- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ഭരണാനുമതി; പിണറായി സർക്കാർ ആറ് വർഷത്തെ കാലതാമസം വരുത്തിയെന്ന് കുറ്റസമ്മതം; കൊച്ചിയിലെ വികസനം തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയാക്കിയത് സർക്കാരിന് തിരിച്ചടിയായി; ഭൂമി വിലയിലും മറ്റ് അനുബന്ധ ചെലവ്ക്കുമായി ഇനിയും പണം കണ്ടെത്തേണ്ടി വരും
തിരുവനന്തപുരം/കൊച്ചി: ഭരണത്തിലേറി ആറ് വർഷമായിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് ഭരണാനുമതി നൽകുന്നതിൽ കാലതാമസമുണ്ടായതായി സർക്കാരിന്റെ കുറ്റസമ്മതം. കാക്കനാട് വരെ മെട്രോ നീട്ടുന്നതിന് വേണ്ടി ഭൂമിയേറ്റെടുക്കാൻ 189 കോടി രൂപയ്ക്ക് പുതുക്കിയ ഭരണാനുമതി നൽകികൊണ്ട് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാർ മെട്രോയുടെ രണ്ടാം ഘട്ടത്തിനായി യാതൊന്നും ചെയ്തിട്ടില്ലായെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ് സർക്കാരിന്റെ പുതിയ നടപടി.
2015-ൽ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി വരുമ്പോൾ തന്നെ ഉമ്മൻ ചാണ്ടി സർക്കാർ രണ്ടാംഘട്ടത്തിൽ തൃക്കാക്കരയിലേക്കുള്ള എ്ക്‌സ്‌ടെൻഷൻ ആലോചിച്ചിരുന്നു. 2016 ഫെബ്രുവരി എട്ടിന് 189 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും നൽകിയിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കാൻ ഉമ്മൻ ചാണ്ടി സർക്കാരിന് കഴിഞ്ഞില്ല. എന്നാൽ, ഈ പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ ആറ് വർഷമായി പിണറായി സർക്കാർ ഒരു ചെറുവിരൽ പോലും അനക്കിയിരുന്നില്ല. മെട്രോയുടെ രണ്ടാംഘട്ടം നടപ്പിലാക്കാത്തതിനെക്കുറിച്ച് കോൺഗ്രസിന്റെ എംപിമാർ മറുപടി പറയണമെന്നായിരുന്നു വ്യവസായ മന്ത്രി രാജീവും കൂട്ടരും പ്രചരിപ്പിച്ചിരുന്നത്. ഈ കുപ്രചരണങ്ങൾ ശുദ്ധതട്ടിപ്പായിരുന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ പുതിയ ഉത്തരവിലൂടെ പുറത്തുവന്നിരിക്കുന്നത്.
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് മെട്രോയുടെ രണ്ടാം ഘട്ടം. എന്നാൽ, ഉമ്മൻ ചാണ്ടി സർക്കാരിന് ശേഷം തൊട്ടുപിന്നാലെ അധികാരത്തിൽ വന്ന പിണറായി വിജയന്റെ സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയും പദ്ധതി നടപ്പാക്കുന്നതിനും ആറ് വർഷമായി ഒരു നടപടിയും സ്വീകരിച്ചില്ലായെന്ന് ഗതാഗതവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ കുറ്റസമ്മതം നടത്തുന്നുണ്ട്. പദ്ധതിയുടെ പ്രൊപ്പോസൽ സമർപ്പിച്ചതുമുതൽ സ്ഥലം ഏറ്റെടുക്കുന്നത് വരെ ആറ് വർഷത്തെ കാലവിളംബം വന്നതിനാൽ ഭൂമിയുടെ വിലയിൽ ഗണ്യമായ വർധനവുണ്ടായതായി സർക്കാർ സമ്മതിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിലെ സർക്കാരിന്റെ ഇച്ഛാശക്തിയില്ലായ്മയുടെ ഏറ്റവും വലിയ തെളിവാണ് ഈ കാലതാമസം.
പദ്ധതിക്ക് ആറ് വർഷത്തെ കാലതാമസം വന്നതോടെ ഭൂമി വിലയിൽ 83.61 കോടി രൂപയുടെയും കെഎസ്ഇബി, വാട്ടർ അഥോറിറ്റി,ബിഎസ്എൻഎൽ, തുടങ്ങിയ സ്ഥാപനങ്ങളുടെ വസ്തുവകകൾ മാറ്റി സ്ഥാപിക്കുന്നതിനും മറ്റുമായി 56.18 കോടി രൂപയുടെ അധിക വർധനവ് സംഭവിച്ചിട്ടുണ്ട്. ഈ തുകകൾ ചേർത്ത് 332 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകണമെന്നാണ് കൊച്ചി മെട്രോ ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് മാത്രം 238,25,28,980 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
മെട്രോ വികസനത്തിനായി പ്രതിപക്ഷവും കൊച്ചിയിലെ എംപിയും ഒന്നും ചെയ്തില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് വ്യവസായ മന്ത്രി രാജീവും മറ്റ് സിപിഎം നേതാക്കളും പറഞ്ഞിരുന്നത്. ഹൈബി ഈഡൻ എംപിയായി ചുമതലയേറ്റെടുത്ത ശേഷം പാർലമെന്റിന്റെ അർബൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന് 2019 നവംബർ എട്ടിന് കത്ത് നൽകിയിരുന്നു. 2020 മാർച്ച് 17-നും പാർലമെന്റിന്റെ ശൂന്യ വേളയിൽ ഹൈബി ഈ വിഷയം ഉന്നയിച്ചിരുന്നു.
ഈ ഘട്ടത്തിലൊന്നും തന്നെ സംസ്ഥാന സർക്കാർ മെട്രോ പാതയുടെ രണ്ടാംഘട്ട വികസനത്തിനായി ഒരു തീരുമാനവും കൈക്കൊണ്ടിരുന്നില്ല. തങ്ങൾ വികസനം നടപ്പാക്കിയെന്ന പറച്ചിലല്ലാതെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചില്ലായെന്ന സർക്കാരിന്റെ കുറ്റസമ്മതവും കൂടിയാണ് പുതിയ ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ