യുകെയിലെ ക്‌നാനായക്കാർക്കായി നടക്കുന്ന ക്‌നാനായ സമ്മേളനത്തിന്റെ ചുവട് പിടിച്ച് ക്‌നാനായക്കാർക്ക് വേണ്ടിയായുള്ള യുകെ അടിസ്ഥാനത്തിൽ തിരുനാളും വരുന്നു. നാളെ മാഞ്ചസ്റ്ററിലെ വിഷിൻഷോ സെന്റ് എലിസബത്ത് ദേവാലയത്തിൽ തിരുനാൾ കൊടി ഉയരുന്നത് യൂറോപ്പിലെ ആദ്യത്തെ ക്‌നാനായ തിരുനാളിലാണ്. വിഥിൻഷോ പള്ളിയുടെ മുൻ ചാപ്ലിയനും ഷ്രൂസ്ബറി രൂപതയുടെ മുൻ സീറോ മലബാർ ചാപ്ലൈനും വിഥിൻഷോ പള്ളിയുടെ സഹവികാരിയും ആയിരുന്ന ഇപ്പോഴത്തെ ക്‌നാനായ ചാപ്ലിയൻ ഫാ. സജി മലയിൽ പുത്തൻപുരയാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.

വിഥിൻഷോ പള്ളിയുടെ ജൂലൈ മൂന്നിലെ തിരുനാളിന് തുടക്കം ഇട്ടതും യുകെയിലെ മലയാറ്റൂർ പള്ളി എന്നു പേരുണ്ടാക്കി നൽകിയതിന് നേതൃത്വം നൽകിയതും സജിയച്ചൻ ആയിരുന്നു. പിന്നീട് പുതിയ ചാപ്ലിയൻ വന്നപ്പോഴും പൂർവ്വാധികം ഭംഗിയായി തന്നെ തിരുനാൾ തുടരുന്നുണ്ട്. സജിയച്ചന്റെ കൂടി സഹകരണത്തോടെയാണ് ആ തിരുനാൾ അരങ്ങേറുന്നത്. അതിന് പുറമെയാണ് ഇപ്പോൾ ക്‌നാനായക്കാർക്ക് മാത്രമായി ഒരു ദേശീയ തിരുനാൾ ആരംഭിക്കുന്നത്. നാളെ മുതൽ ആരംഭിക്കുന്ന തിരുനാളിൽ യുകെയിലെ നാനാ ഭാഗത്ത് നിന്നും എല്ലാ ക്‌നാനായക്കാരും പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞത് ആയിരത്തോളം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

വർഷം തോറും നടക്കുന്ന ക്‌നാനായ സമ്മേളനം പോലെ തന്നെ ക്‌നാനായ തിരുനാളും ആഘോഷപൂർവ്വം ആക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ യുകെയിലെ മിക്ക ക്‌നാനായ യൂണിറ്റുകളിലും ആരംഭിച്ചിട്ടുണ്ട്. യുകെകെസിഎയുടെ എല്ലാ യൂണിറ്റുകളും തിരുനാളിലേയ്ക്ക് പ്രത്യേകമായി ആളെ എത്തിക്കുന്നുണ്ട്. ക്‌നാനായ ചാപ്ലൈൻസി ലഭിച്ച ശേഷം നടക്കുന്ന ആദ്യത്തെ പ്രധാന പരിപാടി എന്ന നിലയിലും യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്‌നാനായ ഉത്സവമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകർ.

നാളെ ഉച്ചകഴിഞ്ഞ് 2. 30 ന് വിഥിൻഷോയിലെ സെന്റ് എലിസബത്ത് ചർച്ചിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപ പ്രതിഷ്ഠയെ തുടർന്ന് പ്രസുദേന്തി വാഴ്ചയും ആഘോഷമായ ദിവ്യബലിയുമാണ് നടക്കുക. തിരുസ്വരൂപ വെഞ്ചരിപ്പ് കർമ്മം ചാപ്ലയിൻ ഫാ: സജി മലയിൽ പുത്തൻപുരയിൽ നിർവ്വഹിക്കും. തുടർന്ന് സിബി കണ്ടത്തിൽ അലങ്കാര കൊത്തു പണികളുള്ള രൂപകൂട്ടിലേക്ക് തിരുസ്വരൂപം പ്രതിഷ്ഠിക്കും. അത് തുടർന്ന് പ്രസുദേന്തി വാഴ്ചയും ദിവ്യബലിയും നടത്തപ്പെടും.

വൈകുന്നേരം നാലിന് കൂടാരയോഗത്തിന്റെ അടിസ്ഥാനത്തിൽ കായികമേളയും സമ്മാനദാനവും നടക്കും. മാഞ്ചസ്റ്റർ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ചുകൊണ്ട് കത്തോലിക്കാ വിശ്വാസ പ്രഘോഷണമാകുന്ന തിരുന്നാൾ പ്രദക്ഷിണം തദ്ദേശവാസികൾക്ക് ദൈവിക മഹത്വത്തിന്റെ പ്രകടമായ അടയാളങ്ങൾ സാധ്യമാകും. കേരള ക്രൈസ്തവ തിരുന്നാൾ പാരമ്പര്യമനുസരിച്ച് സ്വർണം വെള്ളി മരക്കുരിശുകളും വിജയ പതാകകളും മുത്തുക്കുടകളും തിരുന്നാൾ പ്രദക്ഷിണത്തിന് മോടികൂട്ടും.

വാദ്യമേളങ്ങളും സ്‌കോട്ടീഷ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിന് മിഴിവേകും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവീസ് എന്നിവരുടെ സാന്നിധ്യം വിശ്വാസികളിൽ ആവേശം ജനിപ്പിക്കും. തിരുന്നാളിനോടനുബന്ധിച്ച് ദിവ്യബലിക്കു ശേഷം നടത്തപ്പെടുന്ന കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കൂടാരായോഗത്തിന് എവർ റോളിങ്ങ് ട്രോഫി സമ്മാനിക്കും.

കരുണയുടെ വർഷത്തിലെ അസാധാരണ ജൂബിലി വർഷത്തിലെ ജപമാല മാസത്തിലെ പ്രഥമ ദിനമായ ഒക്‌ടോബർ ഒന്നിന് മാഞ്ചസ്റ്ററിലെ വിഥിൻഷോയിലെ സെന്റ് ആന്റണീസ് കാത്തലിക് ചർച്ചിലാണ് പ്രഥമ ക്‌നാനായ തിരുന്നാൾ ആചരിക്കുന്നത്. ഒക്‌ടോബർ ഒന്നിന് രാവിലെ പത്തിന് തിരുന്നാൾ തിരുക്കർമ്മങ്ങൾ ആരംഭിക്കും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന മദ്ധ്യേ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വചന പ്രഘോഷണം നടത്തും. ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവിസ് നിരവധി വൈദികർ സഹകാർമ്മികരാകും.

തിരുന്നാളിന് മോടി കൂട്ടുവാൻ സെന്റ് ജോൺ പോൾ രണ്ടാമൻ സൺഡേ സ്‌കൂളും ഭക്ത സംഘടനകളും സംയുക്തമായി നടത്തപ്പെടുന്ന കലാ സന്ധ്യയും ഉണ്ടാകും. നയന മനോഹരമാകും. വർണ്ണങ്ങൾ വാരവിതറി മനസ്സിന് കുളിർമയേകുന്ന നയന മനോഹരമായ സ്വാഗത നൃത്തം കാണികളിൽ ആവേശം വിതറും സഭാ സമുദായ സ്‌നേഹം നെഞ്ചിലഗ്നിയായി വിശ്വാസ പൈതൃകം കാത്തു പരിപാലിക്കുകയും നന്മയുടെ നൽവിത്തുകൾ ലോകമെങ്ങും പാകി ഫലപുഷ്ടമായ ജനതയെ രൂപപ്പെടുത്തുന്നതിന് മുഖ്യ പങ്ക് വഹിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ യൂറോപ്പിലെ ഏക ചാപ്ലയൻസിയിലെ പ്രഥമ തിരുന്നാളാണ് ഒക്‌ടോബർ ഒന്നിന് നടത്തപ്പെടുന്നത്.

യുകെ മലയാളികൾ ദർശിക്കാൻ പോകുന്ന ഏറ്റവും മനോഹരമായ ദേവാലയ അലങ്കാരങ്ങളാണ് ഇത്തവണ ക്‌നാനായ തിരുന്നാളിനു അണിഞ്ഞൊരുങ്ങുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോച്ചുകളിലും കാറിലുമായി വരുന്നവർക്ക് വിപുലമായ പാർക്കിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ കന്യകാമറിയത്തിന്റെ മദ്ധ്യസ്ഥതയിൽ ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും തിരുന്നാളിലേക്ക് സ്വാഗതം ചെയ്യുന്നതായി ചാപ്ലയൻ ഫാ: സജി മലയിൽ പുത്തൻപുര അറിയിച്ചു.