ന്യൂയോർക്ക് : നെടുമ്പാശ്ശേരി വിമാനതാവളം അസിസ്റ്റന്റ് കമ്മീഷ്നറും ചിത്രകാരനും തൃശൂർ സ്വദേശിയുമായ ഫ്രാൻസിസ് കോടങ്കത്തിന്റെ ചിത്രപ്രദർശനം ഗാന്ധിജയന്തി ദിനത്തിൽ ന്യൂയോർക്കിലെ യു.എൻ.അസംബ്ലി പോഡിയത്തിൽ നടത്തി.

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ചേർന്ന പ്രത്യേക അസംബ്ലി സമ്മേളനത്തിലാണ് ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്ന 13 ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നത്.

ഗാന്ധിജിയുടെ ജയിൽ ജീവിതം, നെഹ്റുവുമൊത്ത് പ്രവർത്തിച്ച കാലം, ദണ്ഡിയാത്ര, ജിന്നയും ഗാന്ധിജിയും എന്നിവയെല്ലാം ഖാദി തുണിയിലാണ് മനോഹരമായി ആലേഖനം ചെയ്തിരുന്നത്.

യു.എൻ. പ്രദർശനത്തിനു ശേഷം ഇതേ ചിത്രങ്ങൾ ന്യൂയോർക്കിലെ ശാന്തി ഫൗണ്ടേഷനിലും, ഇന്ത്യൻ കോൺസുലേറ്റിലും പ്രദർശിപ്പിച്ചത് പൊതുജനങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഇതോടൊപ്പം ഒറിഗണിലെ ഡോക്ടറും, കോഴിക്കോട് സ്വദേശിയുമായ അരുൺ ടു കുരുവിളയുടെ അഞ്ചു ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു.

അമേരിക്കൻ ഹ്രസ്വസന്ദർശനത്തിനെത്തി ചേർന്നിട്ടുള്ള ഫ്രാൻസിസ് ചിത്രരചനയിൽ നിരവധി അവാർഡിനുടമയാണ്. നാഷ്ണൽ ലളിത കലാഅക്കാദമി, യുനൈറ്റ്ഡ് നാഷ്ണൽ മെറിറ്റ് സർട്ടിഫിക്കറ്റ് , കേരള സ്റ്റേറ്റ് ലളിത കലാഅക്കാദമി അവാർഡ് എന്നിവ ഇവയിൽ ചിലതാണ്.

ഇപ്പോൾ കൊച്ചി ഇന്റർനാഷൽ എയർപോർട്ട് എയർ കസ്റ്റംസ് കമ്മീഷണർ(അസിസ്റ്റന്റ്) ആയി പ്രവർത്തിക്കുന്ന ഫ്രാൻസീസ് 324 കോടി വിലവരുന്ന കള്ളകടത്തു വസ്തുകൾ പിടികൂടിയതിന് കേന്ദ്രഗവൺമെന്റിന്റെ പ്രത്യേക സർട്ടിഫിക്കറ്റിനും അർഹനായിരുന്നു.