേതൃത്വം നൽകി പ്രവർത്തിച്ചു എന്ന് ചരിത്രം ഘോഷിക്കുന്നു. അവരുടെ സന്തതി പരമ്പരകളാണ് ഇന്നത്തെ ക്‌നാനായ അതിഭദ്രാസന അംഗങ്ങൾ അവർക്ക് നേതൃത്വം നൽകുന്നത്. ആർച്ച് ബിഷപ്പ് കുരിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്തയാണ്.