ബീജിങ്: ചൈനയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഏഴ് സ്‌കൂൾ വിദ്യാർത്ഥികളെ യുവാവ് കുത്തിക്കൊന്നു. വടക്കുപടിഞ്ഞാറൻ ചൈനയിലെ ഷാൻസിയിലാണ് അതിക്രമം അരങ്ങേറിയത്. കൂട്ടമായി സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സാവോ എന്നുപേരുള്ള യുവാവ് ചാടിവീണ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. യുവാവിന്റെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ ചിലർ തൽക്ഷണം മരിച്ചു. മരിച്ചവരിൽ അഞ്ചുപേർ പെൺകുട്ടികളാണ്. 12ഓളം വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

12നും 15നും ഇടയിൽ പ്രായമുള്ള നമ്പർ ത്രീ മീഡിയ സ്‌കൂൾ വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. 28 കാരനായ സാവോയും ഇതേ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇന്ന് വൈകുന്നേരം 6:10ഓടെയാണ് സംഭവം നടന്നത്. സാവോയെ സംഭവസ്ഥലത്തുവച്ച് തന്നെ കസ്റ്റഡിയിലെടുത്തെതായി മസികൗണ്ടി പൊലീസ് അറിയിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല.

ഈ വർഷം ചൈനയിൽ നടക്കുന്ന സമാനമായ രണ്ടാം സംഭവമാണിത്. ഫെബ്രുവരിയിൽ ബീജിങ്ങിലെ ഒരു സൂപ്പർമാർക്കറ്റിൽ കത്തികൊണ്ടുള്ള ആക്രമത്തിൽ ഒരു യുവതി കൊല്ലപ്പെട്ടിരുന്നു. അന്ന് 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.