- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പടുത്തലിൽ തുടരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി; കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി; പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് രണ്ട് പ്രോസിക്യൂട്ടർമാരുടെ രാജി കാരണവും; നീക്കം സംവിധായകനെതിരെ ദിലീപ് പരാതി നൽകിയതിന് പിന്നാലെ
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിലുള്ള നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തതിൽ തുടർ അന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും രംഗത്ത്. പൊലീസ് കേന്ദ്രങ്ങളും പ്രോസിക്യൂഷനും അടക്കം ഇക്കാര്യം ഉന്നയിക്കവേയാണ് ഇരയായ നടിയും സമാന ആവശ്യവുമായി രംഗത്തുവന്നത്. ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നടി കത്ത് നൽകി. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടാണ് കത്ത്.കേസ് അട്ടിമറിക്കുപ്പെടുമോയെന്ന വലിയ ആശങ്കയും ഭയവും തനിക്കുണ്ടെന്ന് നടി പറയുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളും കേസിൽ രണ്ട് പ്രോസിക്യൂട്ടർമാർ ഒരേ കാരണം ചൂണ്ടിക്കാണിച്ച് രാജിവെച്ചതും നടി ചൂണ്ടിക്കാട്ടുന്നു. കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്ന് കത്തിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുൾപ്പെടെ പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി.
നേരത്തെ ബാലചന്ദ്രകുമാരിനെതിരെ ദിലീപും ഡിജിപി അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. തന്നെ ബ്ലാക്മെയിൽ ചെയ്യാനാണ് ശ്രമമെന്നാണ് ദിലീപിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ബ്ലാക് മെയിൽ സ്വഭാവത്തിലുള്ളതാണ് ഈ ഫോൺ സംഭാഷണമെന്നാണ് സൂചന. ഈ തെളിവുകൾ കോടതി സമക്ഷവും ദിലീപ് എത്തിക്കും. വിചാരണയുടെ അന്തിമ ഘട്ടത്തിലെ വെളിപ്പെടുത്തലിൽ ഗൂഢാലോചനയുണ്ടെന്നാണ് ദിലീപ് ക്യാമ്പിന്റെ സംശയം. ഈ സാഹചര്യത്തിലാണ് ബാലചന്ദ്ര കുമാറിനെതിരെ ദിലീപ് ഡിജിപിക്ക് അടക്കം പരാതി നൽകിയത്. അതിനിടെ മുഖ്യമന്ത്രിക്കും അന്വേഷണ സംഘത്തിനും നൽകിയ പരാതിയിലുള്ള കാര്യങ്ങൾ മൊഴിയിലും ബാലചന്ദ്രകുമാർ ആവർത്തിച്ചു. നാലു വർഷമായിട്ടും പരാതി നൽകാതിരുന്നതു പേടിച്ചിട്ടാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്റെ ആരോപണം ഗൗരവതരമാണെന്നാണു അന്വേഷണ സംഘത്തിന്റെ നിലപാട്.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. പുതിയ വെളിപ്പെടുത്തലുകളാണു പുറത്തുവന്നതെന്നും അതിനാൽ തുടരന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ കഴിഞ്ഞാഴ്ച കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം പൂർത്തിയാകുംവരെ വിചാരണ നടപടി നിർത്തിവയ്ക്കണമെന്ന അപേക്ഷയിൽ കോടതി നാളെ തീരുമാനമെടുക്കും. ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന അപേക്ഷ വിചാരണക്കോടതി തള്ളിയതിനെതിരേ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ആറിനു ഹൈക്കോടതി പരിഗണിക്കും.
ക്രിമിനൽ നടപടിച്ചട്ടം വകുപ്പ് 173 (8) പ്രകാരം തുടരന്വേഷണത്തിന് അന്വേഷണ ഉദ്യോഗസ്ഥനു കോടതിയുടെ അനുമതി ആവശ്യമില്ല. കോടതിയെ അറിയിച്ചാൽ മതിയാകും. അന്വേഷണം കഴിയുന്നതുവരെ വിചാരണ നടപടി നിർത്തിവയ്ക്കണമോ എന്നതു കോടതിക്കു തീരുമാനിക്കാം. കോടതി തീരുമാനം എതിരെങ്കിൽ പ്രോസിക്യൂഷൻ മേൽക്കോടതിയെ സമീപിച്ചേക്കും. നടിയെ ആക്രമിച്ച കേസിൽ വിചാരണ അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണു പുതിയ വെളിപ്പെടുത്തൽ.
പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്നതടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തണമെന്നു പൊലീസ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അറിയിച്ചിരുന്നു. വെളിപ്പെടുത്തലിന്റെ വെളിച്ചത്തിൽ അന്വേഷണം നടത്താതിരുന്നാൽ, ഭാവിയിൽ പൊലീസിനും തലവേദനയാകും. ദൃശ്യത്തിന്റെ പകർപ്പ് പുറത്തുനിന്നു കണ്ടെത്തുന്ന പക്ഷം ഉത്തരം നൽകേണ്ടിവരിക പൊലീസാകും. ഈ ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നത് അതിനിർണ്ണായകമാകും.കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ രാജിവച്ചതോടെ പകരം ആളെ സർക്കാർ കണ്ടെത്തേണ്ടി വരും. അതുവരെ വിചാരണ പുനരാരംഭിക്കാനാകില്ല.
കേസിൽ രാജിവെക്കുന്ന രണ്ടാമത്തെ പ്രോസിക്യൂട്ടറാണ് അനിൽകുമാർ. മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സുകേശനും സമാന സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ പദവി ഒഴിഞ്ഞത്. സാക്ഷിയെ വിസ്തരിക്കാൻ അനുവദിക്കുന്നില്ല എന്നടതടക്കം പബ്ലിക് പ്രോസിക്യൂട്ടറുടെ ആവശ്യങ്ങൾ കോടതി പരിഗണിക്കുന്നില്ലെന്നാണ് ആരോപിച്ചാണ് രാജി.
മറുനാടന് മലയാളി ബ്യൂറോ