- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാജാവ്' എന്ന വിളിപ്പേരുകാരൻ വയനാട് സ്വദേശി ജിതിൻ 'റേവ് പാർട്ടികളിലെ കിംഗെന്ന് സൂചന; 'ടീച്ചർ' മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയും; ഇനി കണ്ടെത്തേണ്ടത് അക്കയെ; കൊച്ചി എംഡിഎംഎ ലഹരിമരുന്നു കേസിൽ ഇരട്ടപ്പേരുകാരുടെ ഇടപാടുകൾ അന്വേഷിച്ചു എക്സൈസ്
കൊച്ചി: കൊച്ചിയിൽ 11 കോടിയുടെ ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി എക്‌സൈസ്സ്. ഇരട്ടപ്പേരുകളിൽ ലഹരിമരുന്നുകൾ കച്ചവടം ചെയ്യുന്ന ആളുകളും സംഘത്തിലുണ്ട്. ഈ സംഘത്തിലെ പ്രധാനികളെ തിരയുകയാണ് പൊലീസ്. രാജാവ് എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നു കച്ചവടക്കാരെ അടക്കം തിരയുന്നുണ്ട് പൊലീസ്. രാജാവ്, അക്ക, ടീച്ചർ ഇങ്ങനെയാണ് കേസുമായി ബന്ധപ്പെട്ടവരിൽ നിന്നും ലഭിച്ച ഇരട്ടപ്പേരുകൾ. ഈ ഇരട്ടപ്പേരുകാരിൽ നിന്നും എക്‌സൈസ് ക്രൈംബാഞ്ച് സംഘം വിവരങ്ങൾ തേടുകയാണ്.
ഇതിൽ രാജാവിനെയും ടീച്ചറെയും തിരിച്ചറിയുകയും ടീച്ചറെ ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും തമിഴ്‌നാട് സ്വദേശി 'അക്ക' ആരെന്നു കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. 'രാജാവ്' എന്ന വിളിപ്പേരുകാരൻ വയനാട് സ്വദേശിയായ ജിതിൻ ആണെന്നും പ്രതികളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്ന ഇയാളാണു കേസിലെ മുഖ്യ സൂത്രധാരനെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ അനുമാനം. ചെന്നൈയിൽനിന്ന് കൊച്ചിയിലേക്കു ലഹരിമരുന്നു കടത്തിയതിനും വയനാട്ടിലെ വൈത്തിരിയിലും സംസ്ഥാനത്തു മറ്റു ചില സ്ഥലങ്ങളിലും 'റേവ് പാർട്ടികൾ' സംഘടിപ്പിച്ചതിനും നേതൃത്വം വഹിച്ചത് ഇയാളാണെന്നാണു സംശയം.
'അക്ക'യാണു ചെന്നൈയിൽ പ്രതികളുമായി ബന്ധപ്പെട്ടതും എംഡിഎംഎ വാങ്ങാൻ ഇടനില നിന്നതും. എന്നാൽ, കൂടുതൽ വ്യക്തത ഇനിയും അന്വേഷണ സംഘത്തിനില്ല. 'ടീച്ചർ' എന്നു വിളിപ്പേരുള്ള മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയെ ഇതിനോടകം രണ്ടു തവണ ചോദ്യം ചെയ്തു.
പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നു കണ്ടെത്തിയവരെയെല്ലാം ഫോണിൽ വിളിച്ചു വിവരം ശേഖരിക്കുകയും സംശയാസ്പദ സാഹചര്യത്തിലുള്ളവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയുമാണ് എക്‌സൈസ്. ഇന്നലെ 4 പേരെ ഇത്തരത്തിൽ ചോദ്യം ചെയ്തു. ഇവരുടെയും കോൾ വിവരങ്ങൾ പരിശോധിക്കുമെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർ ടി.എം.കാസിം ജോസഫ് പറഞ്ഞു.
കേസിൽ കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് വിടുകയും ചെയ്ത കാസർകോട് സ്വദേശി മുഹമ്മദ് ഫൈസലിനെയും വൈകാതെ ചോദ്യം ചെയ്യുമെന്ന് ടി.എം. കാസിം അറിയിച്ചു. ഓഗസ്റ്റ് 19-നാണ് കാക്കനാട്ടെ അപ്പാർട്ട്മെന്റിൽ നിന്ന് ലഹരിമരുന്ന് പിടിച്ചത്. അതേസമയം പ്രതികൾ പല തവണ നെട്ടൂർ, പനങ്ങാട്, കുമ്പളം പ്രദേശങ്ങളിൽ പോയതായി തെളിഞ്ഞിട്ടുണ്ട്. ഈ ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുന്നതായി വിവരം ലഭിച്ചിരുന്നു. ഇത് സംശയങ്ങൾക്ക് വഴിവെക്കുന്നുണ്ട്.
പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ടീച്ചർക്കാണ് ലഹരിക്കടത്തിനു മറയായി സംഘം ഉപയോഗിച്ച മുന്തിയ ഇനം നായ്ക്കളെ എക്സൈസ് കൈമാറിയത്. പിടിയിലായ പ്രതികൾക്കും സിനിമാ മേഖലയിലെ ചിലർക്കും ഇടയിലെ കണ്ണിയാണു 'ടീച്ചർ' എന്നുള്ള സംശയം ഉയർന്നതോടെയാണ് ഇവരെ വീണ്ടും ചോദ്യം ചെയ്തത്.
മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഇവർക്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. ഇവർക്ക് വേണ്ടി കൊണ്ടുവന്ന നായ്ക്കളെ മറയാക്കിയായിരുന്നു മയക്കുമരുന്നു കടത്ത് നടന്നത്. റോട്ട്വീലർ, കേൻ കോർസോ ഇനങ്ങളിൽ പെട്ട മൂന്നു നായ്ക്കളെയാണു പ്രതികൾ കൊണ്ടു വന്നത്. ഇതിൽ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരും. ഇവയെ പ്രതികൾക്കൊപ്പം തൊണ്ടി മുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതൽക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ 'ടീച്ചർ' എന്ന് അവകാശപ്പെട്ടെത്തിയ സ്ത്രീക്ക് നായ്ക്കളെ സംരക്ഷിക്കാൻ നൽകുകയായിരുന്നു. ഇവർ പ്രതികളിൽ ഒരാളുടെ ബന്ധുവാണെന്നും പിന്നീടു ടീച്ചറാണെന്നും പറഞ്ഞുവെങ്കിലും ഇതു രണ്ടും വസ്തുതയല്ലെന്നു വ്യക്തമായതോടെയാണ് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇവരിലേക്കു നീണ്ടത്. ഈ സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ടു പോകുകയാണ്.
റോട്ട്വീലർ പോലെയുള്ള നായ്ക്കൾ ഏക യജമാനനെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന നായ്, സ്വീകരിക്കാനെത്തിയ സ്ത്രീയോട് ഇണക്കം കാട്ടിയെന്ന അപൂർവത ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പിന്നീട് സംഭവം വിവാദമായതോടെ നായ്ക്കൾക്ക് ഇവരെ മുൻപരിചയമുണ്ടെന്ന സംശയം ഉയരുകയായിരുന്നു. തുടർന്നാണ് ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്.
അതേസമയം എക്‌സൈസ് ജില്ലാ സ്‌ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഇയാൾ സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്നായിരുന്നു. എന്നാൽ, ഇയാൽ സൈനികൻ തന്നയാണോ എന്ന കാര്യത്തിൽ അടക്കം അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം.
കശ്മീർ അതിർത്തിയിൽ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇയാൾ പറഞ്ഞകാര്യത്തിൽ വസ്തുതയുണ്ടോ എന്നു പരിശോധിക്കാനാണ് നീക്കം. വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താൻ എക്‌സൈസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്‌സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
മറുനാടന് മലയാളി ബ്യൂറോ