- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊച്ചിയിൽ പുതുചരിത്രം കുറിച്ച് ബിജെപി; കൊച്ചി കോർപ്പറേഷനിൽ ആദ്യമായി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം നേടി; നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നേടിയത് അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത്
കൊച്ചി: കൊച്ചി കോർപറേഷനിൽ ബിജെപിക്ക് വലിയ നേട്ടം. ചരിത്രത്തിൽ ആദ്യമായി ബിജെപി സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കരസ്ഥമാക്കി. നികുതി അപ്പീൽ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനമാണ് അമരാവതിയിൽ നിന്നുള്ള ബിജെപി കൗൺസിലർ പ്രിയ പ്രശാന്ത് നേടിയത്. നാലു വോട്ട് നേടിയാണ് പ്രിയ വിജയിച്ചത്. ഒൻപതംഗ നികുതി അപ്പീൽ സ്ഥിരം സമിതിയിൽ യുഡിഎഫും എൽഡിഎഫും ബിജെപിയും അധ്യക്ഷ സ്ഥാനത്തേക്കു മത്സരിച്ചിരുന്നു.
കൊച്ചി കോർപ്പറേഷൻ കൗൺസിലിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളാണുള്ളത്. അതേസമയം 27 കൗൺസിലർമാരുള്ള കോൺഗ്രസിന് ഒരു സ്ഥിരം സമിതി അധ്യക്ഷ സ്ഥാനവും നേടാനായില്ല. മരാമത്ത് സ്ഥിരം സമിതിയിൽ യുഡിഎഫ് വിജയിച്ചെങ്കിലും ആർഎസ്പിയിലെ സുനിത ഡിക്സനാണ് അധ്യക്ഷ. അടുത്ത വർഷം മാർച്ചിൽ സുനിത ഡിക്സൺ കോൺഗ്രസിലെ വി കെ മിനിമോൾക്കായി അധ്യക്ഷ സ്ഥാനം ഒഴിയുമെന്നാണു ധാരണ.
സമീപകാലത്ത് ആദ്യമായാണ് കോർപറേഷനിൽ കോൺഗ്രസിന് ഒരു സ്ഥിരം സമിതി അദ്യക്ഷസ്ഥാനവും ലഭിക്കാത്തത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം, ഇടതുമുന്നണിയെ പിന്തുണച്ച ലീഗ് വിമത അംഗം ടി കെ അഷ്റഫിനാണ്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം ആദ്യമൂന്നു വർഷം സിപിഎം അംഗം പിആർ റെനീഷും പിന്നെ സിപിഐയിലെ സി എ ഷക്കീറും പങ്കുവയ്ക്കും.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സ്ഥാനം ആദ്യരണ്ടു വർഷം ജനതാദൾ എസിലെ ഷീബാ ലാലും പിന്നീട് സിപിഎമ്മിലെ സി ഡി വത്സലകുമാരിയും പങ്കുവയ്ക്കും. വിദ്യാഭ്യാസം, കായികം സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സിപിഎമ്മിലെ വി എ ശ്രീജിത്തിനാണ്. നഗരാസൂത്രണ സ്ഥിരംസമിതി അധ്യക്ഷ പദവി എൽഡിഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രൻ ജെ സനിൽമോൻ ആണ്.
മറുനാടന് മലയാളി ബ്യൂറോ