തിരുവനന്തപുരം: കൊച്ചി മെട്രോയും ഇനി വസ്തു കച്ചടവത്തിലേക്ക് കടന്നേക്കും. കെ.എം.ആർ.എല്ലിനുള്ള നഷ്ടം നികത്താൻ നൽകിയ ഭൂമി സൗജന്യമായി പതിച്ചു നൽകിയതോടെയാണ് കൊച്ചി മെട്രോ ശതകോടികളുടെ ആസ്തിയുള്ള സ്ഥാപനമായി മാറുന്നത്. 30 വർഷത്തിനുശേഷം സ്ഥലവില തിരിച്ചുനൽകണം എന്ന ഉപാധിയോടെ 2012-ൽ നൽകിയ 138.38 കോടി ന്യായവിലയുള്ള 17.315 ഏക്കർ 2018-ൽ സൗജന്യമായി പതിച്ചുനൽകി. ഇതോടെ ഈ സ്ഥലമെല്ലാം വേണമെങ്കിൽ വിൽക്കാൻ കഴിയും.

യഥാർഥ വിപണിമൂല്യം 200 കോടിയിൽ കൂടുതൽവരും. 12 വർഷത്തിനുശേഷമേ ഭൂമി മറിച്ചുവിൽക്കാവൂ എന്ന ഉപാധിയും ഒഴിവാക്കിക്കൊടുത്തു. സമാനമായി 16 ഏക്കർകൂടി നൽകാനാണ് ഇപ്പോഴത്തെ ശ്രമം. കെ.എം.ആർ.എല്ലിന് സ്ഥലവികസനത്തിലൂടെ 98 കോടി സമാഹരിക്കാൻ സംസ്ഥാനസർക്കാർ ഭൂമി നൽകണമെന്ന കേന്ദ്രവുമായുള്ള വ്യവസ്ഥ മറയാക്കിയാണ് വസ്തു കൊടുക്കൽ. ഭൂമി പാട്ടമായി നൽകിയാലും മതിയായിരുന്നു. ഇതോടെ നഷ്ടമുണ്ടായാൽ അതിന്റെ പേരിൽ ഭൂമിക്കച്ചവടത്തിന് കൊച്ചി മെട്രോയ്ക്ക് അവസരം ഒരുങ്ങും

കൊച്ചിയിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 33 ഏക്കറിൽ 17.315 ഏക്കർ കെ.എം.ആർ.എല്ലിന് കമ്പോളവിലയായ 83.95 കോടിക്ക് പതിച്ചുനൽകാനായിരുന്നു മുൻ തീരുമാനം. ഈ തുക കെ.എം.ആർ.എല്ലിന് വായ്പ നൽകിയതായി കണക്കാക്കി 15 വർഷത്തേക്ക് മൊറട്ടോറിയം നൽകും. ഇതിനുശേഷം അഞ്ചുശതമാനം പലിശനൽകണം. എന്നാൽ, 30-ാം വർഷംമുതൽ അഞ്ച് തുല്യ ഗഡുക്കളായി സർക്കാരിലേക്ക് അടച്ചാൽമതി.

ധാരണ ഇങ്ങനെയായിരുന്നെങ്കിലും പിന്നീട് കെ.എം.ആർ.എല്ലിന്റെ ബാധ്യത കുറയ്ക്കാൻ ഈ ഭൂമി മറിച്ചുവിൽക്കുന്നതിന് അവർ അനുമതിതേടി. റവന്യൂവകുപ്പിന്റെ എതിർപ്പ് മറികടന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സെക്രട്ടറിമാരുടെ സമിതി ഇതിന് അനുകൂല നിലപാടെടുത്തു. സ്ഥലവില തിരിച്ചടയ്ക്കണമെന്നതുൾപ്പെടെ ഒരു വ്യവസ്ഥയുമില്ലാതെ മന്ത്രിസഭാ തീരുമാനപ്രകാരം ഭൂമി പതിച്ചുനൽകി. 2018 ഡിസംബറിലാണ് ഉത്തരവിറങ്ങിയത്. കേന്ദ്രവുമായുള്ള കരാർപ്രകാരം 98 കോടി രൂപ സമാഹരിക്കാനുള്ള സൗകര്യം മാത്രം ചെയ്തുകൊടുക്കേണ്ടതിനു പകരം സംസ്ഥാനസർക്കാർ 138 കോടിയിൽപ്പരം രൂപയുടെ ഭൂമി ദാനം നൽകുകയായിരുന്നുവെന്ന് മാതൃഭൂമിയാണ് വാർത്ത നൽകിയത്. ഇതോടെയാണ് ഭൂമികച്ചവടത്തിന്റെ സാധ്യതകൾ ചർച്ചയാകുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ കൊച്ചിയിലുള്ള 16 ഏക്കർ ഭൂമികൂടി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ കെ.എം.ആർ.എൽ. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളും ഇതിലുണ്ട്. 16 ഏക്കർ കൂടി വിട്ടുനൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് എതിർപ്പുണ്ട്. ഇത് മറികടന്ന് നൽകാനാണ് സർക്കാരിലെ ഉന്നതരുടെ നീക്കം. ഭാവിയിൽ കൊച്ചി മെട്രോയുടെ ഓഹരികൾ സ്വകാര്യ വ്യക്തികളിലേക്ക് എത്താനും സാധ്യതയുണ്ട്. അങ്ങനെ എങ്കിൽ സർക്കാരിന്റെ പൊന്നു വിലയുള്ള ഭൂമിയിന്മേലുള്ള അവകാശം സ്വകാര്യ വ്യക്തികൾക്ക് ചുളുവിൽ കിട്ടും.

കൊച്ചിയിലെ കണ്ണായ സ്ഥലത്തുള്ള ഭൂമി പലരും കണ്ണു വച്ചിട്ടുണ്ട്. എന്നാൽ ഇത് സർക്കാരിന് വിൽകാനോ സ്വകാര്യ വ്യക്തികൾക്ക് കൈമാറാനോ കഴിയില്ല. ഈ സാഹചര്യത്തിലാണ് കൊച്ചി മെട്രോയ്ക്ക് ഭൂമി നൽകി ആഗ്രഹമുള്ളവരിലേക്ക് ഭാവിയിൽ എത് എത്തിക്കാനുള്ള കള്ളക്കളിയെന്നാണ് ഉയരുന്ന ആരോപണം. ലോക് ഡൗൺ കാലത്തുകൊച്ചി മെട്രോ വലിയ നഷ്ടത്തിലാണ് ഓടുന്നത്. അതുകൊണ്ട് കൂടിയാണ് ഈ വസ്തു കൈമാറ്റത്തിന് പിന്നിൽ സംശയങ്ങളും ആശങ്കയും ഉയരുന്നതും.

വസ്തു പാട്ടത്തിന് കൊടുത്താൽ അത് ആർക്കും വിൽപ്പന നടത്താൻ കഴിയില്ല. അതിലെ എല്ലാം മുപ്പതു കൊല്ലത്തിന് ശേഷം സർക്കാരിന് തിരിച്ചു കിട്ടുകയും ചെയ്യും. എന്നിട്ടും കൊച്ചി മെട്രോയ്ക്ക് ഭൂമി എഴുതി നൽകുന്നതാണ് സംശയത്തിന് ഇടനൽകുന്നത്.