എഡ്മൺറ്റൺ: സീറോ മലബാർ ഇടവകയിലെ നൈറ്റ്സ് ഓഫ് കൊളംബസ് യൂണിറ്റായ സെയിന്റ് അൽഫോൻസാ കൗണ്‌സിലിന്റെ (നമ്പർ 16320 ) വാർഷിക ഡിന്നർ നൈറ്റ് ഗംഭീരമായി ആഘോഷിച്ചു. സെയിന്റ് അൽഫോൻസാ ഇടവകയിലെ പാരിഷ് ഹാളിൽ വെച്ച്, ഏപ്രിൽ 21 ശനിയാഴ്ച വൈകീട്ട് ആറര മുതൽ ഒന്പത് വരെയായിരുന്നു ഡിന്നർ നൈറ്റ്.

നൈറ്റ്സ് ഓഫ് കൊളംബസ് ലോക്കൽ യൂണിറ്റിലെ അംഗങ്ങളും അവരുടെ കുടുംബാംഗളുമായി ഇരുന്നൂറിലധികം പേർ പരിപാടിയിൽ പങ്കെടുത്തു. സ്വാദിഷ്ടമായ തനതു കേരളീയ അത്താഴത്തോടെയാണ് കൂട്ടായ്മ ആരംഭിച്ചത്. തുടർന്ന് നടന്ന യോഗത്തിൽ ലോക്കൽ കൗൺസിൽ ഗ്രാന്റ് നൈറ്റ് ഡോണൽ ജോസഫ് സ്വാഗതം ആശംസിച്ചു. തുടർന്ന് ഇടവക വികാരി ഫാദർ ജോൺ കുടിയിരിപ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി.

നൈറ്റ്സ് ഓഫ് കൊളംബസ് ചാരിറ്റീസ് പ്രസിഡന്റ് വാലി സ്‌ട്രൈറ്റ്, ഫ്രറ്റേർണൽ അഡൈ്വസർ ബ്ലെയ്ക് സ്റ്റേബിങ്ങ്ടൺ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു. കൂടാതെ എഡ്മന്റണിലും പരിസര പ്രദേശങ്ങളിലും ഉള്ള മുഴുവൻ മലയാളീ വൈദീകരും പ്രതേക ക്ഷണിതാക്കളായി ഈ കൂട്ടായ്മയിൽ പങ്കെടുത്തു.

നൈറ്റ്സ് ഓഫ് കൊളംബസിലെ കുടംബാംഗളുടെ കലാപരിപാടികൾ ആയിരുന്നു തുടർന്ന് അരങ്ങേറിയത്. പ്രാർത്ഥനാഗാനത്തിനുശേഷം ഭരതനാട്യം, ഫ്യൂഷൻ ഡാൻസ്, ഭക്തിഗാനങ്ങൾ, ഡ്യൂയറ്റ്- സോളോ ഗാനങ്ങൾ, നൃത്തങ്ങൾ എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങിൽ അവതരിപ്പിക്കപ്പെട്ടു. നിറഞ്ഞ ചാരുതയോടെ അവതരിപ്പിക്കപ്പെട്ട പരിപാടികൾ പ്രേക്ഷകരെ ഹഠാദാകര്ഷിക്കുന്നതായിരുന്നു.

പുതിയ തലമുറയിലെ കുട്ടികൾക്കു തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരിപോഷിപ്പിക്കുവാനും ഉള്ള നല്ല ഒരു വേദിയായിരുന്നു ഈ ഡിന്നർ നൈറ്റ്. സെയിന്റ് അൽഫോൻസാ കൗൺസിൽ മുൻ ഗ്രാന്റ് നൈറ്റ്മാരായ ജോസി പുതുശ്ശേരി, വർക്കി കളപ്പുരയിൽ, ഡെപ്യൂട്ടി ഗ്രാന്റ് നൈറ്റ് ബിബു മാത്യു, പ്രോഗ്രാം കോഓർഡിനേറ്റർ മെജോ പി ജോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെബാസ്റ്റ്യൻ പൈകട നന്ദി പറഞ്ഞു.

ആഗോള കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ അൽമായ പ്രസ്ഥാനങ്ങളിലൊന്നായ നൈറ്റ്സ് ഓഫ് കൊളംബസ് എഡ്മൺറ്റണിലെ സെയിന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ കഴിഞ്ഞ നാല് വർഷമായി സജീവമായി പ്രവർത്തിച്ചു വരുന്നു. നൂറ്റിമുപ്പതു അംഗങ്ങൾ ഉള്ള കൗൺസിൽ ഇടവകക്ക് സ്വന്തമായി ദേവാലയം വാങ്ങുന്നതിൽ നിർണ്ണായകമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അതോടൊപ്പം ഇടവകയുടെയും, അംഗങ്ങളുടെയും ദൈനം ദിന പ്രവർത്തങ്ങളിലും നൈറ്റ്സ് ഓഫ് കൊളംബസ് സജീവമായ സാന്നിധ്യമാണ്.