- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാധാരണ വീടിനെ ആഡംബരവീടെന്ന് വിളിച്ച് അധിക്ഷേപിച്ചു; ഔദ്യോഗിക വിദേശയാത്രയെ വിനോദസഞ്ചാരം എന്നു പറഞ്ഞ് നാറ്റിച്ചു; മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി കൊച്ചി മേയർ; ചരട് വലിക്കുന്നത് പ്രസ് ക്ലബ് വിവാദത്തിന്റെ സൂത്രധാരനായ പൊലീസ് ഓഫീസർ
നഗരത്തിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ മേയർ നാടുവിട്ടാൽ അത് വാർത്തയാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഒരു മാദ്ധ്യമത്തിന്റെ ചുമതലയല്ലേ? കൊച്ചി മേയർ ഇങ്ങനെ നാടുവിട്ടത് ഒരു തവണയല്ല, പലതവണയാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപതിലധികം തവണയാണ് കൊച്ചി മേയർ വിദേശയാത്ര നടത്തിയതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ചിലതൊക്കെ ഔ
നഗരത്തിൽ പ്രധാന പരിപാടികൾ നടക്കുമ്പോൾ മേയർ നാടുവിട്ടാൽ അത് വാർത്തയാക്കേണ്ടത് ഉത്തരവാദിത്തമുള്ള ഒരു മാദ്ധ്യമത്തിന്റെ ചുമതലയല്ലേ? കൊച്ചി മേയർ ഇങ്ങനെ നാടുവിട്ടത് ഒരു തവണയല്ല, പലതവണയാണെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഇരുപതിലധികം തവണയാണ് കൊച്ചി മേയർ വിദേശയാത്ര നടത്തിയതായി ഞങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ ചിലതൊക്കെ ഔദ്യോഗിക ആവശ്യത്തിന് വേണ്ടിയായിരുന്നു. എന്നാൽ ചിലതാകട്ടെ, വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടിയും. ഇതിന് പിന്നാലെയാണ് മേയർ കൊച്ചിയിൽ ആഡംബരമാളിക പണിതതായി മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് വാർത്തകളും നിഷേധിക്കാൻ മേയർ ടോണി ചമ്മണി ഇന്നേവരെ ശ്രമിച്ചിട്ടുമുണ്ടായിരുന്നില്ല.
എന്നാൽ പെട്ടെന്നൊരു ദിവസം മറുനാടൻ മലയാളിക്കെതിരെ പരാതിയുമായി മേയർ രംഗത്തെത്തിയിരിക്കുകയാണ്. മേയറെ അപമാനിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് മറുനാടൻ അടക്കം മൂന്ന് ഓൺലൈൻ പോർട്ടലുകൾക്കെതിരെയും ഈ വാർത്തകൾ ഷെയർ ചെയ്ത ആയിരത്തോളം വായനക്കാർക്കെതിരെയുമാണ് മേയർ ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. വിദേശ സന്ദർശനം നടത്തിയിട്ടില്ലെന്ന് പറയുകയോ വീട് പണിതില്ലെന്ന് പറയുകയോ ചെയ്യാതെയാണ് ഈ രണ്ട് ആരോപണങ്ങളും അപമാനകരം എന്നുകാട്ടി മേയർ കഴിഞ്ഞ ദിവസം എറണാകുളം റേഞ്ച് ഐജി, സിറ്റി പൊലീസ് കമ്മീഷണർ, ഡിജിപി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ പകർപ്പ് മേയർ പത്രങ്ങൾക്ക് പ്രസിദ്ധീകരിക്കാൻ നൽകിയിട്ടുണ്ട്. ആ പരാതിയാണ് ഈ വാർത്തയിൽ ചേർക്കുന്നത്.
മേയറുടെ വിദേശയാത്രയെക്കുറിച്ചും ആഡംബരവീടിന്റെ നിർമ്മാണത്തെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങൾ പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസിനുള്ളിൽ തന്നെ ഇക്കാര്യത്തിൽ മേയർക്കെതിരായി പലവട്ടം പരാതികളും ഉയർന്നിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് കോൺഗ്രസിന്റെ കൊച്ചിയിലെ നേതാക്കൾ പരാതി പറയുകയും ചെയ്തു. ഈ വിവരമെല്ലാം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ദേശാഭിമാനി അടക്കമുള്ള മാദ്ധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 25നാണ് കൊച്ചി മേയറുടെ മണിമാളികയെക്കുറിച്ചും ഇതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ കെപിസിസി പ്രസിഡന്റിന് പരാതി അയച്ചതിനെക്കുറിച്ചും വാർത്ത പ്രസിദ്ധീരിച്ചത്.
മേയറായ ശേഷമാണ് ടോണി ചമ്മണി ഉദയ നഗറിൽ എട്ട് സെന്റ് സ്ഥലം വാങ്ങിയതെന്നും ഒരു വർഷത്തിനകം കോടികൾ മുടക്കി ഈ ഭൂമിയിൽ മാളിക പണിയാൻ വരുമാനം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡന്റിന് നൽകിയ പരാതിയിൽ പറയുന്നതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മണിമാളിക പണിയാൻ കെപിസിസിയുടെ അനുമതി വാങ്ങിയിട്ടുണ്ടോ എന്നും ചോദ്യമുയർന്നിരുന്നു. പരാതിയും വിവാദങ്ങളും ഭയന്ന് ഗൃഹപ്രവേശന ചടങ്ങിൽ കൗൺസിലർമാരെയും മുതിർന്ന നേതാക്കളെയും നഗരസഭയിലെ കരാറുകാരെയും മാത്രമേ ക്ഷണിച്ചുള്ളുവെന്നും ദേശാഭിമാനി വാർത്തയിലുണ്ട്. കലൂരിലെ റസിഡൻഷ്യൽ ഏരിയയിൽ 3300ൽ പരം ചതുരശ്ര അടിയിൽ നിർമ്മിച്ച മൂന്നുനില വീടിന്റെ കുടിയിരിക്കൽ ചടങ്ങ് കഴിഞ്ഞതോടെ സംഭവം വിവാദമായി. മൂന്ന് നിലകളുള്ള വീട്ടിൽ 5 കിടപ്പുമുറികളും, ലിഫ്റ്റും, മിനി തിയേറ്ററും ഉണ്ടെന്നാണ് കോൺഗ്രസിലെ ഐ ഗ്രൂപ്പ് ആരോപിച്ചത്.
എന്നാൽ ദേശാഭിമാനിക്കെതിരെ ചെറുവിരലനക്കാതെ മറുനാടൻ മലയാളിക്കെതിരെ പരാതി നൽക്കാൻ തയ്യാറായതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളാണുള്ളത്. ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട, ജനങ്ങൾ തെരഞ്ഞെടുത്ത ഒരു ഭരണാധികാരി ജനങ്ങളുടെ കാര്യങ്ങളെല്ലാം മറന്ന് സ്വന്തം കാര്യങ്ങൾക്കുവേണ്ടി സമയം ചെലവഴിക്കുന്നത് കണ്ടെത്തിയാൽ അത് പൊതുശ്രദ്ധയിൽപെടുത്തേണ്ടത് ഉത്തരവാദിത്തമുള്ള മാദ്ധ്യമങ്ങളുടെ ധർമമാണ്. ജനപക്ഷത്ത് നിലകൊള്ളുന്ന മാദ്ധ്യമന്നെ നിലയിൽ ഈ ധർമം നിറവേറ്റുകയാണ് മറുനാടൻ മലയാളി ചെയ്തത്.
കോൺഗ്രസ് നേതൃത്വത്തിന്റെയാകെ ശ്രദ്ധയിൽ ഈ വിഷയം വന്നിട്ടും ദേശാഭിമാനി ഉൾപ്പെടെ ഇത് റിപ്പോർട്ട് ചെയ്തിട്ടും കൊച്ചി മേയർ മൗനം പാലിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഈ പരാതി നൽകിയിരിക്കുന്നതിന് പിന്നിൽ മറുനാടൻ മലയാളിക്കെതിരായ ഗൂഢാലോചനയുടെ മറ്റൊരു മുഖമാണ് വെളിപ്പെടുന്നത്. പ്രസ് ക്ലബ് ബാർ വിവാദത്തിൽ മറുനാടൻ മലയാളിക്കെതിരായി നിലപാടെടുത്ത ചില മാദ്ധ്യമപ്രവർത്തകർക്ക് പിന്തുണയേകിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിൽ. മേയർക്കെതിരായി വ്യാജവാർത്ത ചമച്ചുവെന്നാരോപിച്ച് മറുനാടൻ മലയാളിയെ കുടുക്കാനുള്ള തന്ത്രമാണ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടക്കുന്നത്. പ്രസ് ക്ലബ്ബ് ബാറിനെതിരെ നിലപാടെടുത്ത മാദ്ധ്യമ പ്രവർത്തനകൻ അജയകുമാറിനെ കള്ളക്കേസിൽ കുടുക്കാൻ നേതൃത്വം നൽകിയ പൊലീസ് ഓഫീസർ പ്രസ്‌ക്ലബ്ബ് വിവാദത്തിന്റെ പേരിൽ മറുനാടനോട് പകവീട്ടാനായി ഉണ്ടാക്കിയതാണ് ഈ കേസ് എന്നാണ് റിപ്പോർട്ട്.
ഈ പൊലീസ് ഉദ്യോഗസ്ഥനും കൊച്ചി മേയറുമായി ചർച്ച ചെയ്ത സമയത്ത് തന്നെ മറുനാടന് സൂചന ലഭിച്ചിരുന്നു. മേയറെ പരാതിക്കായി നിർബന്ധിച്ചത് ഈ പൊലീസ് ഓഫീസർ തന്നെയാണ്. ഇങ്ങനെ ഒരു പരാതി നൽകിയാൽ മറുനാടൻ എഡിറ്റർ അറസ്റ്റ് ചെയ്യുന്ന കാര്യം ഞാൻ ഏറ്റു എന്നാണ് ഉദ്യോഗസ്ഥൻ മേയർക്ക് വാക്ക്‌കൊടുത്തിരിക്കുന്നത് എന്നാണ് സൂചന. അതുകൊണ്ടാണ് ഇതേവാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനിയെ പരാതിയിൽ നിന്നും ഒഴിവാക്കിയത്. എന്നാൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച വാർത്ത പിൻവലിക്കാനോ ക്ഷമ പറയാനോ ഉദ്ദേശമില്ലെന്നാണ് മറുനാടൻ മലയാളി എഡിറ്ററുടെ നിലപാട്. എന്നു മാത്രമല്ല ഐടി ആക്ട് ദുരുപയോഗം ചെയ്ത് ഫേസ്‌ബുക്കിൽ കമന്റ് ഇട്ടവരെ വരെ പ്രതിചേർക്കാനുള്ള നീക്കത്തിനെതിരെ നിയമപോരാട്ടം നടത്തുമെന്നും എഡിറ്റർ അറിയിച്ചു.
നഗരത്തിൽ വിവിധ കാര്യങ്ങൾക്കായി വകുപ്പ് മന്ത്രിമാർ വരെ എത്തുമ്പോഴാണ് കൊച്ചി നഗരസഭാധ്യക്ഷൻ വിദേശയാത്രകൾക്ക് പോകുന്നതെന്നത് വൻ വിവാദമാണ് സൃഷ്ടിച്ചത്. നഗരവികസനവുമായി ബന്ധപ്പെട്ട് മന്ത്രി മഞ്ഞളാംകുഴി അലി കൊച്ചിയിൽ യോഗം വിളിച്ച അവസരത്തിലാണ് മേയർ നേരത്തെ വിദേശത്തേക്ക് പോയത്. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ അടയ്ക്കുന്ന കാര്യം ചർച്ച ചെയ്യാൻ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യോഗം വിളിച്ചപ്പോഴും കൊച്ചി മേയർ വിദേശ പര്യടനത്തിലായിരുന്നു. മേയറുടെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും മറുനാടൻ മലയാളി എഡിറ്റർ അറിയിച്ചു.