കൊച്ചി: കൊച്ചി ചിലവന്നൂർ കായൽ തീരത്ത് തീരദേശ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി നിർമ്മിച്ച ഡിഎൽഎഫിന്റെ ഫ്‌ലാറ്റ് സമുച്ഛയം പൊളിച്ചു നീക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്. കോടിക്കണക്കിന് രൂപ ഫ്‌ലാറ്റിന്റെ നിർമ്മാണത്തിനായി മുടക്കിയിട്ടുണ്ട്. പൊതുജനങ്ങൾ പണം മുടക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഫ്‌ലാറ്റ് പൊളിച്ചു നീക്കിയാൽ നഷ്ടം ജനങ്ങൾക്ക് മാത്രമാകും. അതുകൊണ്ട് ഫ്‌ലാറ്റ് പൊളിക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു. പകരം ഒരു കോടി രൂപ നിർമ്മാതാക്കൾ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് ഡി.എൽ.എഫ് ഡിവിഷൻ ബെഞ്ചിൽ സമർപ്പിച്ച ഹർജ്ജിയിലാണ് ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് കെട്ടിടം പൊളിച്ചു നീക്കാൻ ജസ്റ്റിസ്സ് രാമകൃഷ്ണപിള്ള അധ്യക്ഷനായ സിംഗിൾ ബെഞ്ച് 2014 ഡിസംബർ 8 ന് ഉത്തരവിട്ടിരുന്നു. എന്നാൽ, പൊളിച്ചു നീക്കണമെന്ന ഉത്തരവിനെ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

നിലവിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുന്നതിനോടൊപ്പം കെട്ടിടത്തിന്റെ കയലിലേക്ക് തള്ളിനിൽക്കുന്ന നിർമ്മാണം പൂർണ്ണമായും അനധികൃതമാണെന്നുമായിരുന്നു കോടതിയുടെ അന്നത്തെ കണ്ടെത്തൽ. പ്രദേശവാസിയായ ആന്റണി എവി യായിരുന്നു ഹർജ്ജിക്കാരൻ. പാരിസ്ഥിതിക അനുമതിയുണ്ടോയെന്ന കാര്യം പരിശോധിക്കാതെയാണ് കെട്ടിട നിർമ്മാണത്തിന് കൊച്ചി നഗരസഭ പെർമിറ്റ് നൽകിയതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിധിയ്‌ക്കെതിരെ ഡി.എൽ.എഫ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഡിവിഷൻ ബെഞ്ച് കേസിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സ്വമേധയാ കക്ഷിചേർക്കുകയായിരുന്നു. പരിസ്ഥിതി അനുമതി നൽകാൻ ഉത്തരവാദിത്വപ്പെട്ട സ്റ്റേറ്റ് എൻവയോൺമെന്റ് ഇംപാക്ട് അസെസ്‌മെന്റ് അതോരിറ്റിയുടെ അനുമതി 2013 ഡിസംബർ 11 ന് ലഭിച്ചിട്ടുണ്ടെന്നും പാരിസ്ഥിതിക പ്രത്യാഘാത പഠന സമിതിയുടെ നിർദ്ദേശപ്രകാരമാണ് അനുമതി ലഭിച്ചതെന്നും ഡിവിഷൻ ബെഞ്ചിൽ ഡി.എൽ.എഫ് സമർപ്പിച്ച ഹർജ്ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ്സുമാരായ രാമചന്ദ്രമേനോൻ, അനിൽ കെ നരേന്ദ്രൻ എന്നിവരാണ് കേസിൽ വാദം കേട്ടത്.

അതേസമയം, നിർമ്മാണത്തിൽ നിയമലംഘനം നടന്നിട്ടില്ലെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തൽ. നടപടിക്രമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് ഡി.എൽ.എഫ് കെട്ടിടം നിർമ്മിച്ചതെന്നും അതിനാൽ പൊളിച്ച് നീക്കേണ്ടതില്ലെന്നുമാണ് പരിസ്ഥിതി മന്ത്രാലയം 2016 ജൂൺ മാസം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ഈ സത്യവാങ്മൂലം തന്നെയാണ് കേസിൽ നിർണായകമായതും. നേരത്തെ അനധികൃത നിർമ്മാണങ്ങൾക്ക് പിഴ ഈടാക്കാൻ കേരള സർക്കാർ നടപടി സ്വീകരിക്കാൻ ഒരുങ്ങിയിരുന്നു. എന്നാൽ, വിവിധ കോണുകളിൽ നിന്നും എതിർപ്പുയർന്നതോടെ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോകുകയായിരുന്നു.