കൊച്ചി: 'നെയിൽ ആർട്ടിസ്ട്രി'യിലെ വെടിവെപ്പിന്റെ സസ്‌പെൻസ് തുടരുന്നു. നടി ലീന മരിയ പോൾ ഉൾപ്പെട്ട വെടിവെപ്പ് സംഭവത്തിൽ വധഭീഷണിയായി അധോലോക നായകൻ ഫോൺകോളുകൾ കൂടി എത്തിയതോടെ പൊലീസും വട്ടംചുറ്റുകയാണ്. രവി പൂജരിയുടെ പേരിൽ എത്തിയ ഇന്റർനെറ്റ് കോളിന് പിന്നിലാരെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ വലയ്ക്കുന്നത്. ഇതിനായി ശബ്ദരിശോധന നടത്താനാണ് നീക്കം. രവി പൂജാരിയുടെ ശബ്ദവുമായി സാമ്യമുണ്ടോ ശബ്ദസന്ദേശത്തിലെ ഫോൺവിളിക്കെന്നാണ് പരിശോധിക്കുന്നത്.

പലരെയും കബളിപ്പിച്ചു ലീന സ്വന്തമാക്കിയ പണത്തിൽനിന്ന് 25 കോടി രൂപ നൽകിയില്ലെങ്കിൽ ലീനയുടെ കൂട്ടാളി കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പാണ് ഒടുവിൽ ലഭിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ നമ്പറിലേക്കാണു രവി പൂജാരിയെന്ന് അവകാശപ്പെട്ടയാൾ വിദേശത്തുനിന്നു വിളിച്ചു ഭീഷണി അറിയിച്ചത്. ഇതോടെ ഈ വിഷയത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് പൊലീസ് നീക്കം.

''വെടിവയ്പു നടത്തിയത് എന്റെ ആൾക്കാർ തന്നെയാണ്. അവർ കബളിപ്പിച്ചു സ്വന്തമാക്കിയ പണം തിരികെ വാങ്ങുകയാണു ലക്ഷ്യം. അതിനു വഴങ്ങിയില്ലെങ്കിൽ ലീനയ്ക്ക് ഒന്നും സംഭവിക്കില്ല പക്ഷേ, അവരുടെ പിന്നിൽ പ്രവർത്തിക്കുന്നയാളെ കൊല്ലും'' ഇങ്ങനെയാണ് ഫോണിലെ ഭീഷണി. എന്നാൽ, ആരാണു ലീനയുടെ കൂട്ടാളിയെന്നു വ്യക്തമാക്കാൻ ഭീഷണിക്കാരൻ തയാറായില്ല.

വെടിവയ്പു നാടകത്തിനു മുൻപ് ഇയാളുടെ ഫോൺ ലീനയ്ക്കും ലഭിച്ചിരുന്നു. ചാനലിലേക്കു വിളിച്ചതും ഇയാൾ തന്നെയാണെന്നു ശബ്ദത്തിൽനിന്നു വ്യക്തമാണ്. ഇന്റർനെറ്റ് ഉപയോഗിച്ചാണ് ഫോൺ വിളികൾ. എന്നാൽ, യഥാർഥ രവി പൂജാരിയാണു വിളിച്ചതെന്നതിനു പൊലീസിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. രവി പൂജാരിയാണോ എന്നുറപ്പു വരുത്താനാണ് പരിശോധന നടത്തുന്നത്. പണം ചോദിച്ചു വിളിക്കുന്നത് ആരായാലും ഇയാൾക്കു കൊച്ചിയിൽനിന്നു സഹായം ലഭിക്കുന്നുണ്ടെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ലീനയുടെ കേരളത്തിലെ ഫോൺ നമ്പറുകൾ, കൊച്ചുകടവന്ത്രയിലെ ബ്യൂട്ടി സലൂൺ എന്നിവ കണ്ടെത്താനും ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും കൊച്ചിയിൽ ആളുണ്ടെന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്. വെടിവെപ്പിൽ നിന്നു തന്നെ ഇ്ക്കാര്യം വ്യക്തമാണ്. പ്രാദേശിയ സംഘങ്ങളാകും വെടിവെപ്പിന്് പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ.

വഴിവിട്ട സാമ്പത്തിക ഇടപാടുകളാണു പ്രശ്‌നങ്ങൾക്കു വഴിയൊരുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. ലീനയോടു ശത്രുതയുള്ളവരെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എന്നാൽ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചു ലീന പൊലീസിനോടു വെളിപ്പെടുത്താത്തത് അന്വേഷണത്തിനു തടസ്സമാവുന്നുണ്ട് ലീനയുടെ അടുത്ത കൂട്ടുകാരൻ സുകാഷ് ചന്ദ്രശേഖർ സാമ്പത്തിക വഞ്ചനക്കുറ്റത്തിനു ജയിലിലാണ്. ഇയാളുടെ സ്വത്തുക്കൾ ലീനയുടെ കൈവശമാണെന്ന ധാരണയാണു വഞ്ചിതരായവർക്കുള്ളത്. ഭീഷണിക്ക് ഇതൊരു കാരണമാവാൻ സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നു.

ലീനയുടെ 'നെയിൽ ആർട്ടിസ്ട്രി' ബ്യൂട്ടി സലൂണിൽ നടന്ന ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ പല ഉന്നതരുമായും ഇവർക്കുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. സിനിമാ നിർമ്മാണ മേഖലയിലുള്ള ചിലർക്ക് ഇവർ പണം പലിശയ്ക്കു നൽകിയിരുന്നതായും സൂചനയുണ്ട്.

ഭീഷണിപ്പെടുത്തി ലീനയുടെ പക്കലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന കൊച്ചിയിലെ പ്രാദേശിക ക്രിമിനൽ സംഘമാകാം ഇപ്പോഴത്തെ ഭീഷണികൾക്ക് പിന്നിൽ. ലീനയുടെ കൂട്ടാളി സുകാഷിന്റെ വഞ്ചനയിൽ പണം നഷ്ടപ്പെട്ട ആരോ നടത്തുന്ന നീക്കവുമാകാം. നെയിൽ ആർട്ടിസ്ട്രിയടക്കം ലീനയുടെ കൊച്ചിയിലെ ബിസിനസ് സംരംഭങ്ങളിൽ പണം മുടക്കിയ പങ്കാളികളിൽ ആരോ നടത്തുന്ന നീക്കം എന്നും പൊലീസ് വിലയിരുത്തുന്നു.

ഒരുപക്ഷേ ലീനയുടെ ജീവിതപങ്കാളിക്കുള്ള അധോലോക ബന്ധം കാരണം രവി പൂജാരിതന്നെ പണം തട്ടാൻ നടത്തുന്ന ഭീഷണിയാകാമെന്നുമാണ് സാധ്യത. ബിസിനസ് പങ്കാളികളെ ഭയപ്പെടുത്തി അകറ്റി നിർത്താൻ ലീനതന്നെ പദ്ധതിയിട്ടു കളിപ്പിച്ച നാടകമാകാമെന്നും കണക്കുകൂട്ടുന്നുണട്. അതിനിടെ താൻ ജയിലിലായതോടെ അകലാൻ ശ്രമിച്ച ലീനയെ വരുതിയിൽ നിർത്താൻ സുകാഷ് ചന്ദ്രശേഖർ നൽകിയ ക്വട്ടേഷനെന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്.

ലീനക്കെതിരെ ക്രിമനൽ കേസുണ്ടോ എന്നാരാഞ്ഞ് ഹൈക്കോടതി

അതേസമയം തനിക്കും സ്ഥാപനത്തിനും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നടി ലീന മരിയ പോൾ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കൂടുതൽ വിശദീകരണം തേടി. ലീന മരിയ പോളിനെതിരെ ഏതെങ്കിലും ക്രിമിനൽ കേസ് നിലവിലുണ്ടോ എന്നു ഹൈക്കോടതി ആരാഞ്ഞു. ബ്യൂട്ടി സലൂണിനു നേരെ വെടിവയ്പു നടന്ന പിന്നാലെ, ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് നടി നൽകിയ പൊലീസ് സംരക്ഷണ ഹർജി കോടതി ഇന്നു വീണ്ടും പരിഗണിക്കും.

നവംബർ മൂന്നിന് ആദ്യമായി രവി പൂജാരിയുടെ ആളാണെന്നു പറഞ്ഞ് ഇന്റർനെറ്റ് കോൾ ലഭിച്ചെന്നും 25 കോടി രൂപ ആവശ്യപ്പെട്ടെന്നും ഹർജിയിൽ പറയുന്നു. ഇന്റർനെറ്റ് കോളുകൾ തുടർന്നപ്പോൾ താൻ എടുക്കാതെയായി. ഇക്കഴിഞ്ഞ 10നു നിഴൽ പൊലീസിൽ നിന്നാണെന്നു പറഞ്ഞ്, ഇന്റർനെറ്റ് കോളുകളെക്കുറിച്ച് അന്വേഷിച്ചുള്ള ഫോൺ വന്നു. പിറ്റേന്ന്, നിഴൽ പൊലീസ് അംഗങ്ങളെത്തി മൊഴിയെടുത്തു. ഇതിനു ശേഷമാണ്, 15നു തന്റെ ബ്യൂട്ടി സലൂണിൽ 2 പേർ വന്നു വെടിവയ്പു നടത്തിയത്. വെടിവയ്പു സംബന്ധിച്ച് പൊലീസ് 3 മണിക്കൂർ തന്നെ ചോദ്യം ചെയ്‌തെന്നും ഹർജിക്കാരി ബോധിപ്പിച്ചു.