- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിലെ ലഹരി മരുന്നു കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്; സിനിമാക്കാരുമായി അടുത്തബന്ധമുള്ള 'ടീച്ചറെ' ചോദ്യം ചെയ്ത് എക്സൈസ്; മയക്കുമരുന്നു കടത്താൻ മറയാക്കിയ മുന്തിയ ഇനം നായ്ക്കളെ കൈമാറിയത് ഈ ടീച്ചർക്ക്; സ്ത്രീയോട് റോട്ട്‌വീലർ ഇണക്കം കാട്ടിയതും സംശയകരം
കൊച്ചി: കൊച്ചിയിലെ എംഡിഎംഎ ലഹരികടത്തു കേസിലെ അന്വേഷണവും നീളുന്നത് സിനിമാ മേഖലയിലേക്ക്. നിരവധി സിനിമാക്കാരുമായി അടുത്ത ബന്ധമുള്ള യുവതിയെ എക്‌സൈസ് ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. 'ടീച്ചർ' എന്നു പ്രതികൾ വിശേഷിപ്പിച്ച സ്ത്രീയെയാണ് ചോദ്യം ചെയ്തത്.
പ്രതികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവർക്കാണു, ലഹരിക്കടത്തിനു മറയായി സംഘം ഉപയോഗിച്ച മുന്തിയ ഇനം നായ്ക്കളെ എക്‌സൈസ് കൈമാറിയത്. പിടിയിലായ പ്രതികൾക്കും സിനിമാ മേഖലയിലെ ചിലർക്കും ഇടയിലെ കണ്ണിയാണു 'ടീച്ചർ' എന്നുള്ള സംശയം ഉയർന്നതോടെയാണ് ഇന്നലെ ഇവരെ വീണ്ടും ചോദ്യം ചെയ്തത്. അഭിഭാഷകയ്‌ക്കൊപ്പമാണ് ഇവർ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായത്.
മട്ടാഞ്ചേരി പാണ്ടിക്കുടി സ്വദേശിനിയായ ഇവർക്കു സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്. ഇവർക്ക് വേണ്ടി കൊണ്ടുവന്ന നായ്ക്കളെ മറയാക്കിയായിരുന്നു മയക്കുമരുന്നു കടത്ത് നടന്നത്. റോട്ട്‌വീലർ, കേൻ കോർസോ ഇനങ്ങളിൽ പെട്ട മൂന്നു നായ്ക്കളെയാണു പ്രതികൾ കൊണ്ടു വന്നത്. ഇതിൽ ഒരു നായയ്ക്ക് ഏകദേശം 80,000 രൂപ വരെ വിലവരും. ഇവയെ പ്രതികൾക്കൊപ്പം തൊണ്ടി മുതലായി കണ്ടുകെട്ടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപിക്കുകയും പിന്നീട് ലേലത്തിലൂടെ വിറ്റു മുതൽക്കൂട്ടുകയും ചെയ്യുന്നതാണ് നടപടിക്രമം.
അതേസമയം, അന്വേഷണ ഉദ്യോഗസ്ഥൻ 'ടീച്ചർ' എന്ന് അവകാശപ്പെട്ടെത്തിയ സ്ത്രീക്ക് നായ്ക്കളെ സംരക്ഷിക്കാൻ നൽകുകയായിരുന്നു. ഇവർ പ്രതികളിൽ ഒരാളുടെ ബന്ധുവാണെന്നും പിന്നീടു ടീച്ചറാണെന്നും പറഞ്ഞുവെങ്കിലും ഇതു രണ്ടും വസ്തുതയല്ലെന്നു വ്യക്തമായതോടെയാണ് എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഇവരിലേക്കു നീണ്ടത്. ഈ സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ടു പോകുകയാണ്.
റോട്ട്‌വീലർ പോലെയുള്ള നായ്ക്കൾ ഏക യജമാനനെ മാത്രം അംഗീകരിക്കുന്ന സ്വഭാവക്കാരാണ്. അപരിചിതരോട് അക്രമാസക്തമായി മാത്രം പെരുമാറുന്ന നായ്, സ്വീകരിക്കാനെത്തിയ സ്ത്രീയോട് ഇണക്കം കാട്ടിയെന്ന അപൂർവത ആദ്യ ഘട്ടത്തിൽ ഉദ്യോഗസ്ഥർ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ, പിന്നീട് സംഭവം വിവാദമായതോടെ നായ്ക്കൾക്ക് ഇവരെ മുൻപരിചയമുണ്ടെന്ന സംശയം ഉയരുകയായിരുന്നു. തുടർന്നാണ് ഇവരെക്കുറിച്ചും അന്വേഷണം ആരംഭിച്ചത്.
അതേസമയം എക്സൈസ് ജില്ലാ സ്‌ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതനെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർക്കു മുന്നിൽ ഇയാൾ സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്നായിരുന്നു. എന്നാൽ, ഇയാൽ സൈനികൻ തന്നയാണോ എന്ന കാര്യത്തിൽ അടക്കം അവ്യക്തതകൾ നിലനിൽക്കുന്നതിനാൽ അന്വേഷണം ഊർജ്ജിതമാക്കാനാണ് നീക്കം.
കശ്മീർ അതിർത്തിയിൽ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥനോട് പറഞ്ഞത്. ഇയാൾ പറഞ്ഞകാര്യത്തിൽ വസ്തുതയുണ്ടോ എന്നു പരിശോധിക്കാനാണ് നീക്കം. വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താൻ എക്സൈസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ യുവതി തന്നെയാണ് ഈ വ്യക്തിയെ വിളിച്ചത്. രാത്രി തന്നെ എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് മേഖലാ ആസ്ഥാനത്ത് എത്തിയ ആൾ പുറത്തു വാഹനത്തിൽ കാത്തിരുന്നു. യുവതിയെ പ്രതിപ്പട്ടികയിൽനിന്നു നീക്കാൻ തീരുമാനിച്ച ശേഷമാണ് ഇയാൾ ഓഫിസിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകായായിരുന്നു. എന്നാൽ, തയ്യിബ ഔലാദിനെ വിട്ടയച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ശ്ബനം പരാതിപ്പെട്ടു. ഇതോടയാണ് യുവതി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചതും.
ലഹരി മരുന്നു കേസിൽ തയ്യിബ പെട്ട വിവരം അറിഞ്ഞ ശേഷം നടത്തിയ ചരടുവലികളിലാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് അന്വേഷണത്തിൽ പുറത്തു വരുന്നത്. പട്ടാള ഉദ്യോഗസ്ഥനെന്ന അവകാശവാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.
യുവതിയുടെ അടുത്ത ബന്ധുവെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികൾക്കൊപ്പം യുവതി കാക്കനാട്ടെ ഫ്ളാറ്റിൽ തങ്ങിയ വിവരം ഇയാൾക്കു അറിയാമെന്ന മട്ടിലായിരുന്നു പ്രതികരണം. അടുത്ത ബന്ധു പിടിക്കപ്പെട്ട വിവരം അറിയുമ്പോൾ സ്വാഭാവികമായുണ്ടാവേണ്ട ആശങ്ക ഇയാൾ പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ