കൊച്ചി: കൊച്ചിയിലെ ഫ്‌ലാറ്റിൽ വച്ച് ലഹരിമരുന്ന് ഉപയോഗത്തിനിടെ സിനിമനടൻ ഷൈൻ ടോം ചാക്കോയും നാല് മോഡലുകളും അറസ്റ്റിലായ വേളയിൽ മലയാള സിനിമയിലെ കൊച്ചിയിലെ പ്രമുഖരിലേക്ക് അന്വേഷണം നീളുമെന്നും ഉന്നത സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കപ്പെട്ടുവെന്നുമൊക്കെ വാർത്തകൾ പുറത്തുവന്നിരുന്നു. അന്നും ഏറെ പറഞ്ഞു കേട്ടത് ഒരു നിർമ്മാതാവാലേക്ക് അന്വേഷണം നീളുമെന്നതായിരുന്നു. എന്നാൽ, പല മാദ്ധ്യമങ്ങളും പേര് പറയാതെ സൂചനകൾ നൽകിയ ഈ നിർമ്മാതാവിനെ തൊടാൻ പോലും സാധിച്ചിട്ടില്ല. ന്യൂജനറേഷൻ സിനിമകളുടെ നിർമ്മാതാവ് ഒ ജി സുനിലാണ് അന്ന് മുതൽ മാദ്ധ്യമങ്ങൾ പേര് പരാമർശിക്കാതിരുന്ന ആ വ്യക്തി. എന്നാൽ ഇപ്പോൾ അന്വേഷണം പുരോഗമിക്കുമ്പോൾ വീണ്ടും കാര്യങ്ങൽ നീങ്ങുന്നത് ഒ ജി സുനിലിലേക്കും കൊച്ചിയിലെ പ്രമുഖ സിനിമാക്കാരിലേക്കുമാണ്.

കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്ത കോക്കാച്ചി എന്നറിയപ്പെടുന്ന മിഥുൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഒ ജി സുനിലിനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്. ഡിജെ പാർട്ടികളുടെ സ്ഥിര സംഘടാനകനായ മിഥുന് സുനിലുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ താരദമ്പതികൾ അടക്കം 12 സിനിമാ പ്രമുഖർക്കെതിരെയും ഇയാൾ മൊഴി നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

നടൻ ഷൈൻ ടോം ചാക്കോയും നാലു യുവതികളും ഉൾപ്പെട്ട കൊച്ചിയിലെ കൊക്കെയ്ൻ കേസിൽ ആരോപണ വിധേയരായ സിനിമാ നിർമ്മാതാക്കളും താരങ്ങളുമാണ് പഞ്ചനക്ഷത്ര ഹോട്ടലിലെ ഡി.ജെ. മയക്കുമരുന്നുകേസിലും ഉൾപ്പെട്ടിരിക്കുന്നത്. പന്ത്രണ്ടുപേജുള്ള മിഥുന്റെ മൊഴിയിൽ പന്ത്രണ്ടോളം പ്രമുഖരുടെ പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേസന്വേഷണത്തിനു നേതൃത്വം നൽകുന്ന കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഹരിശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. കോക്കാച്ചിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്ുന്നയതോടെ ഇവരുടെ പങ്ക് കൂടുതൽ വ്യക്തമാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഒ ജി സുനിലിനൊപ്പം മിഥുൻ പ്രവർത്തിച്ചിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതനുസരിച്ച് അന്വേഷണം മുന്നോട്ടുപോയാൽ കൊച്ചിയിലെ പല സിനിമാക്കാർക്ക് മേലും പിടിവീഴുമെന്നാണ് അറിയുന്നത്. കൊച്ചിയിൽ ആഡംബര ഹോട്ടലുകൾ കേന്ദ്രീകരിച്ചും ബോട്ടുകളിലും നിശാപാർട്ടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെയും ഒ ജു സുനിലിനെ പൊലീസിന് സംശയമുണ്ടായിരുന്നു. എന്നാൽ രാഷട്രീയ നേതാക്കളുമായുള്ള ഉന്നത ബന്ധമുള്ളതിനാൽ ഇദ്ദേഹത്തെ തൊടാൻ ആരും തയ്യാറായിരുന്നില്ലെന്നതാണ് വസ്തുത. കൂടാതെ പൊലീസുമായും സുനിലിന് ബന്ധമുണ്ടായിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടലായ ലെ മെറിഡിയനിൽ നടന്ന മയക്കുമരുന്ന് ഡി.ജെ. പാർട്ടിയുടെ മുഖ്യ സംഘാടകനായ കോക്കാച്ചിയെ പള്ളുരുത്തിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിലും കാറിലും നടത്തിയ റെയ്ഡിൽ ഹാഷിഷ്, ആംപ്യൂളുകൾ, വേപ്പറൈസർ എന്നിവ കണ്ടെടുത്തു. കഞ്ചാവിന്റെ ഇലയും പൂവും വേർതിരിക്കുന്ന ക്രഷർ എന്ന ഉപകരണം, കഞ്ചാവ് ലേഹ്യം, റോളിങ് പേപ്പർ, കൊക്കെയ്ൻ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, എൽ.എസ്.ഡി. ഉപയോഗിച്ചു കഴിഞ്ഞ കുപ്പികൾ, കൊക്കെയ്ൻ വിൽപനക്കുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നുകൾ എത്തിക്കുന്നതു ഗോവയിൽനിന്നാണെന്നാണ് ഇയാൾ പൊലീസിനു നൽകിയ മൊഴി. ഗോവയും ബംഗളുരുവും കേന്ദ്രീകരിച്ച് ഇയാൾ ഡി.ജെ. പാർട്ടികൾ നടത്തിയിട്ടുണ്ട്. കോഴിക്കോട്ടുള്ള ഒരാളാണ് ഡി.ജെ. പാർട്ടി നടന്നദിവസം മയക്കുമരുന്നുകൾ എത്തിച്ചതെന്നാണ് സൂചന.

നിശാപാർട്ടി കേസിൽ അറസ്റ്റിലായ വാസ്്‌ലോ മർക്ക്‌ലോ യിൽ നിന്നും ഗോവയിലുള്ള സുഹൃത്തിൽ നിന്നുമാണ് ലഹരി വസ്തുക്കൾ ലഭിച്ചതെന്നാണ് മിഥുൻ ചോദ്യം ചെയ്യലിൽ പൊലീസിന് മൊഴി നൽകിയത്. ഗോവയിലടക്കം പ്രശസ്തനായ ട്രാൻസ് സംഗീത ഡിജെയാണ് മിഥുൻ. ലഹരി വിളമ്പുന്ന നിശാപാർട്ടികളുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ സിനിമാ പ്രവർത്തകരിലേക്ക് നീളുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.