കൊച്ചി: കേട്ടുകേൾവിയില്ലാത്ത ന്യൂജൻ കവർച്ചയുടെ ഞെട്ടലിലാണ് കൊച്ചിയിലെ വാഹന ഉടമകൾ. പാർക്ക് ചെയ്ത ശേഷം ഷോപ്പിങ് കഴിഞ്ഞെത്തിയപ്പോൾ കാറിന്റെ ചില്ലിന്റെ ഒരു ഭാഗം പൊടിഞ്ഞ് അകത്ത് പതിച്ച നിലയിൽ. ഗ്ലാസ്സിന്റെ അവശേഷിച്ച ഭാഗത്ത് കൈ കൊണ്ട് തൊട്ടപ്പോൾ അതും പൊടിഞ്ഞ് താഴേയ്ക്ക് പോയി. ഉള്ളിൽ പരിശോധിച്ചപ്പോൾ ഐ ഫോണും ബാഗും പണവും കാണാനില്ല. ന്യൂജൻ കവർച്ചയുടെ ചുരുളഴിക്കാൻ പൊലീസ് നെട്ടോട്ടത്തിലാണ്.

ഇന്നലെ കൊച്ചിയിൽ എം ജി റോഡിൽ ക്യൂആർഎസിന് സമീപം പാർക്ക് ചെയ്തിരുന്ന തിരുവനന്തപുരം വെഞ്ഞാറമൂട് ബിഷ്റ ഹൗസ്സിൽ ജെസ്സീമിന്റെ കാറിൽ നിന്നുമാണ് ഇത്തരത്തിൽ കവർച്ച നടന്നത്. ഡ്രൈവർ സൈഡിൽ പിൻവശത്തെ ഡോർ ഗ്ലാസ്സിന്റെ ഒരുഭാഗം തകർത്താണ് കവർച്ച നടത്തിയിട്ടുള്ളത്. ഐ ഫോണും ബാഗും 220 ഒമാൻ ദിർഹവുമാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞ് ഉടൻ സെൻട്രൽ പൊലീസ് സ്ഥലത്തെത്തി ജെസീം -മുന്നു ദമ്പതികളിൽ നിന്നും മൊഴിയെടുത്തു. ഇതുപ്രകാരം ഇന്നലെ തന്നെ പൊാലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ലന്നാണ് വിവരം.

കഴിഞ്ഞ ദിവസം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ സമാന സംഭവത്തിലും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഗ്ലാസിന്റെ ചില്ല് പൊടിഞ്ഞ രീതിയിലാണ് കാണപ്പെട്ടത്. ബാക്കി നിൽക്കുന്ന ഭാഗം തൊട്ടാൽ പൊടിഞ്ഞുപോകുന്ന നിലയിലാണെന്നാണ് ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായിട്ടുള്ളത്. പ്രത്യേകതരം രാസവസ്തു സ്പ്രേ ചെയ്താവാം ചില്ലുതകർത്തതെന്നാണ് പൊലീസിന് ലഭിച്ച പ്രഥമീക വിവരം. ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാലെ ഇത് സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ.

ജെസീം -മുന്നു ദമ്പതികൾ മസ്‌ക്കറ്റിലാണ് ജോലിചെയ്യുന്നത്. ചികിത്സാ ആവശ്യത്തിലേക്കാണ് ഇവർ കൊച്ചിയിലെത്തിയത്. ഇന്നലെ മടങ്ങേണ്ടതിനാൽ ചെരിപ്പും മറ്റ് ഏതാനും അത്യവശ്യസസാധനങ്ങളും വാങ്ങാനാണ് ഇവർ കാറുമായി പുറപ്പെട്ടത്. സാധനങ്ങൾ വാങ്ങി തിരിച്ചെത്തിയപ്പോഴാണ് ദമ്പതികൾ കാറിന്റെ ഗ്ലാസ്സ് തകർത്ത് കവർച്ച നടത്തിയ വിവരം അറിയുന്നത്. ഫോണിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷ സംവിധാനങ്ങൾ പ്രകാരം എപ്പോൾ ഓണാക്കിയാലും ഉടമയ്ക്ക് സന്ദേശം ലഭിക്കും. ഇതിലാണ് ഇപ്പോൾ പൊലീസിന്റെ പ്രതീക്ഷ.