കൊച്ചി : കൊച്ചിയിൽ മഴക്കാലമാണ്. തിമിർത്ത് പെയ്യുന്ന മഴ. ഈ മഴയിൽ സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ കോച്ച് സുരക്ഷിതമാണോ? അതെയെന്നാണ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന്റെ വിശദീകരണം.

കനത്ത മഴയെ തുടർന്ന് ചോർച്ചയുണ്ടായി എന്ന പ്രചാരണം തള്ളി കെഎംആർഎൽ. ട്രെയിനിൽ മഴയെ തുടർന്ന് ചോർച്ചയുണ്ടായിട്ടില്ലെന്നും എസി വെന്റിൽ നിന്നുമുണ്ടായ വെള്ളമാണിതെന്നും അധികൃതർ വിശദീകരിക്കുന്നു. കൊച്ചി മെട്രോയുടെ കോച്ചിൽ മഴയെ തുടർന്ന് ചോർച്ച സംഭവിച്ചെന്ന പേരിൽ സമൂഹമാധ്യമങ്ങൾ വഴി വിഡിയോ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കെഎംആർഎൽ രംഗത്തെത്തിയത്.

എയർ കണ്ടീഷണറിനിന്നും പുറത്തേക്കു പോകേണ്ട വെള്ളം ചില സാങ്കേതിക പ്രശ്‌നം കാരണം തിരികെ വന്നതാണ് ചോർച്ചയെന്ന പേരിൽ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതൊരു ചെറിയ പ്രശ്‌നമാണ്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിർമ്മാതാക്കളോട് പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കെഎംആർഎൽ അറിയിച്ചു.

പുതിയ ട്രെയിനുകളിൽ ഈ പ്രശ്‌നം ആവർത്തിക്കാതിരിക്കാൻ എസി പൈപ് മാറ്റും. ചോർച്ചയുണ്ടായെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ നിലവിൽ പ്രവർത്തിക്കുന്ന ട്രെയിനുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎംആർഎൽ അധികൃതർ അറിയിച്ചു.