- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി പൊലീസിന് ആരെയൊക്കെ കണ്ടാൽ മുട്ടിടിക്കും? ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയ സംഭവത്തിലെ പ്രതിയായ ഫ്ളാറ്റ് ഉടമ ആര്? പേര് അറിയില്ലെന്ന് സെൻട്രൽ പൊലീസിന്റെ എഫ്ഐആറിൽ; വിലാസവും അറിയില്ല; പൊലീസിന് മുട്ടിടിക്കാൻ കാരണം എന്തെന്ന് മറുനാടൻ അന്വേഷിച്ചപ്പോൾ
കൊച്ചി: പണവും സ്വാധീനവും ഉള്ളവർക്ക് മുമ്പിൽ കേരള പൊലീസ് ഓച്ഛാനിച്ചുനിൽക്കുമോ? അന്വേഷണത്തിൽ കേമന്മാരെന്ന് പറയാറുണ്ടെങ്കിലും സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുമെന്ന പറയാറുള്ളത് പോലെ ചില സംശയങ്ങൾ. കാരണം കൊച്ചിയിലെ ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്നും സാരികെട്ടിയിറങ്ങി വീട്ടുജോലിക്കാരി എടുത്തു ചാടിയ സംഭവം തന്നെ. ജോലിക്കാരി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പൊലീസ് ഫ്ളാറ്റുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ, വിചിത്രമായ കാര്യം ഫ്ളാറ്റുടമയുടെ പേര് സെൻട്രൽ പൊലീസിന് അറിയില്ല എന്നതാണ്. അൺനോൺ എന്നാണ് എഫ്ഐആറിൽ കുറിച്ചുവച്ചിരിക്കുന്നത്. അയൽക്കാരോട് ആരോടെങ്കിലും ചോദിച്ചാൽ അറിയാവുന്ന കാര്യം എന്തിന് പൊലീസ് മറച്ചുവച്ചു? ഇനി ചോദ്യം ചെയ്തപ്പോൾ ഫ്ളാറ്റുടമയോട് തന്നെ ചോദിക്കാലോ. എന്തായാലും പ്രഥമ വിവരറിപ്പോർട്ടിൽ പൊലീസ് അതുമുക്കി.
സേലം സ്വദേശിയായ കുമാരി എന്ന 55 കാരിയാണ് മറൈൻഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിൽ നിന്ന് വീണത്. അവർക്കെതിരെ ആത്മഹത്യാക്കുറ്റത്തിന് കേസെടുക്കാൻ ആയിരുന്നു പൊലീസിന് ഇഷ്ടം. എന്നാൽ, സംഗതി വിവാദമാകുമെന്ന് കണ്ടപ്പോൾ പിൻവാങ്ങി. സെൻസേഷണൽ ആയ ഈ കേസ് പൊതുവെ മാധ്യമങ്ങൾക്കും പൊലീസിനും താൽപര്യമില്ലെന്ന അവസ്ഥയാണ്. എന്താണ് കാര്യം?
കാരണം പ്രതി ചേർക്കപ്പെടേണ്ട ആൾ മുൻ ഹൈക്കോടതി ജഡ്ജിയുടെ മകനാണ്. ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകൻ. കുമാരിയുടെ ഭർത്താവ് ശ്രീനിവാസന്റെ മൊഴി പ്രകാരമാണ് സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസെടുത്തിരിക്കുന്നത് കൃത്യമായ വകുപ്പുകൾ പ്രകാരമല്ലെന്നതും വിചിത്രമായ കാര്യം. ഫ്ളാറ്റുടമ ആരാണെന്ന് അറിയില്ലെന്നതിന് പുറമേ വിലാസവും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
ഏതായാലും ഫ്ളാറ്റുടമയുടെ പേര് എല്ലാവർക്കും അറിയാം. അഡ്വ.ഇംതിയാസ് അഹമ്മദ് എന്നാണ്. ഭാര്യയുടെ പേര് ഖമറുന്നീസ എന്നാണ്. ഇംതിയാസ് അഹമ്മതിന്റെ പിതാവ് ഹൈക്കോടതിയിലെ മുൻ ജഡ്ജി മുഹമ്മദ് ഷാഫി. ഇംതിയാസിന്റെയും ഖമറുന്നീസയുടെയും പേരിൽ 10 വർഷം മുമ്പ് സമാനമായ കേസുണ്ടായിരുന്നു. 11 വയസുകാരിയായ ജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്.അമിതമായിജോലി ചെയ്യിക്കുന്നു, ദോഹം പൊള്ളിക്കുന്നു തുടങ്ങിയ പരാതികൾ ഉയർന്ന കേസിന്റെ കാര്യവും തഥൈവ.
നിലവിലെ കേസിൽ ക്രമക്കേടില്ലെന്നും നീതി മാത്രമേ നടപ്പാക്കൂ എന്നും എസിപി ലാൽജി പറയുമ്പോഴും കേസിലെ എഫ്ഐആർ മറിചച്ചാണ് സംസാരിക്കുന്നത്. ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി എടുത്തുചാടിയത് ആത്മഹത്യക്കല്ല, രക്ഷപ്പെടാൻ ആണ് എന്നാണ് സംശയം. കാരണം അവരെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്നും ആരോപണങ്ങൾ വരുന്നു. എന്നാൽ, പ്രതിയുടെ പേരുപോലും അറിയില്ലെന്നാണ് പൊലീസിന്റെ നാട്യം.
ഫ്ളാറ്റ് ഉടമ കുമാരിയെ പൂട്ടിയിടുകയായിരുന്നുവെന്നും, രക്ഷപ്പെടുന്നതിനിടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരുക്കേറ്റതെന്നുമാണ് ഭർത്താവ് ശ്രീനിവാസന്റെ മൊഴി. കഴിഞ്ഞ ശനിയാഴ്ചയാണ് ലിങ്ക് ഹൊറൈസൺ ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് വീണ് വീട്ടുജോലിക്കാരി കുമാരിക്ക് പരുക്കേറ്റത്. സംഭവത്തിൽ ഫ്ളാറ്റ് ഉടമയ്ക്കെതിരെ അയൽവാസിയും രംഗത്തെത്തി. ഫ്ളാറ്റിലെ താമസക്കാരനായ മാത്യു ജോർജ് ആണ് ഫ്ളാറ്റ് ഉടമ അഡ്വ.ഇംതിയാസ് അഹമ്മദിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇംതിയാസ് ഫ്ളാറ്റിലെ സ്ഥിരം പ്രശ്നക്കാരനായിരുന്നുവെന്ന് മാത്യു ജോർജ് ഒരു ചാനലിനോട് പറഞ്ഞു.ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് ഇംതിയാസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സംഭവത്തിലെ ദൃക്സാക്ഷിയായിരുന്നിട്ടും തന്നെ പൊലീസ് ചോദ്യം ചെയ്തില്ല, സമാനമായ പരാതികൾ ഇംതിയാസിനെതിരെ നേരത്തെ ഉണ്ടായിട്ടുണ്ടെന്നും മാത്യു ജോർജ് പറഞ്ഞു.
പൊലീസും ഫ്ളാറ്റുടമയും പറയുന്നത്
കുമാരി ഫ്ളാറ്റിന്റെ ആറാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണതല്ലെന്ന നിഗമനത്തിലാണ് പൊലീസ്. സാരികൾ കെട്ടിത്തൂക്കി ഊർന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കൂമ്പോഴാണ് അപകടമുണ്ടായത്. ഫ്ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോർത്ത് എസിപി ലാൽജി പറഞ്ഞു.
അതേസമയം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന
55 വയസുകാരിയായ കുമാരിയുടെ നില ഗുരുതരമായി തുടരുന്നു. ഏതായാലും ഈ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വീട്ടുജോലിക്കാരി സാരിയിൽ കെട്ടിത്തൂങ്ങി പുറത്തിറങ്ങാൻ മുതിർന്നത് എന്തിനാണെന്നാണ് അന്വേഷണം. ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചതെങ്കിലും പരിക്ക് ഗുരുതരമാണെന്ന് കണ്ട് ലേക്ക് ഷോറിലേക്ക് മാറ്റിയിരിക്കുകയാണ്.
ഫ്ളാറ്റുടമ ഇംതിയാസ് അഹമ്മദ്, ഫ്ളാറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്. വീട്ടുജോലിക്കാരി കിടന്നുറങ്ങിയിരുന്ന മുറി തുറക്കാതിരുന്നതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ആളെ കണ്ടില്ലെന്നും പിന്നീട് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
കുമാരി കഴിഞ്ഞ കുറച്ചുകാലമായി ഫ്ളാറ്റുടമയായ ഇംതിയാസ് അഹമ്മദിന്റെ വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 11 ദിവസം മുമ്പ് മാത്രമാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. ചാടുന്ന സമയത്ത് ഇവർ താമസിച്ചിരുന്ന മുറി അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു.