- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവനടിയെ അപമാനിച്ച പ്രതികളെ റിമാന്റ് ചെയ്തു; കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആദിലിനെയും റംഷാദിനെയും റിമാന്റ് ചെയ്തത് 14 ദിവസത്തേക്ക്; നടി മാപ്പ് നൽകിയെങ്കിലും കേസുമായി മുന്നോട്ട് പോകാനുറച്ച് പൊലീസ്
കൊച്ചി: കൊച്ചി: കൊച്ചിയിൽ യുവനടിയെ അപമാനിച്ച പ്രതികളെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ആദിൽ, റംഷാദ് എന്നിവരെ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. സംഭവത്തിൽ നടിയും കുടുംബവും പ്രതികൾക്ക് മാപ്പ് നൽകിയെങ്കിലും കേസ് നടപടി അവസാനിപ്പിക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. നടിയെ അപമാനിച്ചതിൽ പൊലീസ് സ്വമേധയാ ആണ് നടപടികൾ തുടങ്ങിയതെങ്കിലും നടിയുടെ അമ്മ നൽകിയ മൊഴി അടിസ്ഥാനമാക്കിയാണ് കേസെടുത്തിട്ടുള്ളത്. നടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കെോവിഡ് പരിശോധനക്ക് ശേഷം ഉച്ചയോടെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്യുകയായിരുന്നു.
നടി പ്രതികൾക്ക് മാപ്പ് നൽകിയെങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് പൊലീസിന്റെ തീരുമാനം. നടി കൊച്ചിയിലെത്തിയാൽ മൊഴിയെടുക്കും. അതിനിടെ പ്രതികളുടെ കുടുംബം ഒത്തുതീർപ്പിന് ശ്രമിച്ചെന്നാണ് സൂചന. അത്യന്തം നാടകീയമായാണ് നടിയെ അപമാനിച്ച കേസിലെ പ്രതികളായ റംഷാദിനെയും ആദിലിനെയും ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തത്. കളമശേരി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനായി അഭിഭാഷകനൊപ്പം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള കുസാറ്റ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് പിന്നീട് മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെയാണ് പ്രതികൾക്ക് മാപ്പ് നൽകിയെന്നറിയിച്ച് ഇൻസ്റ്റഗ്രാമിലൂടെ അപമാനത്തിനിരയായ നടി രംഗത്തെത്തിയത്. പിന്തുണച്ച പൊലീസിനും മാധ്യമങ്ങൾക്കും കുടുംബത്തിനും നടി നന്ദി അറിയിച്ചു. നേരത്തെ ബോധപൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ലെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും പറഞ്ഞുകൊണ്ടുള്ള വീഡിയോ പ്രതികളായ റംഷാദും ആദിലും പുറത്തുവിട്ടിരുന്നു
വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കുടുംബത്തോടൊപ്പം കൊച്ചിയിലെ മാളിൽ എത്തിയ തന്നെ രണ്ട് ചെറുപ്പക്കാർ അപമാനിച്ചെന്നും ശരീരത്തിൽ സ്പർശിച്ചശേഷം പിന്തുടർന്നുവെന്നും നടി സാമൂഹിക മാധ്യമത്തിലൂടെയാണ് വെളിപ്പെടുത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ അന്വേഷണം നടത്താൻ കളമശ്ശേരി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു.
മറുനാടന് ഡെസ്ക്