ഡബ്ലിൻ: കാരുണ്യത്തിന്റെ ജൂബിലിവർഷം അയർലണ്ടിലെ സീറോമലബാർ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവർഷമാണ്. പ്രവാസ ദേശത്ത് സീറോ മലബാർ സഭയ്ക്ക് ദൈവം നൽകിയ അനുഗ്രഹങ്ങൾക്കും കരുതലിനും നന്ദി അർപ്പിച്ചുകൊണ്ട്  21 ശനിയാഴ്ച നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ 10.45 ന് ഡബ്ലിൻ ആർച്ച് ബിഷപ്പ് ഡോ.ഡേർമറ്റ് മാർട്ടിൻ ദശാബ്ദി ആഘോഷ പരിപാടികൾക്ക് ഭദ്രദീപം കൊളുത്തുന്നു.

തുടർന്നു നടക്കുന്ന തിരുക്കർമ്മങ്ങൾക്കും സമ്മേളനത്തിനും ഡബ്ലിൻ ആർച്ച് ബിഷപ്പ് നേതൃത്വം നല്കും. തുടർന്ന് ആഘോഷമായ പാട്ടുകുർബാനയും വർണാഭമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വർണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും ,പ്രാർത്ഥനഗാനങ്ങൾ ആലപിച്ചുകൊണ്ടും വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ (ബെൽഫാസ്റ്റ്), ഫാ. പോൽ മോരേലി (ബെൽഫാസ്റ്റ്), ഫാ. ജോസഫ് കറുകയിൽ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിൻ), ഫാ. ആന്റണി ചീരംവേലിൽ (ഡബ്ലിൻ), ഫാ. ഫ്രാൻസിസ് ജോർജ് നീലങ്കാവിൽ (കോർക്ക്) എന്നിവരുടേയും അയർലണ്ടിൽ സഭാപ്രവർത്തനങ്ങളിൽ സഹകരിക്കുന്ന മറ്റു വൈദീകരുടെയും,സഭാസമിതികളുടെയും, യൂണിറ്റ് തല ഭാരവാഹികളുടെയും നേതൃത്വത്തിൽ21 ലെ നോക്ക് തീർത്ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങൾക്കും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

നോക്ക് മരിയൻ തീർത്ഥാടനത്തിലും ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോൺ: ഫാ. ആന്റണി പെരുമായൻ അഭ്യർത്ഥിച്ചു