കൊച്ചി: കൊച്ചി മെട്രോ പ്രതിദിനം ഏകദേശം 18 ലക്ഷം രൂപയോളം നഷ്ടത്തിലാണ് ഓടുന്നതെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാരും. ഇതോടെ കെ എസ് ആർ ടി സിയേക്കാൾ വലിയൊരു വെള്ളാനയായി കൊച്ചി മെട്രോ മാറുമെന്ന ആശങ്കയാണ് സജീവമാകുന്നത്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമാക്കുന്നുണ്ട്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതും പൊളിഞ്ഞാൽ കൊച്ചി മെട്രോ കേരളത്തിന് വലിയൊരു ബാധ്യതയാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തേയും കോഴിക്കോട്ടേയും ലൈറ്റ് മെട്രോ പ്രോജക്ടിലും സർക്കാർ തീരുമാനം കരുതലോടെ മാത്രമേ എടുക്കൂ.

മെട്രോയുടെ തൂണുകളിലും മീഡയനുകളിലും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുള്ള കരാർ നൽകിയത് ഇതര വരുമാന മാർഗ്ഗം കണ്ടെത്താനാണ്. നാഷണൽ ഹൈവേ അഥോറിറ്റിയുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള അനുമതി ലഭിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രോപ്പർട്ടി ഡെവലപ്പ്‌മെന്റിലും സജീവമാകും. ഇതിനായി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 17.315 ഏക്കർ ഭൂമി വിട്ടു നൽകുന്നത് സർക്കാർ പരിശോധിക്കുന്നുമുണ്ട്. ഇതിലൊക്കെ മാത്രമായി കൊച്ചി മെട്രോയുടെ സർക്കാരിന്റെ പ്രതീക്ഷകൾ ഒതുങ്ങുകയാണ്. ഈ പദ്ധതികളും പൊളിഞ്ഞാൽ ഖജനാവ് കാലിയാക്കുന്ന പദ്ധതിയായി ഇത് മാറും. കൊച്ചി മെട്രോയുടെ സ്ഥിതി ഇതാണെങ്കിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ സമ്പൂർണ്ണ പരാജയമാകുമെന്ന് തന്നെയാണ് സർക്കാരിന്റെ വിലയിരുത്തൽ.